Sorry, you need to enable JavaScript to visit this website.

വയനാടിനു മുതൽക്കൂട്ടായി  ഷാഫി കല്ലായിയുടെ ഗ്രാമഫോൺ മ്യൂസിയം

വൈത്തിരി തളിപ്പുഴയിൽ ഇന്നു പ്രവർത്തനം തുടങ്ങുന്ന  ഗ്രാമഫോൺ മ്യൂസിയം ആൻഡ് റിസർച്ച് സെന്ററിൽനിന്നുള്ള ദൃശ്യം.

കൽപറ്റ-വൈത്തിരി തളിപ്പുഴയ്ക്കു സമീപം റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തനമാരംഭിക്കുന്ന ഗ്രാമഫോൺ മ്യൂസിയം ആൻഡ് റിസർച്ച് സെന്റർ വയനാടിനു മുതൽക്കൂട്ടാകും. സംഗീതവുമായി ബന്ധപ്പെട്ടതിൽ പഴമയുടെ ഗന്ധമുള്ള നിരവധി സാമഗ്രികൾ മ്യൂസിയത്തിൽ സന്ദർശകർക്കു വിരുന്നൊരുക്കഴം. ഗ്രാമഫോൺ ഷാഫി എന്നറിയപ്പെടുന്ന കോഴിക്കോട് കല്ലായ് സ്വദേശി കെ.മുഹമ്മദ് ഷാഫിയാണ് മൂന്നു വർഷം മുമ്പ്  തളിപ്പുഴയിൽ വിലയ്ക്കു വാങ്ങിയ രണ്ടു സെന്റ് സ്ഥലത്തു  കെട്ടിടം പണിത് മ്യൂസിയം ഒരുക്കിയത്. പെൻസിൽ പെട്ടിയുടെ അത്ര മാത്രം വലിപ്പമുള്ളതടക്കം വിവിധ മാതൃകകളിലുള്ള 25 ഗ്രാമഫോണുകൾ, 4000 ൽ അധികം ഗ്രാമഫോൺ റെക്കോർഡുകൾ, 1946 മാർക്കോണി മുതൽ മർഫി വരെ ബ്രാൻഡുകളിലുള്ള വാൽവ് റേഡിയോകൾ, 1856 ൽ ഇംഗ്ലണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന മ്യൂസിക് ബോക്‌സ്, നൂറ്റാണ്ടിലധികം പഴക്കമുള്ള സിത്താർ... ഇങ്ങനെ നീളുന്നതാണ് മ്യൂസിയത്തിൽ പ്രദർശനത്തിനു വെക്കുന്ന സാമഗ്രികളുടെ നിര. 


കല്ലായി കരിമാടത്തു പരേതരായ അബ്ദുല്ലക്കോയ-ആയിഷാബി ദമ്പതികളുടെ മകനാണ് 55 കാരനായ ഷാഫി. നൈസർഗിക അഭിരുചി മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സമ്പാദിച്ചതാണ് കൈവശമുള്ള ഗ്രാമഫോൺ-റേഡിയോ ശേഖരം. ഗ്രാമഫോൺ, വാൽവ് റേഡിയോ, പഴയകാല വാദ്യോപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണിയിലും സൊസൈറ്റി ഓഫ് ഇന്ത്യൻ റെക്കോർഡ് കലക്ടേഴ്‌സിൽ അംഗമായ ഷാഫിക്കു നൈപുണ്യമുണ്ട്. അടുത്ത കാലത്തു ഹൈദരാബാദിൽ ഗ്രാമഫോണിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയപ്പോൾ ഉടമയായ വനിത സന്തോഷാശ്രു പൊഴിച്ചുവെന്നു ഷാഫി പറഞ്ഞു. ബാല്യകാലത്തു ഉപയോഗിച്ചിരുന്നതും 1956 ൽ കേടായതുമായ ഗ്രാമഫോൺ വനിത നിധിപോലെ സൂക്ഷിച്ചിരിക്കയായിരുന്നു. സുഹൃത്തുക്കൾ മുഖേന അറിഞ്ഞാണ് വനിത ഗ്രാമഫോൺ നന്നാക്കുന്നതിനു ഷാഫിയെ ഹൈദരാബാദിനു ക്ഷണിച്ചത്. മ്യൂസിയത്തിൽ വെക്കുന്ന സിത്താർ ഷാഫി വർഷങ്ങൾമുമ്പ് കൊൽക്കത്തയിൽനിന്നു സംഘടിപ്പിച്ചതാണ്. കോഴിക്കോട് കുന്നിക്കൽ പുരുഷോത്തമനിൽനിന്നാണ് ഷാഫി ഗ്രാമഫോൺ-റേഡിയോ അറ്റകുറ്റപ്പണി ഹൃദിസ്ഥമാക്കിയത്. തകരാറിലായ ഗ്രാമഫോണുകളുടെ ഭാഗങ്ങൾ സ്വന്തമായി നിർമിച്ചാണ് ഷാഫി അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നത്. നന്നായി പ്രവർത്തിക്കുന്നതാണ് മ്യൂസിയത്തിലുള്ള മുഴുവൻ ഗ്രാമഫോണുകളും റേഡിയോകളും. 


ഷാഫിയുടെ ചിരകാല അഭിലാഷത്തിനാണ് മ്യൂസിയം പ്രവർത്തനം ആരംഭിക്കുമ്പോൾ സാക്ഷാൽക്കാരമാകുന്നതെന്നു സുഹൃത്തുക്കളായ  മുഹമ്മദ് ഇല്യാസ് കൊൽക്കത്ത, പി.വി.ശ്രീനിവാസൻ മീനങ്ങാടി, എം.പി.അഷ്‌റഫ് കോഴിക്കോട് എന്നിവർ പറഞ്ഞു. ഇന്നുച്ചക്കു 12 നു  സി.കെ.ശശീന്ദ്രൻ എം.എൽ.എയാണ് മ്യൂസിയം നാടിനു സമർപ്പിക്കുന്നത്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ തൽക്കാലം പ്രവേശന ഫീസ് ഉണ്ടാകില്ല.  ഉപകരണങ്ങളെക്കുറിച്ചുള്ള കുറിപ്പുകളടങ്ങിയ ബോർഡുകളും മ്യൂസിയത്തിൽ ഉണ്ടാകും. സന്ദർശകരായ വിദ്യാർഥികളെ കണക്കിലെടുത്താണ് കുറിപ്പുകൾ തയാറാക്കി പ്രദർശിപ്പിക്കുന്നത്.

 

 

Latest News