Sorry, you need to enable JavaScript to visit this website.

ഗാന്ധിമൂല്യങ്ങൾ ഇന്ത്യയുടെ കരുത്ത്; ജനമാണ് ചാലകശക്തി -രാഷ്ട്രപതി

ന്യൂദൽഹി- താഴേതട്ടിൽ ജനങ്ങൾ ഉൾക്കൊള്ളുന്നതാണ് രാഷ്ട്രമെന്നും ജനമാണ് റിപബ്ലിക്കിന്റെ പ്രധാന ചാലക ശക്തിയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. ആധുനിക രാഷ്ട്രത്തിന് നിയമനിർമ്മാണസഭ, ഭരണനിർവഹണ സംവിധാനം, നീതിന്യായ സംവിധാനം എന്നിങ്ങനെ പരസ്പര ബന്ധിതവും പരസ്പരാശ്രിതവുമായ മൂന്ന്  അവയവങ്ങളുണ്ടെങ്കിലും ജനങ്ങളിലാണ് ഭാവി നിർണ്ണയിക്കുന്നതിനുള്ള യഥാർത്ഥ ശക്തി കുടികൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.  
സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ  ഭരണഘടന നമുക്ക് അവകാശങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ജനാധിപത്യത്തിന്റെ കേന്ദ്ര തത്വങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവ കർശനമായി പാലിക്കാനുള്ള ഉത്തരവാദിത്തവും ജനങ്ങൾക്ക് മേൽ നിക്ഷിപ്തമാണ്. ഗാന്ധിജിയുടെ ജീവിതവും മൂല്യങ്ങളും മനസ്സിൽ സൂക്ഷിക്കുകയാണെങ്കിൽ ഈ ഭരണഘടനാ തത്വങ്ങൾ പിന്തുടരുക എളുപ്പമായിരിക്കും. 
ഗവൺമെന്റ് നിരവധി ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും പൗരന്മാർ സ്വമേധയാ അവയെ ജനകീയ മുന്നേറ്റങ്ങളാക്കി മാറ്റുകയും ചെയ്തു. സ്വച്ഛ ഭാരത് അഭിയാൻ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ അമ്പരപ്പിക്കുന്ന വിജയം കൈവരിച്ചു. മറ്റ് സംരംഭങ്ങളിലും ഇതേ പ്രസരിപ്പുണ്ടായി. പാചകവാതക സബ്‌സിഡി വേണ്ടെന്ന് വയ്ക്കുന്ന കാര്യത്തിലും ഡിജിറ്റൽ പണമിടപാടുകൾക്ക് നൽകുന്ന പ്രചാരത്തിലും സാധാരണക്കാരൻ ഗവൺമെന്റ് പദ്ധതികളെ ഏറ്റെടുത്തു. പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയുടെ വിജയം അഭിമാനാർഹമായ കാര്യമാണ്. എട്ട് കോടി ഗുണഭോക്താക്കളെന്ന ലക്ഷ്യമാണ് ഈ പദ്ധതിയിൽ കൈവരിച്ചത്. ഇതിലൂടെ ആവശ്യക്കാർക്ക് ശുദ്ധമായ ഇന്ധനം ലഭ്യമായി. പ്രധാൻമന്ത്രി സഹജ് ബിജ്‌ലി ഹർ ഘർ യോജന, അതായത് സൗഭാഗ്യയും ജനങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കി. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ 14 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് ആറായിരം രൂപയുടെ കുറഞ്ഞ വാർഷിക വരുമാനം ലഭ്യമായി. കർഷകരെ ഇത് അന്തസ്സോടെ ജീവിക്കാൻ പ്രാപ്തരാക്കി. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ലഭ്യത മികച്ച ഭരണനിർഹണത്തിന്റെ അടിസ്ഥാനമായാണ് കണക്കാക്കപ്പെടുന്നത്. ഈ രണ്ടു മേഖലകളിലും, ഈ കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളിൽ നാം വളരെയേറെ മുന്നേറിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന് അഭിമാനം പകരുന്ന മറ്റൊരു ശക്തി വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ വംശജരാണ്. വിദേശ സന്ദർശനങ്ങൾക്കിടെ എനിക്കു മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളതു തങ്ങൾ ജീവിക്കാൻ തെരഞ്ഞെടുത്ത നാടുകൾക്കു അഭിവൃദ്ധി ഉറപ്പാക്കാൻ മാത്രമല്ല, ലോകത്തിനുമുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിക്കാനും ഭാരതീയർക്കു സാധിച്ചിട്ടുണ്ട് എന്നാണ്. അവരിൽ പലരും വ്യത്യസ്ത മേഖലകളിലെ സംരംഭങ്ങളിലായി ഏറെ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. നമ്മുടെ സായുധ സേനയെയും പാരാമിലിട്ടറി, ആഭ്യന്തര സുരക്ഷാ സേനകളെയും അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിനായി അവർ നടത്തുന്ന ത്യാഗങ്ങൾ സമാനതകളില്ലാത്ത ധൈര്യത്തിന്റെയും അച്ചടക്കത്തിന്റെയും വീരഗാഥ തന്നെയാണെന്നും രാഷ്ട്രപതി പറഞ്ഞു.

Latest News