നാലാം അങ്കത്തിന്  പാരഗ്വായ്

ഗ്രൂപ്പ് ബി-യിലെ മറ്റ് ടീമുകൾ: മാലി, ന്യൂസിലാന്റ്, തുർക്കി
വിളിപ്പേര്: ലോസ് ഗ്വാറനീസ്
കരുത്ത്: നല്ല ആക്രമണ നിര
കോച്ച്: ഗുസ്റ്റാവൊ മോറിനിഗൊ 

ഫിഫ അണ്ടർ-17 ലോകകപ്പിൽ പാരഗ്വായ്‌യുടെ നാലാമത്തെ പോരാട്ടമാണ് ഇത്. 1999 ൽ ന്യൂസിലാന്റിൽ നടന്ന ലോകകപ്പിലാണ് അവർ അരങ്ങേറിയത്. പാരഗ്വായ്‌യുടെ മികച്ച പ്രകടനവും അരങ്ങേറ്റ വർഷത്തിൽ തന്നെ, അഞ്ചാം സ്ഥാനം. തുടർന്ന് രണ്ട് തവണ ലോകകപ്പിൽ കളിച്ചപ്പോഴും അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല, 2001 ൽ ട്രിനിഡാഡ് ആന്റ് ടൊബാഗോയിലും 2015 ൽ ചിലെയിലും. 
ഇത്തവണ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തോടെയാണ് പാരഗ്വായ് ലോകകപ്പിന് ബെർത്തുറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ജയവും രണ്ട് സമനിലകളുമായി ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ അവർ അവസാന റൗണ്ടിൽ ബ്രസീലുമായും ഇക്വഡോറുമായും സമനില പാലിച്ചു. ചിലെയെയും വെനിസ്വേലയെയും തോൽപിക്കുകയും ചെയ്തു. ഒരു കളി ശേഷിക്കെ അവർക്ക് ഫൈനൽ റൗണ്ട് ബെർത്ത് ലഭിച്ചു. അതോടെ ഒന്ന് അയഞ്ഞ അവർ അവസാന മത്സരത്തിൽ കൊളംബിയയോട് 1-2 ന് തോറ്റു. 
ഗുസ്റ്റാവൊ മോറിനിഗോയാണ് പാരഗ്വായ്‌യുടെ കോച്ച്. പാരഗ്വായ്ക്കാരനായ ഗുസ്റ്റാവൊ മോറിനിഗൊ കളിക്കുന്ന കാലത്ത് മിഡ്ഫീൽഡറായിരുന്നു. 15 വർഷത്തെ പ്ലേയിംഗ് കരിയറിനിടെ അർജന്റീന, കൊളംബിയ എന്നിവിടങ്ങളിലെ ക്ലബ്ബുകളുടെയും ബൂട്ടണിഞ്ഞു. 1997 ൽ മലേഷ്യയിൽ നടന്ന ഫിഫ അണ്ടർ-20 ലോകകപ്പിലും 2002 ൽ ജപ്പാനിലും തെക്കൻ കൊറിയയിലുമായി നടന്ന സീനിയർ ലോകകപ്പിലും പാരഗ്വായ്ക്കു വേണ്ടി കളിച്ചു. 2011 ൽ വിരമിച്ചു. പിറ്റേ വർഷം കോച്ചിംഗിൽ അരങ്ങേറി. നാഷനാൽ, സെറൊ പോർടേനൊ ക്ലബ്ബുകളെയും പാരഗ്വായ്‌യുടെ അണ്ടർ-20 ടീമിനെയും പരിശീലിപ്പിച്ചു. 2016 ലാണ് പാരഗ്വായ് അണ്ടർ-17 ടീമിന്റെ കോച്ചായി ചുമതലയേറ്റത്. നന്നായി ആക്രമിക്കുന്ന ടീമാണ് പാരഗ്വായ്. ലാറ്റിനമേരിക്കയിൽനിന്ന് യോഗ്യത നേടിയ നാലു ടീമുകളിൽ രണ്ടാമത്തെ മികച്ച പ്രഹരശേഷി പാരഗ്വായ്‌യുടേതാണ്, ബ്രസീൽ മാത്രമാണ് മുന്നിൽ. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിനെതിരെ സ്‌കോർ ചെയ്ത ഏക ടീമും പാരഗ്വായ് തന്നെ. ഒരിക്കലല്ല, മൂന്നു തവണ. 

Latest News