ഹബീബ് ഏലംകുളം
നേരിന്റെ വഴി കാട്ടിയും മാർഗ ദീപവുമായാണ് നാടകത്തെ ആസ്വാദകർ കാണുന്നത്. അത്തരം ഒരു നാടകമാണ് ദമാമിലലെ ദമാം നാടകവേദി അവതരിപ്പിച്ച ശിഖണ്ഡിനി. ഭിന്ന ലിംഗക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മൂന്ന് മണിക്കൂറുള്ള ഈ നാടകം അരങ്ങിലെത്തിയത്. നാടകത്തെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു പറ്റം പ്രവാസി നാടക കലാകാരന്മാരുടെ കൂട്ടായ്മയിൽനിന്നാണ് നാടകം രൂപം കൊണ്ടത്.
ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങൾ പറയുന്ന 'ശിഖണ്ഡിനി' സമകാലീന ഇന്ത്യൻ അവസ്ഥയിലേക്ക് കൂടി വെളിച്ചം വീശുന്നതാണ്. ബിജുപോൾ സംവിധാനം ചെയ്ത ശിഖണ്ഡിനി മറ്റാരും സഞ്ചരിക്കാത്ത ഒരു വഴിയിലൂടെയാണ് നീങ്ങുന്നത്. ആർഷ ഭാരത ഐതിഹ്യങ്ങളുടെയും മിത്തിന്റെയും സഹായത്തോടെ ശിഖണ്ഡിനിയെ അബലയായ സ്ത്രീ വർഗത്തിന്റെ ശക്തയായ, പ്രതികാര ദാഹിയായ പ്രതിരൂപമായി ചിത്രീകരിച്ച് വിജയിപ്പിക്കാൻ ബിജുപോളിന് സാധിച്ചത് ശ്രദ്ധേയമാണ്. വിഷയത്തെ കുറിച്ച് ഗഹനമായി തന്നെ പഠനം നടത്തിയാണ് രചന നിർവഹിച്ചത് എന്ന് നാടകത്തിലെ ഓരോ രംഗങ്ങളും വ്യക്തമാകുന്നു.

കേരള ചരിത്രം പഠനത്തിന് വിധേയമാക്കിയാൽ മനുഷ്യൻ സമം പുരുഷൻ എന്ന കാഴചപ്പാടാണ്. ഈ കാഴ്ചപ്പാടിൽ ഇപ്പോഴും മാറ്റങ്ങൾ വന്നിട്ടില്ല. പുരുഷ മേധാവിത്വം അരങ്ങു വാഴുന്ന സാംസ്‌കാരിക ചുറ്റുപാടിൽ എവിടെയും സ്ത്രീകൾ ഒന്നുകിൽ പിന്തള്ളപ്പെടുകയോ അല്ലെങ്കിൽ മുന്നോട്ടു വരാൻ കഴിയാതെ കുടുംബത്തിന്റെ അകത്തളങ്ങളിൽ ജീവിതം ഹോമിച്ചു തീർക്കുകയോ ചെയ്യുകയാണ്. മനുഷ്യ വംശത്തിൽ നിന്ന് പുറത്താക്കപ്പടുന്ന സ്ത്രീകളുടെ പ്രതിഷേധങ്ങൾ ശക്തമായപ്പോഴാണ് മനുഷ്യ കുലം ആണും പെണ്ണും കൂടി ചേർന്നതാണെന്ന സത്യം പരക്കെ സ്വീകരിക്കപ്പെട്ടത്. പുരാണത്തിലെ അംബയെന്ന സ്ത്രീയുടെ പുനർജ്ജന്മമാണ് ശിഖണ്ഡിനി. പ്രേക്ഷകർ ഒരു പക്ഷേ ഈ നാടകം കാണുന്നതിന് മുമ്പ് വരെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ഇവിടെയാണ്. ശിഖണ്ഡിനി എന്നാൽ അപമാനിക്കപ്പെട്ട, പിച്ചിച്ചീന്തപ്പെട്ട സ്ത്രീയുടെ പ്രതിഷേധാഗ്‌നിയിൽ അല്ലെങ്കിൽ ചെറുത്ത് നിൽപിൽ നിന്ന് പുനർജ്ജനിക്കുന്ന മറ്റൊരു ഭാവമായിട്ടാണ് നാടകരചയിതാവ് ഈ നാടകത്തിലൂടെ കാണിച്ചു തരുന്നത്, പുരാണത്തിലെ അംബ എന്ന സ്ത്രീ, തന്നെ അപമാനിച്ച ഭീഷ്മരോടുള്ള പ്രതികാര നിർവ്വഹണത്തിനായി പുരുഷ ശക്തിയോടെ വീണ്ടും അവതാരമെടുക്കന്നതാണ് ശിഖണ്ഡി എന്ന കഥാപാത്രം. അംബയിൽ നിന്നും ശിഖണ്ഡിനിയായും ശേഷം ശിഖണ്ഡിയായും സ്ത്രീക്ക് മാറാൻ കഴിയുന്നു. സ്ത്രീ മനസ്സിന്റെ വേറിട്ട ഭാവങ്ങളെ മൂന്ന് തലങ്ങളിലായി ഈ നാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീയുടെ സഹനവും ചെറുത്തുനിൽപും അതുപോലെ തന്നെ പുരുഷനേക്കാൾ ശക്തിയാർജ്ജിക്കാൻ കഴിയുന്ന രീതിയിൽ അവൾക്ക് എന്തിനെയും പ്രതിരോധിക്കാൻ സാധിക്കും എന്ന കാഴ്ചപ്പാടും ഈ നാടകം പ്രേക്ഷകരോട് പറയുന്നു. സൗമ്യയും ജിഷമാരും ഇനിയും ആവർത്തിക്കപ്പെടുമെന്നും ഇരുണ്ട ലോകവും അതിൽ ഒളിച്ചും പതുങ്ങിയും പരതി നടക്കുന്നവർ ഇനിയും ചുറ്റുവട്ടത്തുണ്ടെന്നും ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ സ്ത്രീകൾ സ്വയം ശക്തി തിരിച്ചറിയട്ടെയെന്നും അതിനെ പ്രതിരോധിക്കാൻ കഴിയട്ടെയെന്നും നാടകം പറഞ്ഞുവെക്കുന്നു. ശിഖണ്ഡിനി എന്ന പദം ഒരു അവസ്ഥയായി കാണണമെന്നും സഹികെട്ട സ്ത്രീക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നതിനപ്പുറം എത്തിപ്പെടുന്ന മനസ്സിന്റെ ഒരു സ്ഥിതി ഭാവമായി സാമ്യപ്പെടുത്തുകയും ചെയ്യുന്നതായി നാടകം സാക്ഷ്യപ്പെടുത്തുന്നു. നാടകത്തിലെ മറ്റൊരു കഥാപാത്രമായി വരുന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തിലൂടെ ഈ വിഭാഗം സമൂഹത്തിൽനിന്ന് നേരിടുന്ന വിവിധ തരം പ്രശ്‌നങ്ങൾ മനസ്സാക്ഷിക്കു മുമ്പിൽ തുറന്നിടുന്നുണ്ട്. അവഗണിക്കപ്പെടുന്ന ഈ വിഭാഗത്തിന്റെ വേദന നൊമ്പരം പടർത്തുന്ന കാഴ്ചയായി അവതരിപ്പിക്കാൻ ബിജു പോൾ എന്ന കലാകാരനും അണിയറ പ്രവർത്തകർക്കും സാധിച്ചു. ശിഖണ്ഡിനി ഒരു നൊമ്പരമായി പെയ്‌തൊഴിഞ്ഞപ്പോൾ കിഴക്കൻ പ്രവിശ്യയിലെ മലയാളികൾക്ക് ഈ നാടകം ഒരു വ്യത്യസ്ത അനുഭവമായി മാറി.

പ്രൊഫഷനൽ മികവോടെ അവതരിപ്പിച്ച നാടകം ഈ കലാകാരന്മാരുടെ അർപ്പണ ബോധവും നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശവും വിളിച്ചോതുന്നു...അഭിനേതാക്കളുടെ മികവും സംഗീതവും വെളിച്ച നിയന്ത്രണവും രംഗ പടവുമെല്ലാം മികച്ചു നിന്നു. ട്രാൻസ്ജെൻഡർ ആയി വേഷമിട്ട സുബീഷ് സ്‌കറിയയുടെ പ്രകടനം ആശ്ചര്യവും അതിലേറെ അഭിമാനകാരവുമായി. ഏറെ തയ്യാറെടുപ്പുകൾ നടത്തിയാണ് ഈ നടൻ നിറഞ്ഞാടിയത്. ഒരു ട്രാൻസ്‌ജെൻ ഭാവത്തിൽ ശരീര ഭാഷയിൽ മാറ്റങ്ങൾ കൊണ്ടുവന്ന് വേദിയിൽ അവതരിപ്പിക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നു. വില്ലൻ വേഷത്തിലും ഇരവ രാജാവിന്റെ വേഷത്തിലും എത്തിയ അർജുൻ ഭാസ്‌കർ മുമ്പും കഴിവ് തെളിയിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ്.

നായിക കഥാപാത്രമായി വന്ന ശ്രീജ പ്രദീപ്, വൃദ്ധന്റെ വേഷത്തിൽ അഭിനയിച്ച ഷാജി ഇബ്രാഹിം, അൻഷാദ് തകടിയേൽ തുടങ്ങിയവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് . നാടകത്തിൽ അഭിനയിച്ച മറ്റുള്ളവർ; രശ്മി രഘുനാഥ്, ഷാജി മാധവ്, അനിൽ കുമാർ ട്രിവാൻഡ്രം, പ്രദീപ് തോമസ്, സ്മിത രഞ്ജിത്, അലിഫ് മുഹമ്മദ് , ജേക്കബ് ഉതുപ്പ്, ബിജു സംഘചേതന, സതിഷ് മോഹൻ, റീം നിലോഫെർ, രവീന്ദ്രൻ കണ്ടങ്കാവിൽ, ഷാജി മാധവ്, ബാബു സലാം, അമീർ ഖാൻ, സരിത നിതിൻ, സഹീർ ഷാ, അഫ്‌സൽ, പ്രദീപ് വി, സാന്ദ്ര ആനന്ദ്, മാസ്റ്റർ അഭയ കൃഷ്ണ, മാസ്റ്റർ ജിത്തു ബിജു, ആദിത്യ ജയൻ, അഖിൽ അജയൻ, അർജുൻ അനിൽ, അഭിരാം അനിൽ, സംഗീർത്ത് ശശികുമാർ, ഋതു ജിത്. രചന സംവിധാനം: ബിജു പി. നീലേശ്വരം, സംഗീതം, ഷിബു വിൽഫ്രെഡ്; കലാ സംവിധാനം: അൻഷാദ് തകടിയേൽ, ഹരി തോപ്പിൽ, ദീപ സംവിധാനം, സ്‌പെഷ്യൽ ഇഫെക്റ്റ്: സിജോ പീറ്റർ, സഹ സംവിധാനം: ഷാജി ഇബ്രാഹിം, സൗമി നവാസ്, ഗാനങ്ങൾ ; കൊച്ചുമോൻ കാരിച്ചാൽ, അജി മുണ്ടക്കയം, വിജയ രാജ മല്ലിക, ജിനാൻ., പാടിയത്: മനോജ്, ഷിജു, സംഗീത ആനന്ദ്, അഞ്ജന, സാരംഗി. മ്യൂസിക് കണ്ട്രോൾ : സാമുവേൽ മാത്യു.. ഡാൻസ് കോരിയോഗ്രാഫി : സരിത നിതിൻ, സ്റ്റിൽ: മെൽബിൻ ജോൺ, ക്രാഫ്റ്റ്: അനിൽ കൊലെഞ്ചേരി. മേക് അപ്പ്: ഹരി തോപ്പിൽ, ജയ കൃഷ്ണൻ., ഡിസൈൻ : സുധിഷ്, മജീദ് കൊടുവള്ളി, അൻഷാദ്, ജനറൽ കൺവീനർ : മനാഫ് പാലക്കാട്.






