ദുബായ്- പത്തു വര്‍ഷത്തിനകം ദുബായിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും മുകളില്‍ സോളര്‍ പാനല്‍ സ്ഥാപിക്കുമെന്ന് ദീവ (ദുബായ് ഇല്ക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി). വീടുകള്‍, ഫാക്ടറികള്‍ തുടങ്ങിയവയുടെയെല്ലാം മുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കണം. സോളര്‍ വൈദ്യുതി ഉല്പാദിപ്പിച്ച് ഗ്രിഡിന് കൈമാറാന്‍ ദുബായ് നിവാസികളെ സഹായിക്കുന്ന ഷംസ് പദ്ധതി പ്രകാരമാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക.
കാര്‍ബണ്‍ നിര്‍ഗമനം കുറക്കുകയും സംശുദ്ധ വൈദ്യുതി ഉല്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഷംസ് ദുബായ് പദ്ധതിക്ക് ദീവ വന്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് എം.ഡിയും സി.ഇ.ഒയുമായ സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. 2030ല്‍ അയ്യായിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന രീതിയില്‍ 5000 കോടി ദിര്‍ഹം ചെലവില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്ക് നിര്‍മിക്കുന്നുണ്ട്.






