ഷാര്‍ജ തീരത്ത് എണ്ണ ടാങ്കറില്‍ അഗ്നിബാധ: ജീവനക്കാരെ രക്ഷപ്പെടുത്തി

യു.എ.ഇയില്‍ ഷാര്‍ജ തീരത്തുവെച്ച് തീ പടര്‍ന്നുപിടിച്ച എണ്ണ ടാങ്കര്‍.

ദുബായ് - ഷാര്‍ജ തീരത്തുവെച്ച് തീ പടര്‍ന്നുപിടിച്ച എണ്ണ ടാങ്കറിലെ ജീവനക്കാരെ അധികൃതര്‍ രക്ഷപ്പെടുത്തി. യു.എ.ഇ തീരത്തു നിന്ന് 21 മൈല്‍ അകലെ വെച്ചാണ് പനാമ പതാക വഹിച്ച കപ്പലില്‍ തീ പടര്‍ന്നുപിടിച്ചത്. സഹായം തേടിയുള്ള സന്ദേശം കപ്പലില്‍ നിന്ന് ലഭിച്ചയുടന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട കപ്പലില്‍ എണ്ണ ലോഡ് ഉണ്ടായിരുന്നില്ല.
അറ്റകുറ്റപ്പണിക്കിടെയാണ് കപ്പലില്‍ തീ പടര്‍ന്നുപിടിച്ചതെന്നാണ് വിവരമെന്ന് ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി-ലാന്റ് ആന്റ് മാരിറ്റൈം പ്രസ്താവനയില്‍ പറഞ്ഞു. കപ്പലിലെ തീയണക്കുന്നതിന് ശ്രമം തുടരുകയാണ്. അഗ്നിബാധയുടെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിന് ശരിയായ അന്വേഷണം പുരോഗമിക്കുകയാണെന്ന് നാഷണല്‍ മീഡിയ കൗണ്‍സിലിലെ മീഡിയ ആന്റ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജാബിര്‍ അല്ലംകി പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലു മണിക്കാണ് കപ്പലില്‍ തീ പടര്‍ന്നുപിടിച്ചത്. കപ്പലില്‍ നിന്ന് എത്ര ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയതെന്ന കാര്യം അറിവായിട്ടില്ല.


 

 

Latest News