Sorry, you need to enable JavaScript to visit this website.

കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് നല്‍കാത്ത  പോസ്റ്റുമാന്‍ അറസ്റ്റില്‍ 

ടോക്കിയോ-അവിടെയും സുഖം ഇവിടെയും സുഖം, പിന്നെയാര്‍ക്കാണ് അസുഖം? കത്ത് കൊടുക്കാനുള്ള മടികൊണ്ട് മലയാള സിനിമയിലെ ഒരു പോസ്റ്റ്മാന്‍  കഥാപാത്രം പണ്ട് പറഞ്ഞതാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം സമാനമായ ഒരു സംഭവം ജപ്പാനില്‍നിന്നും പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷമായി ഇയാള്‍ കത്ത് കൊടുക്കാതെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. ഏകദേശം 24,000 കത്തുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തത്.
കനഗാവയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ആവശ്യക്കാര്‍ക്ക് എത്തിക്കേണ്ട കത്തുകള്‍ ഉള്‍പ്പടെ 24000 ഉരുപ്പടികള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് 61കാരനായ പോസ്റ്റുമാനെ പോലീസ് അറസ്റ്റ് ചെയ്തു. യോകോഹാമയിലെ ഒരു പോസ്‌റ്റോഫീസ് ബ്രാഞ്ചിന്റെ  ഡെലിവറി ഹെഡ് ആയി ജോലി ചെയ്തിരുന്ന പോസ്റ്റ്മാനാണ് പിടിയിലായത്. ഇത്രയധികം സാധനങ്ങള്‍ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് വീട്ടില്‍ സൂക്ഷിച്ചതെന്നും ഇദ്ദേഹം പോലീസിനോട് സമ്മതിച്ചു. 
2003 മുതലാണ് ഇദ്ദേഹം തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാതിരുന്നത്. ജപ്പാന്‍ തപാല്‍വകുപ്പ് നടത്തിയ ഇന്റേണല്‍ ഓഡിറ്റിനിടെ തകരാറുണ്ടെന്ന് അധികൃതര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ തപാല്‍ ഉരുപ്പടികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ സാധിച്ചിരുന്നില്ലെന്ന് ഇയാള്‍ അന്ന് സമ്മതിച്ചിരുന്നു. ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയെങ്കിലും അത് അവിടംകൊണ്ട് അവസാനിച്ചില്ല. 2017 ഫെബ്രുവരി മുതല്‍ 2018 നവംബര്‍ വരെ ആയിരത്തിലധികം തപാല്‍ ഉരുപ്പടികള്‍ കാണാതായതായി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍ പോസ്റ്റുമാന്റെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് സാധനങ്ങള്‍ കണ്ടെത്തിയത്.  അറസ്റ്റിലായ പോസ്റ്റുമാന്‍ കോടതിയില്‍ വിചാരണ നേരിടണം. കുറ്റം തെളിയിക്കപ്പെട്ടാല്‍, മൂന്ന് ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം തടവും ശിക്ഷയായി അനുഭവിക്കേണ്ടിവരും.

Latest News