Sorry, you need to enable JavaScript to visit this website.

ബഗാൻ ഇല്ലാതാവുമ്പോൾ

ഒരു ലക്ഷത്തിലേറെ പേരാണ് മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ മത്സരം കാണാൻ തടിച്ചുകൂടിയിരുന്നത്.
ബഗാൻ ആരാധകർ... എ.ടി.കെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ഈ ആവേശമാണ്. 
ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വൈരങ്ങളിലൊന്നാണ് നൂറ്റാണ്ടിന്റെ പഴക്കമുള്ള മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ പോരാട്ടങ്ങൾ.
ബഗാൻ ആരാധകർ... എ.ടി.കെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ഈ ആവേശമാണ്. 
  • ഐ-ലീഗിന് മരണമണി

കുത്തിവീർപ്പിച്ച കൈക്കരുത്തുമായി എത്തുന്ന ആധുനിക കോർപറേറ്റ് വമ്പന്മാർക്കു മുന്നിൽ പാരമ്പര്യം പിടിച്ചുനിൽക്കാനാവാതെ ഊർധശ്വാസം വലിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 130 വർഷത്തെ ചരിത്രവും പാരമ്പര്യവുമുള്ള മോഹൻ ബഗാൻ ഇല്ലാതാവുന്നത്. ബഗാന് പുതിയ ഉടമകളെ കിട്ടുമ്പോൾ അവരുടെ ഒച്ചവെക്കുന്ന ആരാധകർക്ക് ആവേശം പകരാൻ പുതിയ മുദ്രാവാക്യങ്ങൾ കണ്ടെത്തേണ്ടി വരും.  
ബഗാന്റെ എത്ര ചെറിയ ആരാധകനും ചങ്കിടിപ്പോടെ മാത്രമേ ഈ ലയന വാർത്ത സ്വീകരിച്ചിട്ടുണ്ടാവൂ. അന്ന് ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായിരുന്ന ടോട്ടനം ഹോട്‌സ്പറിന്റെ ക്ഷണം നിരസിച്ച് തന്റെ പ്രിയപ്പെട്ട ക്ലബ് മോഹൻ ബഗാനിൽ തുടരാൻ തീരുമാനിച്ച ചുനിഗൊസ്വാമിയുടെ പേരിൽ തപാൽ സ്റ്റാമ്പ് ഇറക്കിയ ദിവസം ബഗാന് മരണമണി മുഴങ്ങിയത് എന്നത് യാദൃഛികമാവാം. ചുനിഗൊസ്വാമിയുടെ എൺപത്തിരണ്ടാം ജന്മദിനത്തിലാണ് ബഗാന്റെ ഓഹരികളിൽ 80 ശതമാനവും ഊതിവീർപ്പിക്കപ്പെട്ട ഫ്രാഞ്ചൈസി സോക്കർ ലീഗിൽ ഒരു ടീമിന്റെ ഉടമസ്ഥാവകാശമുള്ള സ്വകാര്യ കമ്പനി സ്വന്തമാക്കിയത്. 


അടുത്ത സാമ്പത്തിക വർഷം മുതൽ ബഗാന്റെ പേരുമാറും. അവർ എ.ടി.കെ-മോഹൻ ബഗാനായി മാറും. ആർ.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോൾ ടീമാണ് എ.ടി.കെ. രാജ്യത്തെ പ്രമുഖ ലീഗായി മാറിയ ഐ.എസ്.എല്ലിലെ ഒരു ടീമാണ് എ.ടി.കെ. ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ഈ ഒരു കീഴടങ്ങൽ അപൂർവമായിരിക്കും. ചരിത്രവും പാരമ്പര്യവുമുള്ള ഒരു ക്ലബ് അതിന്റെ പേരും പ്രശസ്തിയും വലിയ ആരാധക പിന്തുണയില്ലാത്ത, എന്നാൽ വലിയ മടിശ്ശീലയുള്ള ഒരു സംഘത്തിന് അടിയറ വെക്കുകയാണ് ചെയ്തത്. 
മോഹൻ ബഗാൻ-എ.ടി.കെ ലയനത്തിന്റെ പ്രത്യാഘാതം പലരീതിയിൽ വായിച്ചെടുക്കാം. ഇത് കാലത്തിന്റെ ദുരന്തമാണ്. പാരമ്പര്യത്തിനു മേൽ പണത്തിന്റെ ആധിപത്യം. ഒപ്പം വിജയകരമായ, ജനപ്രിയമായ, ഇന്ത്യയുടെ മുക്കുമൂലകളെ പ്രതിനിധീകരിക്കുന്ന, ഇന്ത്യൻ ഫുട്‌ബോളിന്റെ ഹൃദയസ്പന്ദനമായ ഒരു ഫുട്‌ബോൾ ലീഗിനെ (ഐ-ലീഗ്) ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ശ്രമം കൂടിയാണ്. 
മോഹൻ ബഗാനെ മാത്രമല്ല ഈസ്റ്റ് ബംഗാളിനെയും അടുത്ത വർഷം ഐ.എസ്.എല്ലിൽ ഉൾപെടുത്തും. നൂറ്റാണ്ടിന്റെ പെരുമയുള്ള ഈ ക്ലബ്ബുകളാണ് പതിറ്റാണ്ടുകളായി ഇന്ത്യൻ ഫുട്‌ബോളിന്റെ നട്ടെല്ല്. ആധുനിക കാലത്തും ഫുട്‌ബോളിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരങ്ങൾ. ഈ രണ്ട് ടീമുകൾ പിന്മാറുന്നതോടെ ഐ-ലീഗിന്റെ ആകർഷണം ഇല്ലാതാവും. ഐ.എസ്.എൽ സ്ഥാനക്കയറ്റമോ തരംതാഴ്ത്തലോ ഇല്ലാത്ത ടൂർണമെന്റാണ്. അതിന്റെ വാതിലുകൾ മറ്റുള്ളവർക്കു മുന്നിൽ കൊട്ടിയടച്ചിരിക്കുകയാണ്. ഐ-ലീഗിനെ ശ്വാസം മുട്ടിക്കുന്നത് ബോധപൂർവം തന്നെയാണ്. 


മോഹൻ ബഗാൻ എ.ടി.കെയിൽ ലയിക്കുന്നത് റിയലൻസിന്റെ വിജയമാണ്. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മാർക്കറ്റിംഗ് പാർട്ണറാണ് അവർ. റിലയൻസിന്റെ സബ്‌സിഡിയറി ആയ ഫുട്‌ബോൾ സ്‌പോർട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് നടത്തുന്ന സ്വകാര്യ ടൂർണമെന്റാണ് ഐ.എസ്.എൽ. ഒരു കാര്യം സത്യമാണ്. ഐ.എസ്.എൽ ഇന്ത്യയിലെ ഫുട്‌ബോൾ മേലാളന്മാരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം അടിസ്ഥാനതലത്തിലുള്ള ഫുട്‌ബോളിന്റെ വളർച്ചയെയും വികസനത്തെയുംകാൾ പ്രധാനമാണ് സാമ്പത്തികമായ നിലനിൽപ്. 
ഏകപക്ഷീയമായ ലയനത്തോടെ മോഹൻ ബഗാനെ എ.ടി.കെ വിഴുങ്ങുമ്പോൾ ഫുട്‌ബോൾ സ്‌പോർട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് അതിന്റെ ശക്തിയാണ് വിളംബരം ചെയ്യുന്നത്. ആർ.പി ഗോയങ്ക ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദത്തിന്റെ നിമിഷമാണ്. ഒരു പൈസ പോലും അധികം ചെലവിടാതെ ഒറ്റ രാത്രി കൊണ്ട് അവർക്കു കിട്ടുന്നത് ബഗാന്റെ കോടിക്കണക്കിന് ചുവപ്പും മറൂണുമണിഞ്ഞ ആരാധകരെയാണ്. 80 ശതമാനം നിയന്ത്രണം ലഭിച്ചതോടെ ബഗാന്റെ ഡയരക്ടർ ബോർഡിൽ ഇനി എ.ടി.കെ കാര്യങ്ങൾ തീരുമാനിക്കും. കളിക്കാരെയും കോച്ചിനെയും അവർ തെരഞ്ഞെടുക്കും. ഏകാധിപത്യ ശൈലി മാത്രം അറിയാവുന്ന ബഗാന്റെ പുതിയ ഡയരക്ടർ ബോർഡിന് ഉത്തരവ് സ്വീകരിക്കുന്ന പുതിയ രീതി ഉൾക്കൊള്ളുക വലിയ വെല്ലുവിളി തന്നെയായിരിക്കും.  
2015 ൽ മക്ഡവൽ സ്‌പോൺസർ സ്ഥാനം ഒഴിഞ്ഞതു മുതൽ തൃണമൂലിന്റെ മുൻ എം.പി സ്വപൻ സാധൻ ടുടു ബോസ് തന്റെ കുത്തക പോലെ കൊണ്ടുനടക്കുകയായിരുന്നു ക്ലബ്ബിനെ. ഈ ബിസിനസുകാരന്റെ ഉത്തരവായിരുന്നു അവിടെ അവസാന വാക്ക്. കാർഗൊ ബിസിനസിലും മീഡിയ ഇൻഡസ്ട്രിയിലും ഓഹരികളുള്ള ബോസ് വർഷം ആറു കോടിയോളം രൂപയാണ് ബഗാനിൽ ചെലവിട്ടത്. മുടക്കുമുതലിന് ലാഭം കിട്ടാതായതോടെ ബോസ് എ.ടി.കെയെ ഇരുകൈയും നീട്ടി സ്വീകരിച്ചതിൽ അദ്ഭുതമില്ല. ഇതൊരു ബിസിനസ് തീരുമാനമാണെന്നും അതിൽ വികാരത്തിന് സ്ഥാനമില്ലെന്നുമാണ് ലയനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ പുതിയ കൂട്ടുകെട്ട് എത്രകാലം നിലനിൽക്കുമെന്ന് കണ്ടറിയണമെന്നാണ് അന്തപുര സംസാരം. തൽക്കാലം ക്ലബ്ബിന് ഐ.എസ്.എല്ലിൽ പ്രവേശനം ലഭിക്കും. സാമ്പത്തികബാധ്യതകൾ എ.ടി.കെ വഹിക്കും. എന്നാൽ ഉത്തരവുകൾ സ്വീകരിച്ചു പരിചയമുള്ള ആളല്ല ബോസ്...


തീർത്തും ഏകപക്ഷീയമെന്നാണ് ലയനത്തെ മുൻ ഇന്ത്യൻ നായകൻ സുബ്രത ഭട്ടാചാര്യ വിശേഷിപ്പിച്ചത്. ക്ലബ്ബിന്റെ നായകനും കോച്ചുമായിരുന്ന സുബ്രതക്ക് ആരാധകരുടെ വികാരം സ്വന്തം ഹൃദയസ്പന്ദനം പോലെ അറിയാം. ബഗാന്റെയും ഇന്ത്യയുടെയും മാത്രം ജഴ്‌സിയിട്ട കളിക്കാരനാണ് സുബ്രത. 55-45 ശതമാനം വീതംവെപ്പായിരുന്നുവെങ്കിൽ പോലും ആശ്വാസമുണ്ടായേനേയെന്ന് സുബ്രത പറയുന്നു. മോഹൻ ബഗാന് അതിന്റെ പാരമ്പര്യം നിലനിർത്താനും മാറ്റത്തിന്റെ പതാകവാഹകരാവാനും സാധിക്കട്ടെയെന്ന് ആഗ്രഹിക്കാനേ പറ്റൂ. പുതിയ കൂട്ടായ്മക്ക് അടിസ്ഥാനതലത്തിൽ കളിക്കാരെ വളർത്തിയെടുക്കാനും അവർക്ക് കളിക്കാനൊരു വേദിയൊരുക്കാനും സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു -സുബ്രത പറയുന്നു.
ഒരു ഐ.എസ്.എൽ ടീം വർഷത്തിൽ 40 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. റിലയൻസും എ.ഐ.എഫ്.എഫുമായുള്ള കരാർ 2015 ലാണ് അവസാനിക്കുക. നിരന്തരം മാറുന്ന എ.ഐ.എഫ്.എഫിന്റെ റോഡ് മാപ്പ് മാനദണ്ഡമാക്കാമെങ്കിൽ ഐ.എസ്.എല്ലിനു തന്നെയായിരിക്കും മേൽക്കൈ. ചെറിയ ബജറ്റിൽ പ്രവർത്തിക്കുന്ന പഞ്ചാബിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും ക്ലബ്ബുകൾക്ക് പിടിച്ചുനിൽക്കുക പ്രയാസമാവും. ഐ-ലീഗ് ക്ലബ്ബുകൾക്ക് നിലനിൽക്കാൻ ഇനി വലിയ പ്രചോദനവും പ്രോത്സാഹനവുമൊന്നുമുണ്ടാവില്ല. സ്ഥാനക്കയറ്റം നേടാനാവുമെന്ന സ്വപ്‌നം പോലുമില്ലെങ്കിൽ കളിച്ചിട്ടെന്താണ് കാര്യം. 


അടുത്ത ഇര ഈസ്റ്റ് ബംഗാളാണ്. ഇപ്പോഴത്തെ ഈസ്റ്റ് ബംഗാൾ സ്‌പോൺസർമാരായ ക്വെസ് മെയ് മാസത്തോടെ വഴിപിരിയും. എന്തു സംഭവിച്ചാലും ഈസ്റ്റ് ബംഗാൾ അതിന്റെ പാരമ്പര്യം ഉപേക്ഷിക്കില്ലെന്നാണ് സീനിയർ ക്ലബ് ഒഫിഷ്യൽ ദേബബ്രത നീതു സർക്കാർ പ്രഖ്യാപിച്ചത്. ഈസ്റ്റ് ബംഗാൾ ഒരു പ്രസ്ഥാനമാണ്. കോടിക്കണക്കിന് ആരാധകരുടെ വികാരമാണ് ഇതിന്റെ മുതൽക്കൂട്ട്. നിലനിൽപിനായി പൊരുതേണ്ടി വരുമെന്ന് അറിയാം. എന്നും പോരാട്ടമായിരുന്നു ഞങ്ങളുടെ വഴി -അദ്ദേഹം പറഞ്ഞു. 
ആർ.പി ഗോയങ്ക ഗ്രൂപ്പ് തങ്ങളെയും സമീപിച്ചിരുന്നുവെന്നും എന്നാൽ 50 ശതമാനത്തിൽ കുറഞ്ഞ ഓഹരി മാത്രമേ നൽകൂ എന്ന് നിലപാടെടുത്തപ്പോൾ പിന്മാറിയതാണെന്നും ദേബബ്രത വെളിപ്പെടുത്തി. നിങ്ങൾ 40 കോടി രൂപ ചെലവിടുന്നുണ്ടാവാം. എന്നാൽ പകരം കിട്ടുന്നത് നാലു കോടി ആരാധകരെയാണ്. അതിനാൽ നിയന്ത്രണം നിങ്ങൾക്കു വിട്ടുതരാനാവില്ല -ഇതായിരുന്നു തങ്ങളുടെ വാദമെന്ന് ദേബബ്രത വിശദീകരിച്ചു. 
പ്രായോഗികതയുടെ കാലത്ത് ഉറച്ച നിലപാടുകൾ വീരവാദമായി മാറിയേക്കും. പ്രായോഗികതയുടെ യാഥാർഥ്യം മോഹൻ ബഗാൻ അംഗീകരിച്ചു കഴിഞ്ഞു. വെല്ലുവിളികളുടെ ചുഴികളെ എങ്ങനെയാണ് ഈസ്റ്റ് ബംഗാൾ അതിജീവിക്കുകയെന്നത് ഫുട്‌ബോൾ പ്രേമികൾ ആശങ്കയോടെ ഉറ്റുനോക്കും.ഒരു ലക്ഷത്തിലേറെ പേരാണ് മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ മത്സരം കാണാൻ തടിച്ചുകൂടിയിരുന്നത്.



 

Latest News