Sorry, you need to enable JavaScript to visit this website.

ദുബായില്‍ ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ വെള്ളിയാഴ്ച

ദുബായ്- കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പ് വെള്ളിയാഴ്ച ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍-2020 എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. രാവിലെ ഏഴരമുതല്‍ 11.30 വരെ മംസാര്‍ ബീച്ച് റോഡിലാണ് മിനി മാരത്തോണ്‍.
സ്വദേശികളെയും വിദേശികളെയും ഒരുപോലെ പങ്കെടുപ്പിച്ച് മലയാളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മേളക്ക് ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ.), ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ദുബായ് പോലീസ്, ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ പിന്തുണയുമുണ്ട്. സി.ഡി.എയുടെ ഒട്ടേറെ പദ്ധതികളില്‍ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പ് ഇതിനകം സഹകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ ഈ രാജ്യവുമായുള്ള മലയാളികളുടെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുംകൂടി ഉള്ളതാണെന്ന് സംഘാടകസമിതി ഭാരവാഹികളായ പോള്‍ ടി. ജോസഫും മോഹന്‍ വെങ്കിട്ടും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യാ ക്ലബ്ബ് ചെയര്‍മാനും മലയാളിയുമായ സിദ്ധാര്‍ഥ് ബാലചന്ദ്രനാണ് ഗ്രേറ്റ് റണ്ണിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴിലുള്ള അല്‍ ഇബ്തിസാമ സെന്ററെന്ന സ്‌പെഷല്‍ സ്‌കൂളിനായി സഹായം എത്തിക്കുകയെന്ന ദൗത്യംകൂടി ഈ സംരംഭത്തിനുണ്ടെന്ന് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ പറഞ്ഞു.
രാവിലെ എട്ടിന് കോണ്‍സല്‍ ജനറല്‍ വിപുല്‍ മിനി മാരത്തണിന്റെ ഫഌഗ് ഓഫ് നിര്‍വഹിക്കും. പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് വഴി നടക്കും. രാവിലെ അവിടെയെത്തുന്നവര്‍ക്കും പങ്കെടുക്കാം.

 

Latest News