Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമ ഭേദഗതി: യൂറോപ്യന്‍ യൂനിയന്‍ വോട്ടെടുപ്പ് മാറ്റിവെച്ചു

ലണ്ടന്‍- ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന്‍മേല്‍ യൂറോപ്യന്‍ യൂനിയനില്‍ ഇന്ന് വോട്ടെടുപ്പ് നടക്കില്ല. ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് കരുതുന്നു, വോട്ടെടുപ്പ് മാറ്റിവെച്ചതായി യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു.
സി.എ.എ വിവേചനപരമാണെന്നും പ്രത്യേക സമുദായത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ആറ് പാര്‍ട്ടികള്‍ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്. ഇന്നലെ ഇതിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. വോട്ടെടുപ്പ് നടന്നിരുന്നുവെങ്കില്‍ വിജയിക്കുകയും ഇന്ത്യക്ക് അന്താരാഷ്ട്രതലത്തില്‍ വന്‍ തിരിച്ചടി ലഭിക്കുകയും ചെയ്യുമായിരുന്നു.
എന്നാല്‍ ഈ വിഷയം യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നുമുള്ള ശക്തമായ നിലപാട് ഇന്ത്യ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇ.യു നിലപാട് മാറ്റിയതെന്ന് കരുതുന്നു. മാര്‍ച്ചില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ മാത്രമേ ഇനി വിഷയം ചര്‍ച്ചക്കെടുക്കുകയും വോട്ടെടുപ്പ് നടക്കുകയുമുള്ളു.
വോട്ടെടുപ്പ് മാറ്റിവെച്ചത് കേന്ദ്രസര്‍ക്കാരിന്റെ വിജയമായി കരുതപ്പെടുന്നു. യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റില്‍ പാക്കിസ്ഥാന്റെ സുഹൃത്തുക്കള്‍ക്കുമേല്‍ ഇന്ത്യയുടെ സുഹൃത്തുക്കള്‍ വിജയം നേടിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സി.എ.എ സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാട് ഇ.യു വൃത്തങ്ങള്‍ ശരിയായി മനസ്സിലാക്കിയിരിക്കുന്നുവെന്ന് കരുതാമെന്നും അവര്‍ പറഞ്ഞു.

 

Latest News