Sorry, you need to enable JavaScript to visit this website.

മഞ്ഞൾ പുരാണം

കഴിഞ്ഞ രണ്ടു മൂന്നാഴ്ചക്കകം തിരുവനന്തപുരത്തെ ശ്രീ ചിത്രക്ക് തിന്മയും നന്മയും അനുഭവിക്കേണ്ടിവന്നു.  ആദ്യം വന്നത് തിന്മയായിരുന്നു, ആരോപണത്തിന്റെ ഭാവത്തിൽ. ആരോപണം ഉയർത്തിയത് ഭരണ സമിതിയംഗവും പോലീസി
ന്റെ മുൻ മേധാവിയുമായ ടി.പി. സെൻകുമാർ ആയിരുന്നു. അതിനെപ്പറ്റി അന്വേഷിക്കുമെന്നല്ലാതെ ഇതുവരെ ഒന്നും കേട്ടില്ല.  അന്വേഷിക്കാൻ പോകുന്നവരുടെ പേര് മാത്രം പുറത്തായി.
അത് കേട്ട് ആളുകൾ വാ പൊളിച്ചിരിക്കേ ശ്രീചിത്ര തിരുനാൾ ആശുപത്രി ഗവേഷണ ശാലയുടെ മുന്നേറ്റത്തിന്റെ വാർത്ത വന്നു.  പാർക്കിൻസൺ രോഗത്തിനും അർബുദത്തിനുമുള്ള പരിഹാരം തേടി ശ്രീചിത്ര നടത്തിയ ശ്രമങ്ങൾക്ക് ആ രംഗത്ത് മികച്ച നേട്ടം കൈവരിച്ച അമേരിക്കയുടെ തന്നെ അംഗീകാരം കിട്ടിയിരിക്കുന്നു.


പാർക്കിൻസൺ രോഗത്തിന്റെ ജനിതക വശത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്താൻ അമേരിക്കയുടെ ധനസഹായം ഉണ്ടാകും. അർബുദത്തിനുള്ള പുതിയൊരു ചികിത്സാക്രമം ശ്രീ ചിത്ര വികസിപ്പിച്ചിട്ടുണ്ട്. രോഗബാധിതമായ ഭാഗങ്ങളിൽ ശ്രീ ചിത്ര പാകപ്പെടുത്തിയെടുത്ത ഒരു രാസപാളി എത്തിക്കുന്ന ശ്രമത്തിന് അമേരിക്കയുടെ പാറ്റന്റും ലഭിച്ചിരിക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ അത് നിർമിച്ച് വിതരണം ചെയ്യാനുള്ള ഏർപ്പാട് ആലോചനയിലാണ്. കാൻസറിനെതിരെയുള്ള വലിയൊരു മുന്നേറ്റമായി അത് കണക്കാക്കപ്പെടുന്നു. 
ശാസ്ത്രീയമായ അംഗീകാരവും മനുഷ്യരാശിയുടെ മുഴുവൻ നന്ദിയും നേടുന്ന ആ രാസപാളി മറ്റൊന്നുമല്ല, നമ്മുടെ പ്രിയപ്പെട്ട മഞ്ഞൾ തന്നെ. മഞ്ഞളിന്റെ ഉള്ളടക്കമായ കുർക്കുമിൻ മറ്റു ചില രാസപദാർഥങ്ങളോടു ചേർത്താൽ രോഗബാധിതമായ ഭാഗങ്ങളിൽ എത്തിക്കാമെന്നും രോഗം മാറ്റാമെന്നും തെളിഞ്ഞത് വീണ്ടുമൊരു മഞ്ഞൾ പുരാണത്തിനു വഴി വെച്ചിരിക്കുമെന്നു പറയാം. മഞ്ഞളിനു മഞ്ഞനിറം നൽകുന്നതാണ് കുർക്കുമിൻ. മഞ്ഞളിന്റെ രാസ സ്വത്വമാകുന്നു കുർകുമിൻ. 


മഞ്ഞളിന്റെ മാഹാത്മ്യം ആദ്യം കേട്ടത് വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരിയിൽനിന്നായിരുന്നു. തേജസ്സുറ്റ കണ്ണുകളും പതിഞ്ഞ സംസാരവുമുള്ള വൈദ്യമഠത്തെ, പൂമുള്ളി ആറാം തമ്പുരാൻ എന്ന് അറിയപ്പെട്ട നീലകണ്ഠൻ നമ്പൂതിരിയോടൊപ്പം കണ്ണൂർക്ക് കൊണ്ടുപോയതായിരുന്നു എം.വി. രാഘവൻ തുടങ്ങിയ ആയുർവേദ സ്ഥാപനം
ഉദ്ഘാടനം ചെയ്യാൻ. പതിനെട്ട് കൊല്ലത്തെ ആയുർവേദ പഠനത്തിന്റെയും അത്രയും നീണ്ട പരിചയത്തിന്റെയും അനുഭവ സാക്ഷ്യം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന പ്രസംഗം. 
പേരെന്ത് വിളിച്ചാലും, രീതി ഏതായാലും, ദീനം ഭേദപ്പെടണമെന്നേയുള്ളൂ. അതിനു വേണ്ട വിധിയെല്ലാം പ്രകൃതി അതിന്റെ മടിയിൽ ഒതുക്കിവെച്ചിരിക്കുന്നു; അതു കണ്ടെടുത്തു പ്രയോഗിക്കുകയേ വേണ്ടൂ. ആ വഴിയേ നീണ്ടുപോയ വൈദ്യമഠത്തിന്റെ അന്വേഷണം മഞ്ഞളിൽ എത്തിനിന്നു. അങ്ങനെ മഞ്ഞളിനെപ്പറ്റിയാവാം പ്രസംഗം എന്നു നിശ്ചയിച്ചു.  നിശ എന്നാണ് മഞ്ഞളിന്റെ സംസ്‌കൃതം. രാത്രിയിലത്രേ അതിന്റെ വളർച്ച. രാത്രിക്കു ചേർന്ന ഏതു പദവും മഞ്ഞളിനുമാകാം. 
ഏത് രോഗം പരിഹരിക്കാനും ഒരു കൂട്ടുണ്ടാകും മഞ്ഞളിൽ. കാരണമോ കാര്യമോ കൃത്യമായി അറിയാത്ത സ്ഥിതിയെ നമ്മൾ അലർജി എന്നു വിളിക്കുന്നു. അതിന്റെ പരിഹാരവും മഞ്ഞൾ തന്നെ. മഞ്ഞളിനെ മനസ്സിലാക്കാനുള്ള ഒരാഹ്വാനമായിരുന്നു ആ പ്രസംഗം. അന്ന് കുർകുമിനെപ്പറ്റി ഞാൻ കേട്ടിരുന്നില്ല, അദ്ദേഹവും. ആംഗല പരിചയമില്ലാതിരുന്ന വൈദ്യമഠം പണ്ഡിതന്മാർ പലതെന്നു പറയുന്ന മഞ്ഞൾ എന്ന ഏക സത്യത്തിലേക്ക് മനസ്സ് തുറക്കുകയായിരുന്നു. അതാകട്ടെ, മനുഷ്യന് ഏറ്റവും ആവശ്യമായ പതിനൊന്നു സാധങ്ങളുടെ പട്ടികയിൽ മഞ്ഞളിനെ പെടുത്തി ന്യൂയോർക്ക് ടൈംസ് ലേഖനമെഴുതുന്നതിനുമെത്രയോ മുമ്പും. 
വൈദ്യമഠം കാണിച്ച വെളിച്ചത്തിൽ ഞാൻ മഞ്ഞളിനെ കണ്ടു, ആഹാരമായും അലങ്കാരമായും ഔഷധമായും പ്രസാദമായും കണ്ടു.  പായസമൊഴിച്ചെല്ലാറ്റിലും മഞ്ഞൾ ചേർക്കുന്ന കൂട്ടത്തിലാണ് നമ്മൾ ഏഷ്യക്കാർ. ഏഷ്യൻ രാജ്യങ്ങളിൽ ഓർമ രോഗം താരതമ്യേന കുറഞ്ഞിരിക്കുന്നതിന്റെ കാരണം കുർകുമിൻ കലർന്ന ഭക്ഷണമാണെന്ന് ചിലർ വിശ്വസിക്കുന്നു. 

 

'നിർമാല്യ'ത്തിലെ ആ വെളിച്ചപ്പാടിനെ ഓർക്കുന്നുവോ? തല തനിയേ വെട്ടിപ്പൊളിച്ചു മരിക്കാൻ ഉറച്ചയാൾ. മഞ്ഞൾ അദ്ദേഹത്തിനു വേണ്ടിയിരുന്നില്ല. മുറിവുണക്കാനും ചോര വാർന്നുപോകാതിരിക്കാനും ഔഷധം വേണ്ടവർക്കല്ലേ മഞ്ഞൾ വേണ്ടൂ? ബർണോൾ മുതൽ എന്തിലെല്ലാം അതു കലർന്നിരിക്കുന്നു! ഭദ്രകാളിയുടെ പടിയിൽ
പൂജ കഴിഞ്ഞ് വെച്ചിട്ടുള്ള ഇലച്ചീന്തിൽ തെച്ചിപ്പൂവ് കാണാം, ഒപ്പം ധാരാളം മഞ്ഞളും. മഞ്ഞൾ പ്രസാദം നെറ്റിയിൽ ചൂടാം, വേറെ എവിടെയുമാകാം. മഞ്ഞളാണ് വിശുദ്ധി. മഞ്ഞളാണ് അഴക്.
വിട്ടുമാറാതെ നിന്നിരുന്ന മുറിവിൽ തേക്കാൻ വൈദ്യൻ തന്നത് മഞ്ഞൾ ആയിരുന്നു. പാമ്പുകടിയേറ്റു വന്ന ആളെ ചികിത്സിക്കാൻ നാരായണ മേനോൻ ആവശ്യപ്പെട്ടതും മഞ്ഞൾ തന്നെ. മകന്റെ ചെവിയിൽ മരുന്ന് മന്ത്രിച്ചുകൊടുക്കുകയായിരുന്നു. മുറ്റത്തെ മൂലയിലും കിണറ്റിൻ കരയിലും ചുറ്റിയടിച്ച് മകൻ തിരിച്ചുവരുമ്പോൾ അവൻ പറിച്ചെടുത്തത് മഞ്ഞളും കരളകവും മറ്റുമായിരുന്നെന്ന് കൂട്ടുകുസൃതിക്കാർ മനസ്സിലാക്കിയിരുന്നു. 


ടാൽകം പൗഡറും ടോയ്‌ലറ്റ് സോപ്പും ആക്രമിക്കുന്നതിനു മുമ്പ് മഞ്ഞൾ ഇല വിടർത്തി, വേരൂന്നി വാണു. പ്രസവം കഴിഞ്ഞാൽ ആരോഗ്യം വീണ്ടെടുക്കാൻ മഞ്ഞൾ തേച്ചുപിടിപ്പിച്ചു. അണിഞ്ഞൊരുങ്ങാൻ മഞ്ഞൾ തേച്ചിരുന്നവർ ആദ്യം കണ്ണു വെച്ചിരുന്നത് അഴകിലോ അതോ ആരോഗ്യത്തിലോ? മഞ്ഞളില്ലാതൊരു കുറിക്കൂട്ടുണ്ടോ, കുഴമ്പുണ്ടോ? 
മഞ്ഞൾ പോലെ മനുഷ്യന് കണ്ടെടുക്കാൻ ഇനിയുമെന്തെല്ലാമിരിക്കുന്നു പ്രകൃതിയുടെ പേടകത്തിൽ! വേപ്പും മഞ്ഞളുമായാൽ മരുന്നുകൂട്ടായെന്നു പറയാം. മറ്റൊരു രീതിയിൽ, മരുന്നാവാത്തതൊന്നും മണ്ണിൽ വളരുന്നില്ലെന്നും പറയുക. നാരായണ മേനോന്റെ മകൻ വിഷൗഷധമായി മഞ്ഞളും കരളകവും നോക്കി പോയിരുന്നതു പോലെ, കൂട്ടം കൂട്ടമായി ആളുകൾ അമൽപൊരി അന്വേഷിച്ചു നടന്നിരുന്ന കാലമുണ്ടായിരുന്നു. രക്തസമ്മർദത്തിനുള്ള മരുന്ന് അതിൽനിന്നു കിട്ടിയിരുന്നുവത്രേ. രക്താർബുദത്തിനു മരുന്നുണ്ടാക്കാൻ വേണ്ട വിങ്ക്രെസ്റ്റിനും വിൻബ്ലാസ്റ്റിനും ഏറ്റവുമടങ്ങിയിരിക്കുന്നത് നമ്മുടെ മുറ്റത്തെ നിത്യകല്യാണിയിലാണെന്നു കേൾക്കുന്നു.


എന്റെ മതിൽക്കെട്ടിനോടു ചേർന്നു വളരുന്ന അശോകവും രക്തദൂഷ്യത്തിനു പരിഹാരമാണത്രേ.  പൂക്കൾ നിറയെ വിടർത്തുകയും പുളിയുറുമ്പുകളെ പോറ്റുകയും ചെയ്യുന്ന അശോകത്തെ ഇന്ത്യയുടെ പേരോടു ചേർത്തേ ഉച്ചരിക്കാറുള്ളൂ.  അതു പൂക്കണമെങ്കിൽ ചിലങ്കയണിഞ്ഞ കാലു കൊണ്ട് സുന്ദരിമാർ തൊടണമെന്ന് കാളിദാസന്റെ ചമൽക്കാരം. 

Latest News