റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം

അബുദാബി- ഇന്ത്യയുടെ 71 ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി യു.എ.ഇയിലെ പ്രവാസലോകം ഒരുങ്ങി. ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി പവന്‍ കപൂര്‍ ദേശീയപതാകയുയര്‍ത്തും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ നടക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കാലത്ത് ഏഴരയ്ക്ക് കോണ്‍സല്‍ ജനറല്‍ വിപുല്‍ ദേശീയപതാക ഉയര്‍ത്തും.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ രാവിലെ എട്ടു മണിക്ക് ദുബായ് കോണ്‍സുലേറ്റ് പ്രതിനിധി പ്രേംചന്ദ് ദേശീയ പതാകയുയര്‍ത്തും, തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. രാത്രി എട്ടുമണിയ്ക്ക് കോണ്‍സുലേറ്റ് പ്രതിനിധി സഞ്ജീവ് കുമാര്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകും.
റാസല്‍ഖൈമ കേരളസമാജത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് ഇന്ത്യയുടെ ദേശീയപതാകയുയര്‍ത്തും. വൈകീട്ട് ഏഴിന് മലയാളഭാഷാ പരിശീലകന്‍ മനോജ് കളരിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ഭാഷാപഠന ശിബിരം നടത്തും.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ രാവിലെ ഏഴ് മണിക്ക് പതാകയുയര്‍ത്തും. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഔദ്യോഗിക സംഘടനകളായ ഐ.എസ്.സി., ഐ.ഐ.സി., മലയാളി സമാജം, കെ.എസ്.സി, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ എന്നിവ സംയുക്തമായൊരുക്കിയ ആഘോഷപരിപാടികള്‍ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച നടന്നു.

 

Latest News