Sorry, you need to enable JavaScript to visit this website.

പ്രക്ഷോഭ കാലത്തെ  രാഷ്ട്രീയ സമവാക്യങ്ങൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായിക്കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭം ദേശീയതയുടെയും ഭരണഘടനയുടെയും സംരക്ഷണത്തോടൊപ്പം ജനങ്ങൾക്കിടിയിലെ ഐക്യത്തെ കുറിച്ചുമാണ് ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരൻമാർക്കിടയിൽ മതപരമായ ഭിന്നതയാണ് സൃഷ്ടിക്കുന്നതെങ്കിൽ അതിനെതിരായ പ്രക്ഷോഭം വൈജാത്യങ്ങൾ മറന്നു കൊണ്ടുള്ള ഒരുമയുടെ ആയുധമായി മാറിക്കൊണ്ടിരിക്കുകയാണ്. 


കേരളത്തിലെ രാഷ്ട്രീയ, സാമുദായിക രംഗങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഈ ഐക്യം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. മുസ്‌ലിം സമുദായ രംഗത്ത് ഈ ഐക്യപ്പെടൽ സന്തോഷത്തോടെയാണ് സ്വീകരിക്കപ്പെടുന്നതെങ്കിൽ രാഷ്ട്രീയ രംഗത്ത് ഇത് ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
സി.എ.എ വിരുദ്ധ സമരങ്ങൾക്ക് ശക്തി പകർന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ പ്രക്ഷോഭം വിവിധ മേഖലകളിലുണ്ടാക്കിയിട്ടുള്ള തിരയിളക്കങ്ങൾ ചരിത്രത്തിന്റെ ഭാഗമായി മാറുന്നതാണ്. നിലവിലുള്ള ചില സമവാക്യങ്ങളെ തന്നെ മാറ്റിമറിക്കുന്ന രീതിയിലാണ് പ്രക്ഷോഭം വളരുന്നത്. മലബാർ മേഖലയിൽ ഏറെ സ്വാധീനമുള്ള മുസ്‌ലിം സമുദായ സംഘടനകളുടെ ഐക്യമാണ് ഇതിൽ പ്രധാനം. 


ആശയപരമായി വലിയ വ്യത്യാസങ്ങളില്ലെങ്കിലും സംഘടനാപരമായി ഇരുചേരികളിൽ നിൽക്കുന്ന മുസ്‌ലിം സുന്നി വിഭാഗങ്ങൾ ഒരേ ചേരിയിൽ എത്തിയെന്നതാണ് മലബാർ മേഖലയിൽ കാണുന്ന പ്രക്ഷോഭത്തിന്റെ പ്രധാന കാഴ്ചകളിലൊന്ന്. സി.പി.എം നേതൃത്വം നൽകുന്ന സമരങ്ങളിൽ വിവിധ മുസ്‌ലിം സംഘടനകൾ പഴയ വൈരം മറന്ന് ഒന്നിക്കുന്നത് മലബാറിലെ മുസ്‌ലിം രാഷ്ട്രീയത്തിൽ ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമോ എന്ന സംശയങ്ങളും ഉയർത്തുന്നുണ്ട്. ഇത് കേരളത്തിലെ മുന്നണി കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലും ചർച്ചക്ക് വഴിവെക്കുന്നതാണ്. 
പ്രക്ഷോഭ വഴികളിൽ മുസ്‌ലിം സമുദായം ഒറ്റപ്പെടുമോ എന്ന ആശങ്ക അവർക്കിടയിൽ മുളപൊട്ടി തുടങ്ങിയ സമയത്തു തന്നെ നേതൃത്വത്തിന്റെ കുടയുമായി സി.പി.എം രംഗത്തിറങ്ങുകയായിരുന്നു. ആ കുടക്കീഴിലേക്ക് നീങ്ങി നിൽക്കാൻ മുസ്‌ലിം സമുദായ നേതാക്കൾക്ക് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. മലപ്പുറത്ത് സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ സുന്നി എ.പി വിഭാഗത്തിന്റെയും ഇ.കെ വിഭാഗത്തിന്റെയും പ്രമുഖ നേതാക്കൾ തന്നെ ഒന്നിച്ചു വേദി പങ്കിട്ടത് ചരിത്ര സംഭവമാണ്. 


പതിറ്റാണ്ടുകളായി ഈ രണ്ടു വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ നടന്ന ഒട്ടേറെ ചർച്ചകൾക്കൊന്നും കഴിയാതെ പോയതാണ് ചെറിയൊരു സമയത്തിനുള്ളിൽ സംഭവിച്ചത്. കോഴിക്കോട്ട് നടന്ന ഇടതുമുന്നണി യോഗങ്ങളിലും ഈ ഐക്യം ദൃശ്യമായി. സുന്നി വിഭാഗങ്ങൾ, മുജാഹിദ് വിഭാഗം തുടങ്ങിയ മുസ്‌ലിം സമുദായത്തിന്റെ ഭിന്ന കോണുകളിൽ നിൽക്കുന്നവരെ ഒരേ വേദിയിലെത്തിക്കാനും ഒരേ മുദ്രാവാക്യം വിളിക്കാനുമുള്ള ഇടങ്ങളായി പ്രക്ഷോഭ രംഗം മാറിയിരിക്കുന്നു.
കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഈ മുസ്‌ലിം ഐക്യം സൃഷ്ടിക്കുന്ന തിരയിളക്കം ചെറുതായിരിക്കില്ല. കാലങ്ങളായി മുസ്‌ലിം ലീഗിനും യു.ഡി.എഫിനും പിന്തുണ നൽകിക്കൊണ്ടിരുന്ന സുന്നി ഇ.കെ വിഭാഗമാണ് പരസ്യമായി മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിക്കുകയും സി.പി.എമ്മിന്റെ പ്രക്ഷോഭ വേദികളിൽ എത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയക്കളിയാണ് ഇതെന്ന് കോൺഗ്രസ് ആക്ഷേപിക്കുന്നു. എന്നാൽ യഥാസമയം സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിൽ കോൺഗ്രസ് വരുത്തിയ കാലതാമസം സി.പി.എമ്മിന് അനുഗ്രഹമായി എന്നതായിരിക്കും യാഥാർഥ്യം.

ഇരുമുന്നണികളും യോജിച്ചുള്ള പ്രക്ഷോഭം വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആശയമാണ് പ്രക്ഷോഭ കാലത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കം. ആ ആശയം കോൺഗ്രസിനുള്ളിലുണ്ടാക്കിയ ആശയക്കുഴപ്പം ചെറിതായിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംയുക്ത പ്രക്ഷോഭത്തെ ആദ്യഘട്ടത്തിൽ പിന്തുണച്ചപ്പോൾ പാർട്ടിക്ക് നേതൃത്വം നൽകുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അപകടം മണത്ത് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് ഒരു തീരുമാനത്തിലെത്തും മുമ്പ് സർക്കാറും സി.പി.എമ്മും ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞിരുന്നു. മുസ്‌ലിം സമുദായ നേതാക്കൾക്ക് രണ്ടാമതൊന്നാലോചിക്കാതെ മുഖ്യമന്ത്രിയുടെ വേദികളിലേക്ക് ഓടിച്ചെല്ലാൻ പ്രേരണയായത് പിണറായി വിജയന്റെ വ്യക്തമായ രാഷ്ട്രീയ ലൈൻ മാത്രമല്ല, കോൺഗ്രസിന്റെ ആശയ ദാരിദ്ര്യം കൂടിയായിരുന്നു.


മുസ്‌ലിം സമുദായങ്ങൾക്കിടയിലുണ്ടായിട്ടുള്ള ഈ ഐക്യം യു.ഡി.എഫിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ ഏങ്ങനെയെല്ലാം ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. മുസ്‌ലിം ലീഗിലാണ് ഇത് ഏറ്റവുമധികം ആശയക്കുഴപ്പം വരുത്താനിരിക്കുന്നത്. പതിറ്റാണ്ടുകളായി മുസ്‌ലിം ലീഗിന്റെ ശക്തമായ വോട്ട് ബാങ്കാണ് സുന്നി ഇ.കെ വിഭാഗം. പാണക്കാട് കുടുംബത്തിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഇ.കെ വിഭാഗം ഇപ്പോൾ പ്രക്ഷോഭത്തിന് തൊട്ടു മുമ്പു വരെ ബദ്ധവൈരികളെന്ന് കണ്ടിരുന്ന സി.പി.എമ്മിന്റെ വാക്കുകൾ വിശ്വസിച്ചാണ് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ ഇത് മുസ്‌ലിം ലീഗിന് തിരിച്ചടിയാകുമോ എന്നത് നിർണായകമാണ്. വോട്ടിനു വേണ്ടിയായാലും ഇല്ലെങ്കിലും സുന്നി വിഭാഗങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിന് മുസ്‌ലിം ലീഗ് നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടി വരും. 


പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലം വരെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം തുടർന്നു പോയാൽ സുന്നികളുടെ വോട്ടുകൾ ഏറെയും ഇടതുമുന്നണിയുടെ പെട്ടിയിലായിരിക്കും വീഴുന്നത്. കേരളത്തിലെ മുന്നണി ബന്ധങ്ങളിൽ മുസ്‌ലിം ലീഗിനെ തന്നെ മാറി ചിന്തിപ്പിക്കാൻ കാരണമായേക്കാവുന്ന അവസ്ഥയിലേക്കാണ് മലബാറിലെ രാഷ്ട്രീയം ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നത്. മലബാർ ജില്ലകളിൽ കോൺഗ്രസിന്റെ രാഷ്ട്രീയ സാധ്യതകൾക്കും താൽക്കാലികമായെങ്കിലും മങ്ങലേൽപിക്കാൻ മുസ്‌ലിം വിഭാഗങ്ങളുടെ ഇപ്പോഴത്തെ മാനസിക നില കാരണമായേക്കാം.
ഏറ്റവുമൊടുവിൽ റിപ്പബ്ലിക് ദിനത്തിൽ ഇടതുമുന്നണി നടത്തിയ മനുഷ്യ ശൃംഖലയിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ തന്നെ പങ്കെടുത്തതും മുസ്‌ലിം ലീഗ് നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. കേന്ദ്ര സർക്കാറിന്റെ പുതിയ നിയമത്തിൽ ഭീതി പൂണ്ട് അരക്ഷിതത്വത്തിന്റെ മനോനിലയിലേക്ക് വീണവർ സംരക്ഷണത്തിന്റെ തണൽ തേടുമ്പോൾ രാഷ്ട്രീയ നിറം നോക്കണമെന്നില്ല. അവർക്ക് വേണ്ടത് നിങ്ങൾ ഒറ്റക്കല്ലെന്ന സാന്ത്വന ശബ്ദങ്ങളാണ്. അത് ഉച്ചത്തിൽ പറയാൻ നേരത്തെ തന്നെ പിണറായി വിജയന് കഴിഞ്ഞു. ഇപ്പോഴും എന്തു പറയണമെന്നറിയാതെ ആലോചിച്ച് നിൽക്കുന്നവർക്ക് മുന്നിലൂടെയാണ് പ്രക്ഷോഭകരുടെ ഘനശബ്ദങ്ങൾ മുഴങ്ങി നീങ്ങുന്നത്. 
 

Latest News