Sorry, you need to enable JavaScript to visit this website.

കൊറോണ ബാധിതര്‍ യു.എ.ഇയിലെത്തിയത് 16 ന്

ദുബായ്- യു.എ.ഇയില്‍ കൊറോണ വൈറസ് രോഗബാധിതരായ നാലുപേരടങ്ങുന്ന കുടുംബം ചൈനയിലെ വുഹാനില്‍നിന്ന് യു.എ.ഇയിലെത്തിയത് ജനുവരി 16 നാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജനുവരി 16 നാണ് ഈ കുടുംബം യു.എ.ഇയിലെത്തിയത്. 23 ന് അവര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു- ആരോഗ്യവകുപ്പ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും ആരോഗ്യപ്രതിരോധ മന്ത്രാലയത്തിലെ ദേശീയ സമിതി ചെയര്‍മാനുമായ ഡോ. ഹുസൈന്‍ അല്‍ റാന്‍ഡ് പറഞ്ഞു.
വിമാനത്താവളത്തില്‍ സ്‌ക്രീനിംഗിനിടെ നാല് രോഗികളെ തിരിച്ചറിഞ്ഞതാണോ അതോ ആശുപത്രിയില്‍ എത്തിയ ശേഷം വൈറസ് രോഗനിര്‍ണയം നടത്തിയപ്പോള്‍ കണ്ടുപിടിക്കപ്പെട്ടതാണോ എന്ന് വ്യക്തമായിട്ടില്ല. അവര്‍ എത്തിയ വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്ക് സ്‌ക്രീനിംഗ് നടത്തേണ്ടിവരുമോയെന്ന ചോദ്യത്തിന്, അത് ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുടുംബത്തെ ഐസോലേഷനിലാക്കി യു.എ.ഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആവശ്യമായ എല്ലാ പരിചരണങ്ങളും ലഭിക്കുന്നുണ്ടെന്നും ഡോ. ഹുസൈന്‍ പറഞ്ഞു. നാലുപേര്‍ എത്തിയ എമിറേറ്റിന്റെയോ ആശുപത്രിയുടെയോ പേര് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ല.
കൊറോണ വൈറസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കുന്നതിനെതിരെ ഡോ. ഹുസൈന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എല്ലാ പൗരന്മാരോടും താമസക്കാരോടും വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍നിന്ന് മാത്രം ശേഖരിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
കൊറോണ വൈറസ് ബാധ ഉണ്ടെങ്കില്‍ വൈദ്യപരിശോധനയും ചികിത്സയും യു.എ.ഇയില്‍ സൗജന്യമാണെന്നും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest News