Sorry, you need to enable JavaScript to visit this website.

ഇനി കാണുമോ ബോറോ?

മോഹൻ ബഗാൻ ടീം പരിശീലനത്തിൽ. 
ഈസ്റ്റ് ബംഗാൾ ടീം പരിശീലനത്തിൽ.

കഴിഞ്ഞ ഞായറാഴ്ച ഐ-ലീഗ് ഫുട്‌ബോളിലെ കൊൽക്കത്ത ഡാർബിയായിരുന്നു. കൊൽക്കത്തക്കാരുടെ ബോറോ മാച്ച് (വലിയ കളി). മോഹൻ ബഗാൻ ഐ-ലീഗിനോട് വിടപറയും മുമ്പ് ഇനിയൊരു കൊൽക്കത്ത ഡാർബി കൂടിയേ ബാക്കിയുള്ളൂ. അതറിഞ്ഞിട്ടാവണം മത്സരം തുടങ്ങുന്നതിന് മുമ്പു തന്നെ കളിക്കളം അലകടലായി. ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ജഴ്‌സിയുടെ നിറങ്ങൾ ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിൽ പതിഞ്ഞ ചിത്രമാണ്.  
ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വൈരമെന്നു പറയുമ്പോൾ ഏവരുടെയും മനസ്സിൽ തെളിയുക യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കളികളാണ്. റയൽ മഡ്രീഡും ബാഴ്‌സലോണയും തമ്മിൽ, റിവർപ്ലേറ്റും ബൊക്ക ജൂനിയേഴ്‌സും തമ്മിൽ... അധികം പേരൊന്നും ഏഷ്യയിലേക്കോ എന്തിന് ഇന്ത്യയിലേക്കോ നോക്കില്ല. എന്നാൽ മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ പോരാട്ടം നിർബന്ധമായും കണ്ടിരിക്കേണ്ടവയുടെ പട്ടികയിലാണ് ഫിഫ ഉൾപെടുത്തിയിരിക്കുന്നത്. കൊൽക്കത്ത ഡാർബിക്കു മുന്നിൽ യൂറോപ്പും ലാറ്റിനമേരിക്കയുമൊക്കെ മങ്ങിപ്പോവുമെന്നു പറയുന്നത് ഫിഫ തന്നെയാണ്. 
കൊൽക്കത്ത സാൾട്‌ലെയ്ക്ക് സ്റ്റേഡിയത്തിൽ ഒരു ലക്ഷം ആരാധകർ വരെയാണ് ബോറോ മാച്ചിന് ഒഴുകിയെത്തുന്നത്. ബഗാൻ-ഈസ്റ്റ് ബംഗാൾ വൈരത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1889 ൽ സ്ഥാപിച്ച മോഹൻ ബഗാൻ ഏഷ്യയിലെ ഏറ്റവും പ്രായമുള്ള ക്ലബ്ബുകളിലൊന്നാണ്. 1920 കളുടെ മധ്യത്തിൽ കിഴക്കൻ ബംഗാളുകാരനായ ശേലേഷ് ബോസിനെ ബഗാൻ പുറത്തിരുത്തിയതാണ് ഈസ്റ്റ് ബംഗാളിന്റെ ജനനത്തിന് കാരണമായത്. ബഗാന്റെ കിഴക്കൻ ബംഗാളുകാരനായ വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്ര ചൗധരിയാണ് പുതിയ ക്ലബ്ബിന് തുടക്കമിട്ടത്. കിഴക്കൻ ബംഗാൾ ഇന്നത്തെ ബംഗ്ലാദേശാണ്. കുടിയേറ്റക്കാരാണ് എന്നും ഈസ്റ്റ് ബംഗാളിന്റെ കരുത്ത്. 


1925 ലായിരുന്നു ആദ്യ കൊൽക്കത്ത ഡാർബി, കൊൽക്കത്ത ലീഗിൽ ഈസ്റ്റ് ബംഗാൾ 1-0 ന് ജയിച്ചു. ഐ.എഫ്.എ ഷീൽഡിലെ സുപ്രധാന മത്സരത്തിൽ ആദ്യമായി ക്ലബ്ബുകൾ മുഖാമുഖം വന്നപ്പോഴും ഈസ്റ്റ് ബംഗാളിനായി ജയം, 1944 ൽ. ഐ.എഫ്.എ ഷീൽഡ് എന്നാൽ ബഗാന്റെ തട്ടകമാണ്. 1911 ൽ ഈസ്റ്റ് യോർക്ഷയർ റെജിമെന്റിനെ 2-1 ന് മോഹൻ ബഗാൻ ഫൈനലിൽ തോൽപിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഭാഗമാണ്. ഇന്ത്യൻ ക്ലബ് ആദ്യമായാണ് ഒരു യൂറോപ്യൻ ക്ലബ്ബിനെ തോൽപിച്ചത്. ഇന്നും ജൂലൈ 29 മോഹൻ ബഗാൻ ഡേ ആയി ക്ലബ് ആഘോഷിക്കുന്നു. 1989 ൽ മോഹൻ ബഗാന്റെ ശതാബ്ദി വർഷത്തിൽ ആ വിജയത്തെ അനുസ്മരിപ്പിക്കുന്ന തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 
അറുപതുകളായിരുന്നു മോഹൻ ബഗാന്റെ സുവർണ കാലം. ഐ.എഫ്.എ ഷീൽഡ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ അവരുടെ ഗ്രൗണ്ടിൽ തോൽപിക്കാൻ ബഗാന് സാധിച്ചു. കോച്ച് അമൽദത്തയുടെ ശൈലിയാണ് ബഗാന്റെ ജൈത്രയാത്രക്ക് കാരണമായത്. എന്നാൽ എഴുപതുകളിൽ ഈസ്റ്റ് ബംഗാൾ ആധിപത്യം തിരിച്ചുപിടിച്ചു. ആറു വർഷത്തോളം ബഗാന് അവരെ തോൽപിക്കാനായില്ല. ഐ.എഫ്.എ ഷീൽഡിൽ ബഗാനെ 5-0 ന് തുരത്തി. ഐ.എഫ്.എ ഷീൽഡിൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ ബഗാനെ കീഴടക്കി. ആരാധകരുടെ രോഷത്തിൽ നിന്ന് രക്ഷപ്പെടാൻ ബഗാൻ കളിക്കാർക്ക് രാത്രി കായലിലെ ബോട്ടിൽ ചെലവഴിക്കേണ്ടി വന്നു.   
1997 ലെ കൊൽക്കത്ത ഡാർബി കാണാനെത്തിയത് 1,31,000 പേരാണ്. ഫെഡറേഷൻ കപ്പിന്റെ സെമി ഫൈനലായിരുന്നു അത്. ബൈചുംഗ് ബൂട്ടിയയുടെ ഹാട്രിക്കിൽ ഈസ്റ്റ് ബംഗാൾ 4-1 ന് ജയിച്ചു. 
പിന്നീട് ഇരു ടീമുകളുടെയും പ്രഭാവം അസ്തമിച്ചു. ഈസ്റ്റ് ബംഗാളിന് ഒരിക്കൽപോലും ഐ-ലീഗിൽ കിരീടം നേടാനായില്ല. കഴിഞ്ഞ സീസണിൽ കിരീടപ്രതീക്ഷയുണ്ടായിരുന്നു അവർക്ക്. എന്നാൽ ഈ സീസണിൽ ടീം തുടർച്ചയായ മൂന്നു തോൽവികളുടെ നിരാശയിലാണ്. പുതിയ കോച്ചിന്റെ കീഴിൽ അവർക്ക് ഉയിർത്തെഴുന്നേൽക്കാനാവുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്തായാലും കൊൽക്കത്ത ഡാർബി ഇല്ലാത്ത ഭാവിയിലേക്കാണ് അവർ ചുവട് വെക്കുന്നത്. 


 

Latest News