Sorry, you need to enable JavaScript to visit this website.

കോലം മാറി കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല

ശ്രീനഗർ- അഞ്ചു മാസത്തിലേറെയായി തുടരുന്ന തടവറക്കാലം കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ലയിൽ വരുത്തിയ മാറ്റം ചെറുതല്ല. വെളുപ്പും ഗ്രേയും കലർന്ന് ഇടതൂർന്ന താടിയുള്ള മുൻ മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹം അനുഭവിക്കുന്ന ഏകാന്ത തടവ് തീർക്കുന്ന വേദനയുടെ കൂടി തെളിവായി. നേരത്തെ ക്ലീൻ ഷേവായിരുന്നു ഒമർ അബ്ദുല്ല. ചിത്രം പുറത്തുവന്നതോടെ ഒമർ അബ്ദുല്ലയെ അനിശ്ചിതമായി തടവിൽ പാർപ്പിക്കുന്നതിനെതിരെ നിരവധി പേർ ട്വീറ്റ് ചെയ്തു. അതേസമയം, ഒമർ അബ്ദുല്ലക്ക് ഉടൻ തന്നെ തിരിച്ചുവരാനാകുമെന്നും അതിന് കാത്തിരിക്കുന്നുവെന്നും ഒട്ടേറെ പേർ ട്വീറ്റ് ചെയ്തു. മുൻ മുഖ്യമന്ത്രിയുടെ ചിത്രം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിർഭാഗ്യകരം എന്ന് പറഞ്ഞാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഈ ചിത്രം പങ്കുവെച്ചത്. ഇക്കഴിഞ്ഞ പതിനഞ്ചിന് ഒമർ അബ്ദുല്ലയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. കശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ച ശേഷം ഒമർ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നീ മൂന്നു മുൻ മുഖ്യമന്ത്രിമാരെയും ഒട്ടേറെ നേതാക്കളെയും കേന്ദ്ര സർക്കാർ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെ എന്ന് മോചിപ്പിക്കുമെന്ന് പോലും പറയാൻ സർക്കാർ തയ്യാറായിട്ടില്ല. 
അതിനിടെ, കശ്മീരിൽ കേസുകളൊന്നും ചുമത്തപ്പെടാതെ തടവിൽ പാർപ്പിച്ച മുഴുവൻ നേതാക്കളെയും വിട്ടയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ വിദേശപ്രതിനിധി സംഘം നടത്തിയ സന്ദർശനം ഉപയോഗപ്രദമായിരുന്നുവെന്നും അമേരിക്കൻ പ്രതിനിധി വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് മുതൽ കശ്മീരിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ നേതാക്കളെയും വിട്ടയക്കണമെന്നും ദക്ഷിണമധ്യ ഏഷ്യ കാര്യങ്ങൾക്കുള്ള പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആലിസ് വെൽസ് ആവശ്യപ്പെട്ടു. കശ്മീരിൽ സർക്കാർ പടിപടിയായി കാര്യങ്ങളിൽ അയവുവരുത്തുന്നതിനെ അവർ പ്രശംസിച്ചു. അമേരിക്കയുടേതടക്കം വിദേശപ്രതിനിധികളെ കശ്മീരിലേക്ക് കൊണ്ടുപോയതും കാര്യങ്ങൾ മനസിലാക്കാൻ അനുവദിച്ചതും നല്ല കാര്യമാണ്. കശ്മീരിലേക്ക് തങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്ക് സ്വതന്ത്രമായി കടന്നുപോകാൻ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു. പതിനഞ്ച് രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളെയാണ് ഈ മാസം ആദ്യം ഇന്ത്യ കശ്മീരിൽ കൊണ്ടുപോയത്. അതേസമയം, മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ കാണാൻ സംഘത്തെ അനുവദിച്ചിരുന്നില്ല. കശ്മീരിൽ രാഷ്ട്രീയ മേധാവിത്വമുള്ള പി.ഡി.പിയുടെയും നാഷണൽ കോൺഫറൻസിന്റെയും നേതാക്കളെല്ലാം നിലവിൽ തടവിലാണ്.
അതിനിടെ, പൗരത്വഭേദഗതി ബില്ലിലും അമേരിക്ക നിലപാട് വ്യക്തമാക്കി. മുഴുവൻ പൗരൻമാർക്കും തുല്യപരിഗണന നൽകണമെന്നും നിയമത്തിന് കീഴിൽ എല്ലാവരും തുല്യരാണെന്നും അവർ വ്യക്തമാക്കി.നിയമപ്രകാരം തുല്യ പരിരക്ഷ എന്ന തത്വത്തിന്റെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നുവെന്നും അവർ പറഞ്ഞു.

Latest News