പുതിയ ജി.സി.സി സെക്രട്ടറി ജനറൽ  ഞായറാഴ്ച ചുമതലയേൽക്കും

പുതിയ ജി.സി.സി സെക്രട്ടറി ജനറൽ നായിഫ് അൽഹജ്‌റഫ്
ജി.സി.സി സെക്രട്ടറി ജനറൽ പദവിയിൽ കാലാവധി പൂർത്തിയാക്കുന്നതോടനുബന്ധിച്ച് ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ സന്ദർശിക്കുന്നു. 

റിയാദ് - പുതിയ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫ് റിയാദ് ഗൾഫ് സഹകരണ കൗൺസിൽ ആസ്ഥാനത്ത് ഞായറാഴ്ച ചുമതലയേൽക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ മാസം റിയാദിൽ ചേർന്ന നാൽപതാമത് ഗൾഫ് ഉച്ചകോടി കുവൈത്തിന്റെ നോമിനിയായ ഇദ്ദേഹത്തെ  സെക്രട്ടറി ജനറൽ പദവിയിൽ നിയമിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. 2002 ൽ ബ്രിട്ടനിൽ നിന്ന് അക്കൗണ്ടൻസിയിൽ  ഡോക്ടറേറ്റ് നേടിയ നായിഫ് അൽഹജ്‌റഫ് 1997 ൽ അമേരിക്കയിൽനിന്ന് മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയിരുന്നു. 
ഗൾഫ് സയൻസ് ആന്റ് ടെക്‌നോളജി യൂനിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് ആയും കുവൈത്ത് സുപ്രീം പെട്രോളിയം കൗൺസിൽ അംഗമായും അബുദാബി റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനി സി.ഇ.ഒ ആയും കുവൈത്ത് ഓഹരി വിപണി ഫിനാൻഷ്യൽ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ഫെബ്രുവരിയിൽ വിദ്യാഭ്യാസ മന്ത്രിയായും 2012 ജൂലൈയിൽ ധനമന്ത്രിയായും നിയമിതനായി. 2012 ഡിസംബറിൽ വീണ്ടും വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായി. 2016 ഡിസംബറിൽ വിദ്യാഭ്യാസ മന്ത്രിയായി മൂന്നാമതും നിയമിതനായ ഡോ. നായിഫ് അൽഹജ്‌റഫ് 2017 ഡിസംബർ 11 ന് ധനമന്ത്രിയായി ചുമതലയേറ്റു.


ജി.സി.സി സെക്രട്ടറി ജനറൽ പദവിയിൽ കാലാവധി പൂർത്തിയാക്കി മടങ്ങുന്നതോടനുബന്ധിച്ച് ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി കഴിഞ്ഞ ദിവസം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ സന്ദർശിച്ചു. ഗൾഫ് രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിൽ തന്റെ സേവന കാലത്ത് നടത്തിയ പരിശ്രമങ്ങൾക്ക് ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിയെ സൽമാൻ രാജാവ് പ്രശംസിച്ചു. സേവന കാലത്ത് സൽമാൻ രാജാവിൽ നിന്ന് ലഭിച്ച സഹകരണത്തിനും പിന്തുണക്കും ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി രാജാവിന് നന്ദി പറയുകയും ചെയ്തു. 
ജി.സി.സി സെക്രട്ടറി ജനറൽ പദവിയിൽ കാലാവധി പൂർത്തിയാക്കുന്ന ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിയെ ബഹ്‌റൈൻ വിദേശ മന്ത്രിയായി നിയമിക്കുമെന്ന് ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരൻ അറിയിച്ചിട്ടുണ്ട്. 2005 മുതൽ ബഹ്‌റൈൻ വിദേശ മന്ത്രിയായി സേവനമനുഷ്ഠിച്ചുവരുന്ന ഖാലിദ് ബിൻ അഹ്മദ് അൽഖലീഫയുടെ പിൻഗാമിയായാണ് ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിയെ ഈ പദവിയിൽ നിയമിക്കുന്നത്. 


2001 ലാണ് ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി ജി.സി.സി സെക്രട്ടറി ജനറൽ പദവി ഏറ്റെടുത്തത്. 
കുവൈത്തിൽ നിന്നുള്ള അബ്ദുല്ല യഅ്ഖൂബ് ബിശാറയായിരുന്നു പ്രഥമ ജി.സി.സി സെക്രട്ടറി ജനറൽ. 1981 മെയ് 26 മുതൽ 1993 ഏപ്രിൽ വരെ പന്ത്രണ്ടു വർഷത്തോളം അബ്ദുല്ല ബിശാറ ജി.സി.സി സെക്രട്ടറി ജനറൽ പദവിയിൽ തുടർന്നു. 


1993 ഏപ്രിൽ മുതൽ 1996 ഏപ്രിൽ വരെ യു.എ.ഇയിൽ നിന്നുള്ള ഫാഹിം ബിൻ സുൽത്താൻ അൽഖാസിമിയും 1996 മുതൽ 2002 മാർച്ച് 31 വരെ സൗദിയിൽ നിന്നുള്ള ജമീൽ ഇബ്രാഹിം അൽഹുജൈലാനും 2002 ഏപ്രിൽ ഒന്നു മുതൽ 2011 മാർച്ച് 31 വരെ ഖത്തറിൽ നിന്നുള്ള അബ്ദുറഹ്മാൻ ബിൻ ഹമദ് അൽഅതിയ്യയും ജി.സി.സി സെക്രട്ടറി ജനറൽ പദവി വഹിച്ചു. 2011 ഏപ്രിൽ ഒന്നിനാണ് ബഹ്‌റൈനിൽ നിന്നുള്ള ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി ജി.സി.സി സെക്രട്ടറി പദവി ഏറ്റെടുത്തത്. 


 


 

Tags

Latest News