Sorry, you need to enable JavaScript to visit this website.

ആക്ഷൻ ഹീറോയിൻ

ഐറിൻ ജോർജിനെ ഓർമയില്ലേ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരത്തിൽ സെന്റ് തെരേസാസ് കോളേജ് യൂനിയൻ ചെയർപേഴ്‌സൻ. ആ വേഷത്തിൽ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ അഭിനേത്രിയാണ് നീതാ പിള്ള.
താൻ പഠിക്കുന്ന കോളേജിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനായി അഞ്ചു വർഷമായി തുടർച്ചയായി നേടുന്ന കപ്പ് കൊണ്ടുപോകുന്നതു പോലെ തിരിച്ചെത്തിക്കും എന്ന വാശിയോടെയാണ് ഐറിനും കൂട്ടുകാരും മത്സരത്തിനെത്തുന്നത്. ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് വാക്കിലും പ്രവൃത്തിയിലും ശരീര ഭാഷയിൽ പോലും കാണിച്ചുതരുന്നുണ്ട് ഐറിനായി വേഷമിട്ട നീത. കലോത്സവത്തിന്റെ വീറും വാശിയും സ്‌നേഹ സൗഹാർദവും ഒത്തൊരുമയുമെല്ലാം ഭംഗിയായി അവതരിപ്പിച്ച നീത ആദ്യ ചിത്രത്തിലൂടെ തന്നെ എല്ലാവരുടെയും കൈയടി നേടുകയായിരുന്നു.
കാളിദാസ് ജയറാം അവതരിപ്പിക്കുന്ന ഗൗതം മഹാരാജാസിനെ പ്രതിനിധീകരിച്ചാണ് കലോത്സവത്തിനെത്തിയതെങ്കിലും ഒടുവിൽ മറ്റു ചില പ്രശ്‌നങ്ങൾ കാരണം മത്സരത്തിൽ പങ്കെടുക്കാനാവാതെ മടങ്ങുമ്പോൾ നീതയും കൂട്ടുകാരും വീണ്ടുമൊരിക്കൽ കൂടി ആ കപ്പിൽ മുത്തമിടുകയാണ്.
തൊടുപുഴക്കാരിയായ നീത പിള്ള ബാംഗ്ലൂരിൽ നിന്നും എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി അമേരിക്കയിലെ ലൂസിയാന സർവകലാശാലയിൽനിന്നും പെട്രോളിയം എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പഠനത്തിനിടയിൽ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം റണ്ണർ അപ്പ് കിരീടം നേടുകയും ചെയ്തു. തുടർന്ന് ഒട്ടേറെ നിരവധി പരസ്യ ചിത്രങ്ങൾക്ക് മോഡലായി മാറിയ നീത എബ്രിഡ് ഷൈന്റെ ശ്രദ്ധയിൽ പെട്ടതാണ് പൂമരത്തിലേക്ക് വഴിയൊരുക്കിയത്.
പൂമരത്തിനു ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന ദ കുങ്ഫു മാസ്റ്ററിലും നായികയായി വേഷമിടുന്നത് നീതയാണ്. ആദ്യ ചിത്രത്തിൽനിന്നും തികച്ചും വ്യത്യസ്തമായി ഒരു ആക്ഷൻ ചിത്രമാണ് കുങ്ഫു മാസ്റ്റർ. ഉത്തരാഖണ്ഡ് സ്വദേശിയും കുങ്ഫുവിൽ പരിശീലനം നേടിയിട്ടുമുള്ള ഋതുറാം എന്ന കഥാപാത്രത്തെയാണ് നീത അവതരിപ്പിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് നീത പറയുന്നു.

ഋതുറാമിനെക്കുറിച്ച്?
പൂമരം പൂർത്തിയായപ്പോൾ അടുത്ത ആക്ഷൻ ചിത്രത്തെക്കുറിച്ച് ഷൈൻ സാർ പറഞ്ഞിരുന്നു. ആക്ഷൻ വേഷം ചെയ്യാൻ താൽപര്യമുണ്ടോ എന്നും അന്വേഷിച്ചു. മാർഷൽ ആർട്‌സിൽ താൽപര്യമുണ്ടായിരുന്നതുകൊണ്ട് അപ്പോൾ തന്നെ സമ്മതവും മൂളി. സ്‌കൂൾ കാലം തൊട്ടേ സ്‌പോർട്‌സിലും അത്‌ലറ്റിക്‌സിലുമെല്ലാം പങ്കെടുത്തിരുന്നതുകൊണ്ട് പ്രയാസം തോന്നിയില്ല. എം.ബി.എക്ക് യു.എസിൽ അഡ്മിഷൻ കിട്ടിയിരുന്നുവെങ്കിലും പൂമരത്തിന്റെ ചിത്രീകരണം നീണ്ടുപോയതിനാൽ ജോയിൻ ചെയ്യാനായില്ല. അതിനാൽ ഈ സിനിമയിലും വേഷമിടാമെന്ന് തീരുമാനിക്കുകയായിരുന്നു.

മറ്റു ചിത്രങ്ങൾ?
ഈ ചിത്രത്തിനു വേണ്ടി കരാറായ ശേഷം പല ചിത്രങ്ങളിലേക്കും അവസരം ലഭിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിനു വേണ്ടി ഒരു വർഷത്തോളം കുങ്ഫു പരിശീലിക്കേണ്ടി വന്നു. ആദ്യം കിക്ക് ബോക്‌സിംഗായിരുന്നു പഠിച്ചത്. പിന്നീട് തായ്‌കോണ്ടോയും കരാട്ടെയും പഠിച്ചു. അതിനു ശേഷമാണ് കുങ്ഫുവിലേക്ക് കടന്നത്. കഥാപാത്രത്തിനു വേണ്ടി മാനസിക തയാറെടുപ്പിലുപരി ശാരീരികമായ പാകപ്പെടുത്തലായിരുന്നു ഏറെയും വേണ്ടിയിരുന്നത്. അതിനാൽ മറ്റു ഓഫറുകളൊന്നും സ്വീകരിച്ചില്ല.

പ്രതികാരത്തിന്റെ കഥയാണോ?
തീർച്ചയായും. ഞാൻ അവതരിപ്പിച്ച ഋതു എന്ന കഥാപാത്രത്തിലൂടെയുള്ള യാത്രയാണ് ഈ ചിത്രം. ലൂയിസ് ആന്റണി എന്ന കൊടും ക്രിമിനലും സംഘവും നടത്തുന്ന അതിക്രമങ്ങൾ ആ നാട്ടിൽ സാധാരണമായിരുന്നു. വിങ്ചുൻ കുങ്ഫു എന്ന ആയോധനകല അഭ്യസിപ്പിക്കുന്ന ഋഷിക്കും അദ്ദേഹത്തിന്റെ സഹോദരി ഋതുവിനും നേരെയും ഇവരുടെ ആക്രമണമുണ്ടാകുന്നു. തന്റെ സംഘത്തിലുള്ളവരെക്കുറിച്ച് പോലീസിന് വിവരം നൽകുന്നു എന്നറിഞ്ഞ ലൂയിസും സംഘവും ഋഷിയുടെ അച്ഛനെയും ഗർഭിണിയായ ഭാര്യയെയും മകനെയും കൊല്ലുന്നു. പോരാത്തതിന് ഋഷിയെ മർദിച്ച് മൃതപ്രായനാക്കുന്നു. തുടർന്നുള്ള പ്രതികാരമാണ് ചിത്രത്തിന്റെ കാതൽ.

കഥാപാത്രത്തിനു വേണ്ട തയാറെടുപ്പുകൾ?
ഈ കഥാപാത്രത്തിനു വേണ്ടി ഏറ്റവും ആവശ്യമായത് മാർഷ്യൽ ആർട്‌സായിരുന്നു. സിനിമക്കുവേണ്ടി അത് ഞാൻ പഠിച്ചെടുത്തു. ഏറ്റവുമധികം പരിശീലിച്ചത് കുങ്ഫുവായിരുന്നു. കിക്ക് ബോക്‌സിങും തായ്‌കോണ്ടോയും ജൂഡോയും കരാട്ടെയുമെല്ലാം കുങ്ഫു പഠനത്തിന് സഹായകമായി. സ്‌കൂൾ പഠന കാലത്ത് സ്‌പോർട്‌സിൽ ശ്രദ്ധ ചെലുത്തിയത് ഇത്തരം പഠനങ്ങൾക്ക് കരുത്തായി.

സംവിധായകന്റെ സഹകരണം?
എബ്രിഡ് ഷൈൻ സാറിന്റെ ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങിയത്. രണ്ടാമത്തെ ചിത്രവും അദ്ദേഹത്തിന്റെയൊപ്പമായത് സഹായമായി. സാറിന്റെ രീതികൾ എനിക്കും എന്റെ ശൈലി സാറിനും നന്നായി അറിയാമായിരുന്നതുകൊണ്ട് ചിത്രീകരണം കംഫർട്ടബിളാക്കി. ഉദ്ദേശിക്കുന്ന റിസൾട്ട് കിട്ടുന്നതുവരെ ടേക്ക് എടുത്തിട്ടുണ്ട്. അതു കിട്ടുന്നതു വരെ അദ്ദേഹം കാത്തിരിക്കുകയും ചെയ്യും. തിരക്കില്ലാതെയും ബുദ്ധിമുട്ടിക്കാതെയും വേണ്ടത്ര സ്വാതന്ത്ര്യം തന്ന് എല്ലാവരുമായും അദ്ദേഹം സഹകരിച്ചു. അതിന് ഫലവുമുണ്ടായി.

വെല്ലുവിളിയായത്?
മാർഷ്യൽ ആർട്‌സിൽ ഞാൻ പഠിച്ച പാഠങ്ങൾ അവതരിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഫൈറ്റ് ചെയ്യേണ്ടിയിരുന്നവരിൽ പലരും ശരിക്കും നല്ല ഫൈറ്റേഴ്‌സായിരുന്നു. അവരുടെ പെർഫോർമൻസിനൊപ്പം ഉയരുക എന്നതായിരുന്നു പ്രധാനം. ഏറെക്കുറെ പിടിച്ചുനിൽക്കാനായി എന്നാണെന്റെ പ്രതീക്ഷ.

അപകട സാധ്യത?
ഏറെയുണ്ടായിരുന്നു. കാര്യമായ മുൻകരുതലുകളൊന്നുമില്ലാതെയാണ് ഫൈറ്റ് ഷൂട്ട് ചെയ്തിരുന്നത്. എതിരാളി ഇടിക്കുമ്പോൾ ബ്ലോക്ക് ചെയ്തില്ലെങ്കിൽ ആ ഇടി നമുക്കു കിട്ടും. ഒരു സെക്കന്റ് മനസ്സ് വഴി മാറിയാൽ ഇടി ഉറപ്പാണ്. ഒരു തവണ ഇത്തരത്തിൽ ഒരു ഇടി എന്റെ കണ്ണിലാണ് കൊണ്ടത്. ശക്തിയേറിയ ഇടിയായതിനാൽ ബോധം മറഞ്ഞ് നിലത്തു വീണുപോയി.
ഹിമാലയൻ താഴ്‌വരയിലായിരുന്നു ചിത്രീകരണം നടന്നത്. മഞ്ഞിൽ നിന്നുകൊണ്ടുള്ള സീൻ പലതും ആവർത്തിച്ചപ്പോൾ കാലിൽ രക്തയോട്ടം കുറഞ്ഞ് നീരു വന്നു. കുറെ ദിവസത്തേക്ക് കാല് നിലത്തു കുത്താനാവുമായിരുന്നില്ല. മറ്റൊരിക്കൽ കാൽ വിരലിന്റെ ലിഗ്‌മെന്റ് തെറ്റി പ്ലാസ്റ്ററിടേണ്ടിവന്നു. പിന്നീട് ചെറിയൊരു വീഴ്ച പറ്റിയപ്പോൾ കൈയുടെ കുഴ തെറ്റി ഫിസിയോതെറാപ്പി ചെയ്യേണ്ടിവന്നു. ഇത്തരത്തിൽ ഏറെ അപകടങ്ങൾ തരണം ചെയ്താണ് ചിത്രം പൂർത്തിയാക്കിയത്.

അടുത്ത ചിത്രം?
അവതരിപ്പിച്ച രണ്ടു കഥാപാത്രങ്ങളും നല്ലതായിരുന്നു. അതുപോലുള്ള ശക്തമായതും വെല്ലുവിളികൾ നിറഞ്ഞതുമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇഷ്ടം. നല്ല കഥയും കഥാപാത്രങ്ങളുമെത്തിയാൽ തീർച്ചയായും അവതരിപ്പിക്കും. സ്‌ക്രിപ്റ്റുകൾ പലതും വരുന്നുണ്ട്. മനസ്സിനിണങ്ങിയ വേഷങ്ങൾ എത്തിയാൽ ചെയ്യും. ഇതുവരെയൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

കുടുംബ വിശേഷങ്ങൾ?
റിട്ടയേർഡ് എൻജിനീയറായ വിജയനാണ് അച്ഛൻ. അമ്മ മഞ്ജുള ഡി. നായർ ഫെഡറൽ ബാങ്കിൽ ജോലി നോക്കുന്നു. അനിയത്തി മനീഷ എൻവയോൺമെന്റ് എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദ വിദ്യാർത്ഥിയാണ്.
 

Latest News