Sorry, you need to enable JavaScript to visit this website.

ഷഹീന്‍ ബാഗില്‍ പോയി സമരം ചെയ്ത്  ജീവിക്കൂ; മലയാളി തൊഴിലന്വേഷകന് മറുപടി 

ദുബായ്- ജോലി അന്വേഷിച്ചെത്തിയ മലയാളി എഞ്ചിനീയറോട് ഷഹീന്‍ ബാഗില്‍ പോയി സമരം ചെയ്ത് ജീവിക്കാന്‍ ആവശ്യപ്പെട്ട് തൊഴിലുടമ. തിരുവനന്തപുരം സ്വദേശി അബ്ദുല്ലയ്ക്കാണ് ഇന്ത്യക്കാരനായ വ്യവസായി ജയന്ത് ഗോഖലെയില്‍ നിന്ന് പരിഹാസം കലര്‍ന്ന മറുപടി ലഭിച്ചതെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.  സംഭവം സോഷ്യല്‍ മീഡിയയിലടക്കം കത്തിപ്പടര്‍ന്നതോടെ ജയന്ത് ഗോഖലെ അബ്ദുല്ലയോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. ദുബായിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
എഞ്ചിനീയറിങ് പാസായ ശേഷം ജോലി അന്വേഷിച്ചാണ് അബ്ദുല്ല സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. നിരവധി കമ്പനികളിലേക്ക് ജോലി അപേക്ഷ അയച്ചെങ്കിലും ജോലി പരിചയമില്ലാത്തവരെ നിയമിക്കാന്‍ കമ്പനികള്‍ക്ക് വിമുഖതയുണ്ടയിരുന്നു. ഇതിനിടെയാണ് ഇന്ത്യക്കാരനായ വ്യവസായിയില്‍ നിന്ന് വിചിത്രമായ മറുപടി ലഭിച്ചത്.
'നിനക്കെന്തിനാണ് ജോലി? ദല്‍ഹിയിലേക്ക് പോയി ഷഹീന്‍ബാഗില്‍ സമരത്തിന് ഇരുന്നുകൂടെ. എല്ലാ ദിവസവും ആയിരം രൂപയും സൗജന്യ ഭക്ഷണം, ബിരിയാണി, എത്രവേണമെങ്കിലും ചായ, പാല്‍ പിന്നെ ചിലപ്പോഴൊക്കെ മധുരപലഹാരങ്ങളും കിട്ടുമല്ലോ' എന്നായിരുന്നു ജയന്ത് ഗോഖലയുടെ മറുപടി. ഇ-മെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യപകമായി പ്രചരിച്ചു. ശഹീന്‍ ബാഗിലെ പ്രതിഷേധങ്ങളെ പുച്ഛിക്കുന്നതിലുപരിയായി ജോലി അന്വേഷിച്ചെത്തിയ ഒരാളുടെ മതം നോക്കി വിവേചനം കാണിക്കുകയും അപമാനിക്കുകയുമാണ് തൊഴിലുടമ ചെയ്തതെന്ന് നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.

Latest News