വിദേശ തൊഴിലാളികൾ കാൻസറല്ല

വിദേശ തൊഴിലാളികൾ കാൻസറല്ല, വികസനപങ്കാളികളാണെന്ന ശൂറാ കൗൺസിൽ അംഗം ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആലുഅബ്ബാസിന്റെ പ്രസ്താവന ലക്ഷക്കണക്കായ വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രചോദനവും ആശ്വാസവുമാണ്. രാജ്യത്തെ കാർന്നുതിന്നുന്ന കാൻസറാണ് വിദേശികളെന്ന ആരോപണം ചില കോണുകളിൽനിന്നുയർന്ന സാഹചര്യത്തിലാണ് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആലു അബ്ബാസിന്റെ അഭിപ്രായമുണ്ടായിട്ടുള്ളത്. 3.4 കോടി വരുന്ന സൗദി ജനസംഖ്യയിൽ മുപ്പത് ശതമാനത്തിലേറെ വിദേശികളാണ്. അതായത് ഒരു കോടിയിലേറെ വിദേശികൾ. അതിൽ 26 ലക്ഷത്തോളം പേർ ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 


ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും പൗരന്മാർ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. അവർക്കെല്ലാം ഇക്കാലമത്രയും സ്വാഗതമോതുകയും എന്തു ജോലി ചെയ്യുന്നതിനും കിട്ടുന്നതത്രയും അവരവരുടെ രാജ്യങ്ങളിലേക്ക് അയക്കുന്നതിനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരു വേള സ്വദേശികളെ പിന്തള്ളിയായിരുന്നു തൊഴിലിടങ്ങളിൽ വിദേശികൾ മുന്നേറിയിരുന്നത്. സ്വദേശിക്കു ലഭിക്കുന്ന നികുതി ഇളവുകളുൾപ്പെടെ വിവേചന രഹിതമായി എല്ലാ ആനുകൂല്യങ്ങൾക്കും വിദേശികളും അർഹരായിരുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കും തൊഴിലില്ലായ്മാ വർധനക്കും കാരണമാകുന്നുവെന്ന ഭരണകർത്താക്കളുടെ തിരിച്ചറിവാണ് വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും തൊഴിലിടങ്ങളിലെ മേധാവിത്വത്തിന് കടിഞ്ഞാണിടാനും ഭരണകർത്താക്കളെ പ്രേരിപ്പിച്ചത്. ഇത് വിദേശികളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായെങ്കിലും തൊഴിലിടങ്ങളിൽ ഇന്നും വിദേശികൾക്ക് സ്ഥാനം ഉണ്ട്. അതുകൊണ്ടാണ് സിറിയ കഴിഞ്ഞാൽ സൗദിയിലെ വിദേശികളുടെ എണ്ണത്തിൽ ഇന്നും ഇന്ത്യ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. നിതാഖാത്തും സ്വദേശിവൽക്കരണവും ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്നും വിദേശ തൊഴിലാളികളുടെ അഭയ കേന്ദ്രമാണ് സൗദി അറേബ്യ. 


തൊഴിലിടങ്ങളിൽ സ്വദേശികൾക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ വിദേശികൾക്കു ഇന്നും സ്ഥാനമുണ്ട്. കാരണം ഈ രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കു വഹിച്ചിട്ടുള്ളവരാണ് വിദേശികളെന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമാണിത്. അതുകൊണ്ടു തന്നെ അവരെ തള്ളാനാവില്ലെന്നും എന്നാൽ പഴയ കാലത്തെ പോലെ അവിദഗ്ധ തൊഴിലാളികളുടെ തള്ളിക്കയറ്റം രാജ്യ താൽപര്യം മാനിച്ച് നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന കാഴ്ചപ്പാടാണ് വിദേശികളായ പലർക്കും പ്രതികൂല സാഹചര്യം സൃഷ്ടിക്കപ്പെടാനിടയാക്കിയത്. നിർമാണ, വികസന മേഖലകളിൽ നിസ്തുല പങ്കു വഹിക്കുന്നവരാണ് വിദേശികളെന്നും വിദഗ്ധരായ വിദേശ തൊഴിലാളികളെ രാജ്യത്തിന് ഇപ്പോഴും ആവശ്യമുണ്ടെന്നുമാണ് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആലു അബ്ബാസ് അഭിപ്രായപ്പെട്ടത്. 
വിമർശകർ സന്തുലനത്തോടെ സംസാരിക്കണമെന്നും വിദേശ തൊഴിലാളികളെ മോശക്കാരായി കാണാനും ചിത്രീകരിക്കാനും പാടില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തുകയുണ്ടായി. സൗദി സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദേശ തൊഴിലാളികളെ രാജ്യത്തിന് തുടർന്നും ആവശ്യമാണ്. സർക്കാർ സബ്‌സിഡികളും നികുതിയില്ലായ്മയും വിദേശങ്ങളിലേക്കുള്ള പണമയക്കൽ സ്വാതന്ത്ര്യവും അടക്കം രാജ്യത്തുള്ള പല ആനുകൂല്യങ്ങളും വിദേശികൾ പ്രയോജനപ്പെടുത്തുന്നുവെന്ന കാരണത്താൽ അവരെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥക്കു മുന്നോട്ടു പോകാനാവില്ല.

പകരം സാമ്പത്തിക വികസനത്തിലെ പങ്കാളികളായി വിദേശികളെ കണ്ടുകൊണ്ട് അവരുമായുള്ള ബന്ധം പുനഃക്രമീകരിക്കുകയാണ് വേണ്ടത്. സാമ്പത്തിക വികസനത്തിലും രാഷ്ട്ര നിർമാണത്തിലും കാര്യമായ സംഭാവനകൾ നൽകാത്ത പരാന്നഭോജികളായ വിദേശ തൊഴിലാളികളെ സൗദി അറേബ്യക്ക് ആവശ്യമില്ല.  നിയമാനുസൃത അവകാശങ്ങൾ രാജ്യത്തുനിന്ന് പ്രയോജനപ്പെടുത്തുകയും ബാധ്യതകൾ നിർവഹിക്കുകയും ചെയ്യുന്ന, സൗദി അറേബ്യക്ക് സേവനങ്ങൾ നൽകാൻ സാധിക്കുന്ന മികച്ച തൊഴിലാളികളെയാണ് രാജ്യത്തിന് തുടർന്നും ആവശ്യമെന്ന് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആലു അബ്ബാസ് കൂട്ടിച്ചേർക്കുകയുണ്ടായി. 
ഇതാണ് നാം തിരിച്ചറിയേണ്ടത്. സൗദിക്ക് ഇനി ആവശ്യം വിദ്യാസമ്പന്നരായ വിദഗ്ധ തൊഴിലാളികളെയാണ്. അത്തരക്കാർക്ക് സൗദിയിൽ ഇനിയും ഇടമുണ്ട്. അവർക്കായി സൗദിയുടെ വാതിലുകൾ തുറന്നിടുക തന്നെ ചെയ്യും. 


ഒരു കാലത്ത് ഇന്ത്യയുടെ പ്രത്യേകിച്ച,് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയിരുന്നത് എന്തു ജോലി ചെയ്യാനും തയാറായി നാടും വീടും വിട്ടുവന്ന സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളായിരുന്നു. സാങ്കേതിക വിദ്യയുടെ വികസനത്തോടെ അത്തരം തൊഴിൽ സാധ്യതകൾ കുറഞ്ഞ സാഹചര്യത്തിൽ അതിനൂതന സാങ്കേതിക വിദ്യകളിൽ നിപുണരായവർക്കാണ് ഇനി സാധ്യതകളുള്ളത്. അതിനു തക്കവിധം നമ്മുടെ തൊഴിൽ പ്രാവീണ്യം വളർത്തിയെടുക്കുകയും ഭാവി തലമുറയെ വാർത്തെടുക്കുകയും വേണം. സ്വദശികൾ എത്തിപ്പെടാൻ സാധ്യതയില്ലെന്ന് കരുതിയിരുന്ന മേഖലകളിൽപോലും അവരിന്ന് വേണ്ടുവോളമാണ്. അതിനു തക്ക പരിശീലനവും വിദേശ വിദ്യാഭ്യാസവും നൽകി സ്വദേശി പൗരന്മാരെ വാർത്തെടുത്തുകൊണ്ടാണ് തൊഴിലിടങ്ങളിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കിയത്. ആൺ, പെൺ ചേരിതിരിവില്ലാതെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി, വിദേശത്തയച്ചു പഠിപ്പിച്ചും മറ്റും സ്വദേശി ഉദ്യോഗാർഥികളെ തൊഴിൽ പ്രാപ്തരാക്കി മാറ്റുന്നതിൽ സൗദി ഭരണകർത്താക്കൾ വിജയിച്ചിരിക്കുകയാണ്. 


സൗദിയിൽ തൊഴിലില്ലായ്മാ നിരക്ക് തുടർച്ചയായി കുറഞ്ഞു വരാൻ കാരണമിതാണ്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12.9 ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 12 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ സാന്നിധ്യം വർധിച്ചതാണിതിനു കാരണം. 2030 ഓടെ തൊഴിലില്ലായ്മാ നിരക്ക് ഏഴു ശതമാനമായി കുറക്കുകയാണ് ലക്ഷ്യം. 


സ്വകാര്യ, പൊതുമേഖലകളുമായുള്ള പങ്കാളിത്തത്തിലൂടെ ചുരുങ്ങിയത് 15 ലക്ഷം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു. വിദേശികളുടെ തൊഴിൽ സാധ്യതകൾക്കു വീണ്ടും വീണ്ടും മങ്ങലേൽപിക്കുന്നതാണ് ഇതെങ്കിലും വിദേശികളും സൗദിയുടെ വികസനത്തിൽ അനിവാര്യമാണെന്ന തിരിച്ചറിവ് ഭരണകർത്താക്കൾക്കുള്ളത് പ്രതീക്ഷ നൽകുന്നതാണ്. അതു പ്രയോജനപ്പെടുത്താനുള്ള വൈദഗ്ധ്യം നേടിയെടുക്കാൻ നാം തയാറാവുകയും അതിനനുസരിച്ച് മാറുകയും ചെയ്താൽ എത്രയൊക്കെ തന്നെ സ്വദേശിവൽക്കരണം ഉണ്ടായാലും വിദേശികളുടെ ഇടം പൂർണമായും തുടച്ചു മാറ്റപ്പെടുകയില്ല. 
കാരണം ഇതു സഹിഷ്ണുതയുടെ നാടു കൂടിയാണ്. മാത്രമല്ല, സൗദി സമ്പദ് വ്യവസ്ഥയെ ഊറ്റിക്കുടിക്കുന്ന പരാന്നഭോജികളാണ് വിദേശ തൊഴിലാളികളെന്ന ചിലരുടെയെങ്കിലും വിമർശനങ്ങളുടെ മുന ഒടിക്കുകയും ചെയ്യാം. 

Latest News