കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിനി തൃശൂരിൽ

തിരുവനന്തപുരം- കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിനി തൃശൂരിൽ. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 
വുഹാനിൽ നിന്ന് തിരികെ വന്ന നാല് വിദ്യാർത്ഥികളിൽ ഒരു കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ കരുതൽ വേണമെന്നും ആളുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ഒരു വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പടർത്തരുതെന്നും മന്ത്രി അറിയിച്ചു.

റാപ്പിഡ് റെസ്പോൺസ് ടീമിന്‍റെ യോഗം കഴിഞ്ഞാലുടൻ ഉടൻ ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് തൃശ്ശൂരിലേക്ക് പോകും. മെഡിക്കൽ കോളേജാശുപത്രിയിലെ ഐസൊലേഷൻ വാർഡ് മികച്ച രീതിയിൽ സജ്ജീകരിക്കും. മെഡിക്കൽ ടീമിലേക്ക് കൂടുതൽ അംഗങ്ങളെ എത്തിക്കും. ഇനിയുള്ള കേസുകളെ നന്നായി നിരീക്ഷിക്കും.

മറ്റു നിര്‍ദ്ദേശങ്ങള്‍.

നല്ല ആരോഗ്യമുള്ളവർക്ക് പെട്ടെന്ന് ഭേദമാകാം, അവശതയുള്ളവർക്ക് ബുദ്ധിമുട്ടാകും 
നല്ല ആരോഗ്യമുള്ളവർക്ക് കൊറോണ വൈറസ് ബാധയേറ്റാൽ പെട്ടെന്ന് ചികിത്സിക്കാം. പക്ഷേ, അവശതയുള്ളവർക്ക് ബുദ്ധിമുട്ടാകും. വൃദ്ധർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ ശ്രദ്ധിക്കേണ്ടതാണ്.

ചുമ, പനി, ശ്വാസതടസ്സം എന്നിവ പ്രധാനലക്ഷണങ്ങൾ
ഈ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. രോഗിയെ കൃത്യമായി പരിചരിക്കും. ഇതുമായി ബന്ധപ്പെട്ട് സാമ്പിളുകൾ അയക്കേണ്ടതാണ്. ഒരാൾ പോലും കൊറോണവൈറസ് ബാധയേറ്റ് മരിക്കരുത്, അത് സംഭവിക്കരുതെന്നാണ് മുഖ്യമന്ത്രിയുടേയും നിർദേശം.

നിപയെ നേരിട്ടത് പോലെ ഇതിനെയും നേരിടാം, മടി പാടില്ല
കൃത്യമായി നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി. ചൈനയിൽ നിന്ന് വന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

കോണ്ടാക്ട് ട്രേസിംഗ് (CONTACT TRACING) വളരെ നിർണായകം
നിപ ബാധയുണ്ടായപ്പോൾ കൃത്യമായി ആളുകളെ കണ്ടെത്തി കോണ്ടാക്ട് കണ്ടെത്തി അവരെ നിരീക്ഷിക്കാനും കൃത്യമായി മാറ്റിനിർത്തി ചികിത്സിച്ചതിനാലാണ് അവരെ രക്ഷിക്കാനായത്. അത് പ്രധാനമാണ്.

ചൈനയിൽ നിന്ന് വന്നവരെല്ലാം റിപ്പോർട്ട് ചെയ്യണം
കുറച്ച് പേ‍ർ, ചൈനയിൽ നിന്ന് മടങ്ങിയെത്തിയതാണെന്ന് ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്ത് കൃത്യമായ പരിശോധനകൾ നടത്താൻ വഴിയൊരുക്കി. എന്നാൽ ചിലരത് ചെയ്തിട്ടില്ല. അത് ഗുരുതരമായ പിഴവാണ്. രോഗലക്ഷണങ്ങൾ പ്രകടമായി പുറത്തുവരുന്നതിന് മുമ്പേ പകരുന്നതാണ് കൊറോണ വൈറസ്. അതിനാൽ ആദ്യമേ മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

വിദ്യാർത്ഥി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ
വുഹാനിൽ നിന്ന് തിരികെ വന്ന നാല് വിദ്യാർത്ഥികളിൽ ഒരു കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ കുട്ടിയെ ഇപ്പോൾ ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണ് കുട്ടിയുള്ളത്.

ആകെ പരിശോധനയ്ക്ക് അയച്ച് നൽകിയത് 20 കേസുകളാണ്.
പ്രകടമായ രോഗലക്ഷണങ്ങൾ കാണിച്ച, ചൈനയിൽ നിന്ന് തിരികെ വന്ന, ആകെ 20 കേസുകളാണ് പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് രക്തസാമ്പിളുകൾ അയച്ച് നൽകിയത്. ഇതിൽ 10 കേസുകൾ നെഗറ്റീവായി തിരികെ ഫലം വന്നു. ഇതിൽ ആറ് പേരുടെ ഫലമാണ് ഇനി വരാനുള്ളത്. ഇതിൽ ഒരു റിസൽട്ടാണ് പോസിറ്റീവായി ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

വിദ്യാര്‍ഥി നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തു തന്നെ ആദ്യമായി സ്ഥിരീകരിക്കുന്ന കൊറോണ ബാധയാണിത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇന്നലെ അറിയിച്ചിരുന്നു. ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളില്‍ ആരുമായും സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ 28 ദിവസം കഴിയണമെന്നും മന്ത്രി പറഞ്ഞു.

പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ജില്ലകളില്‍ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെ എത്തണം. ചികിത്സാ സംവിധാനങ്ങളുടെ വിശദവിവരങ്ങള്‍ ദിശ 0471 2552056 എന്ന നമ്പരില്‍ ലഭ്യമാണ്.

സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു. അതില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 6 പേരുടെ ഫലം വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രആരോഗ്യമന്ത്രാലയവുമായി സംസ്ഥാനം ബന്ധപ്പെട്ടു വരികയാണ്. രോഗം ബാധിച്ച വിദ്യാർത്ഥിയുടെ വിശദാംശങ്ങളും തുടർചികിത്സ എങ്ങനെ വേണമെന്നതും പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്നതും അടക്കം വിശദമായ വിവരങ്ങളും പരിശോധിച്ച് വരികയാണ്.

നിരവധി മലയാളി വിദ്യാ‍ർത്ഥികൾ പഠിക്കുന്ന സർവകലാശാലയാണ് വുഹാൻ യൂണിവേഴ്‍സിറ്റി. ചൈനയിൽ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയതും, പിന്നീടത് പടർന്നുപിടിച്ചതും വുഹാൻ പ്രവിശ്യയിലാണ്.

    സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരുടെ കണക്ക് (ഇന്നലെ വൈകിട്ട് ലഭ്യമായത് വരെ) ഇങ്ങനെയാണ്:
    ആകെ സംസ്ഥാനത്തെമ്പാടും നിരീക്ഷണത്തിലുള്ളത് 806 പേരാണ്.
    ചൈനയിൽ നിന്ന് വന്നവരെയാണ് നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്
    ഇതിൽ 19 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്
    ഇതിൽ ഒമ്പത് പേരെ ഡിസ്ചാർജ് ചെയ്തു
    ബാക്കിയുള്ളവരെല്ലാം വീട്ടിലാണ് ചികിത്സയിലുള്ളത്
    16 പേരുടെ രക്തസാമ്പിളുകൾ പുനെ വൈറോളജി ലാബിൽ അയച്ചിരുന്നു
    അതിൽ പത്ത് പേരുടെ ഫലം വന്നിരുന്നു. അതെല്ലാം നെഗറ്റീവായിരുന്നു
    ഇനി വരാനുള്ളത് ആറ് പേരുടെ ഫലമാണ്
    ഇന്ന് നാല് ടെസ്റ്റ് റിസൽട്ടുകൾ പുറത്തുവന്നിരുന്നു
    ഇതിൽ മൂന്ന് പേരുടെയും നെഗറ്റീവാണ്, ഇതിൽ ഒന്നാണ് പോസിറ്റീവ് എന്നാണ് സംശയിക്കുന്നത്

Latest News