തൃശൂർ - രാവിലെ നടക്കാനിറങ്ങിയ 65 കാരിക്കു നേരെ ആർ.എസ്.എസ് പ്രവർത്തകന്റെ ആക്രമണം. മുല്ലക്കര സ്വദേശി ജമീലക്കു നേരെയാണ് അയൽവാസി കൂടിയായ കുമാരന്റെ മകൻ ബാബുട്ടൻ എന്നയാൾ ആക്രമണം നടത്തിയത്.
തടഞ്ഞു നിർത്തി മർദിക്കുകയും മുടിയിൽ പിടിച്ചു വലിച്ചു നിലത്തിട്ടു ചവിട്ടുകയും വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു. നിങ്ങൾ ഈ നാട്ടിൽ നിൽക്കേണ്ടവരല്ല നിങ്ങൾക്കിവിടെ നാടും വീടും ഇല്ല നിങ്ങൾ ഈ നാട് വിട്ടുപോകേണ്ടവരാണ് എന്ന എന്നു ആക്രോശിച്ചുകൊണ്ടാണ് മർദിച്ചതെന്ന് ജമീല പറഞ്ഞു.
ഇവരുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയാണ് ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. നാഭിയിൽ ചവിട്ടേറ്റതിനെ തുടർന്ന് കഠിനമായ വേദനയും മൂത്ര തടസ്സവും ഉണ്ടായതിനെ തുടർന്ന് പിന്നീട് ജമീലയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മദ്രസയിൽ പോകുന്ന വിദ്യാർഥികൾക്കുനേരെയും ഇയാൾ ആക്രമണത്തിന് തുനിഞ്ഞതായി ആരോപണമുണ്ട്. 'നിങ്ങളെ ഈ നാട്ടിൽ നിന്നും ഓടിക്കുമെന്ന് ' പറഞ്ഞ് കുട്ടികൾക്കു നേരെ പട്ടിയെ അഴിച്ചുവിടുകയായിരുന്നു.
മണ്ണുത്തി പോലീസിൽ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതിനിടെ, ഇയാളെ പോലീസ് മാനസിക രോഗിയാക്കി ചിത്രീകരിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ജമീലയുടെ ബന്ധുക്കൾ ആരോപിച്ചു.






