റിയാദ് - സൗദി അറേബ്യയും യു.എ.ഇയും ഈ വര്‍ഷം കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് യുനൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലപ്‌മെന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രാദേശിക ആവശ്യം വര്‍ധിക്കുന്നതിന് അനുസൃതമായി ഇരു രാജ്യങ്ങളും കൂടുതല്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടും.
മറ്റു ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം താരതമ്യേന കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണുണ്ടാവുക. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് സൗദി അറേബ്യയും യു.എ.ഇയും നടത്തുന്ന ശ്രമങ്ങള്‍ സാമ്പത്തിക ഉണര്‍വ് ശക്തമാക്കും. ലോകത്തെ അഞ്ചിലൊന്ന് രാജ്യങ്ങളില്‍ ഈ വര്‍ഷം സാമ്പത്തിക മാന്ദ്യമണ്ടാകും.
പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ലോക സമ്പദ്‌വ്യവസ്ഥ 2019 ല്‍ കണ്ടത്. സാമ്പത്തിക വളര്‍ച്ച 2.3 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷം ആഗോള സമ്പദ്‌വ്യവസ്ഥ നേരിയ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറഞ്ഞെങ്കിലും പെട്രോളിതര മേഖല വളര്‍ച്ച നിലനിര്‍ത്തി. 2014 നെ അപേക്ഷിച്ച് വളരെ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ കൊല്ലം നേടിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ഏറ്റവും ശക്തമായത് 2014 ല്‍ ആയിരുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ നാലു രാജ്യങ്ങളില്‍ ഈ വര്‍ഷവും അടുത്ത കൊല്ലവും സാമ്പത്തിക വളര്‍ച്ച കുറവായിരിക്കും. കയറ്റുമതി വര്‍ധനവും രാജ്യത്തേക്കുള്ള വിദേശ മൂലധനത്തിന്റെ പ്രവാഹവും വഴി ജോര്‍ദാന്‍ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയേക്കും. പ്രതിശീര്‍ഷ വരുമാനം ശ്രദ്ധേയമായ നിലയില്‍ ഉയരുന്നതിന് മാത്രം സാമ്പത്തിക വളര്‍ച്ച പര്യാപ്തമാകില്ല. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പ്രവാഹം മൂലം ജോര്‍ദാനില്‍ പ്രതിശീര്‍ഷ വരുമാനം വലിയ തോതില്‍ കുറഞ്ഞിരുന്നു. 2010 നെ അപേക്ഷിച്ച് ജോര്‍ദാനില്‍ കഴിഞ്ഞ വര്‍ഷം പ്രതിശീര്‍ഷ വരുമാനം പത്തു ശതമാനം തോതില്‍ കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജോര്‍ദാന്‍ 1.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കൈവരിച്ചത്. ലണ്ടന്‍ ഇനീഷ്യേറ്റീവിന് അനുസൃതമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിനാല്‍ ഈ വര്‍ഷം ഇത് 2.2 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുനൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലപ്‌മെന്റ് പറഞ്ഞു.