Sorry, you need to enable JavaScript to visit this website.

വേണം ഒരു പൗരത്വം

കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കാൻ ഗർഭിണികൾ പ്രസവിക്കാൻ വേണ്ടിമാത്രം അമേരിക്കയിലേക്ക് വിമാനം കയറുന്ന പ്രവണത പണ്ടുമുതൽക്കെ ഉണ്ടായിരുന്നു. പസിഫിക് ദീപായ സായ്പനിലേക്ക് യാത്രക്കെത്തിയ ഒരു സ്ത്രീയെ വിമാനത്താവളത്തിൽവെച്ച് ഗർഭ പരിശോധന നടത്തിയ സംഭവം വിവാദമായത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ വിലയിരുത്തുമ്പോൾ 'കേവലം ഒരു അമേരിക്കൻ പൗരത്വത്തിനു വേണ്ടി' കാതങ്ങൾ താണ്ടി എന്തിനു അമേരിക്കയിലേക്ക് പോവുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്. അമേരിക്കൻ പൗരത്വത്തിനുള്ള മഹനീയ പ്രാധാന്യം എന്തൊക്കെയാണ്?  വർത്തമാന ഇന്ത്യയിൽപൗരത്വം നഷടപ്പെടുമെന്ന ഭയത്താൽ സ്ത്രീകളും കുട്ടികളും, ജാതിമതഭേദമന്യേ ഇന്ത്യൻ തെരുവുകളിലും, യൂണിവേഴ്‌സിറ്റികൾക്കകത്തും പുറത്തും വ്യാപകമായി സമരം ചെയ്യുന്നത് തങ്ങൾക്കു ഇന്ത്യൻ ഭരണഘടന നൽകിയ അവകാശങ്ങൾ ഭരണകൂടം നിഷേധിക്കുന്ന ഗൗരവമേറിയ സാഹചര്യം വന്നതിനാലാണ്. ജന്മം കൊണ്ടോ, വാസം കൊണ്ടോ, രക്ഷിതാക്കൾ ഇന്ത്യൻ പൗരന്മാർ ആയതു കൊണ്ടോ മാത്രമാണ് നാം ഇന്ത്യക്കാരായി ഇന്ത്യയിൽ ജീവിക്കുന്നത്. അത് ഒരു നിയമം കൊണ്ടില്ലാതാക്കുമ്പോൾ, ഇന്ത്യക്കാരെ  മതാടിസ്ഥാനത്തിൽ വേർതിരിക്കുമ്പോൾ അതിനെതിരെയുള്ള പ്രതിഷേധമാണ് ഇന്ത്യൻ തെരുവുകളിൽ.
ശരീരം മരവിക്കുന്ന തണുപ്പിൽ ദൽഹിയിലെ ഷഹീൻബാഗിൽ പതിനായിരക്കണക്കിന് സ്ത്രീകൾ രാപകൽ സമരം തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. 
പണ്ട്, കുവൈറ്റിൽ കുവൈറ്റ് എയർവേയ്‌സിൽ ജോലിചെയ്യുമ്പോൾ ചില മലയാളി കുടുംബങ്ങൾ അമേരിക്കയിലേക്കുള്ള അവരുടെ  യാത്രാ ഒരുക്കങ്ങൾ തയ്യാറാക്കാൻ എന്നെ സമീപിച്ചു. കുവൈറ്റിൽ നിന്ന് അമേരിക്കയിലേക്ക് നേരിട്ട് പറക്കാൻ കുവൈറ്റ് എയർവേയ്‌സ് വിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഗർഭിണികൾക്ക് വിമാനയാത്രക്ക് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. 
രേഖകൾ ശരിയാണെങ്കിൽ മാത്രമേ യാത്രാനുമതി വിമാനകമ്പനികൾ നൽകൂ.  പണചിലവിനു പുറമേ വിസ ലഭിക്കാനായി ബാങ്ക് ഡിപോസിറ്റ്,  പതിനെട്ടു മണിക്കൂർ നോൺ സ്‌റ്റോപ്പ് യാത്ര. അവിടത്തെ ഭീമമായ ആശുപത്രി ചെലവുകൾ വേറെയും. അപ്പോഴൊക്കെ എന്റെ  മനസ്സ്  മന്ത്രിക്കുന്നുണ്ടായിരുന്നു. 'ഇത്ര പാടുപെട്ടു ഒന്ന് പ്രസവിക്കാൻ മാത്രം എന്തിനു ഇവരൊക്കെ അമേരിക്കയിലേക്ക് പറന്നു പോവണം? ഉത്തരം അവർ തന്നെ പറഞ്ഞു:   ഭാര്യമാരുടെ പ്രസവം അമേരിക്കയിൽവെച്ച് നടന്നാൽ കുഞ്ഞിനു അമേരിക്കൻ പൗരത്വം കിട്ടും, അന്നുമുതൽ കുഞ്ഞിന്  എല്ലാ ആനുകൂല്യങ്ങളും ലഭിച്ചു തുടങ്ങും. കൊച്ചിന് പതിനെട്ടു കഴിഞ്ഞാൽ ഞങ്ങൾക്കും അങ്ങോട്ട് പോയി സ്ഥിര താമസമാക്കാം. അങ്ങനെ ഞങ്ങൾക്കും അമേരിക്കൻ പൗരത്വം കിട്ടും. ഭാവിയിൽ അമേരിക്കയിൽ സ്ഥിരം താമസമാക്കാനുള്ള കുറുക്കുവഴിയും അതോടൊപ്പം കൊച്ചു വലുതാവുമ്പോൾ അവനു അമേരിക്കൻ പൗരനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ കുടിയേറ്റക്കാരെ സഹർഷം സ്വാഗതം ചെയ്യുന്ന രാജ്യങ്ങളാണ്. എന്റെ  അനുജന്റെ  ഭാര്യയും പിന്നീട് ഇതേ പാത പിൻപറ്റി.  അവരുടെ മൂന്നു പ്രസവവും അമേരിക്കയിൽ വെച്ചായിരുന്നു. ഇന്നവർ അമേരിക്കക്കാരായി ജീവിക്കുന്നു. എല്ലാ ആനുകൂല്യങ്ങളും  അനുഭവിച്ച് ഒന്നാംകിട പൗരന്മാരായി സസുഖം വാഴുന്നു.
ഇന്ത്യയടക്കം മൂന്നാം ലോകരാജ്യങ്ങളിൽ പലയിടത്തും സ്വകാര്യ കുടിയേറ്റ വിസാ എജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഇത്തരം ഏജൻസികൾ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് കുടിയേറ്റ വിസകൾ തരപ്പെടുത്തും. 
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ് മേൽപറഞ്ഞരാജ്യങ്ങൾ കുടിയേറ്റ സൗകര്യങ്ങൾ കൂടുതലായി  ഒരുക്കിതുടങ്ങിയത്. 1920മുതൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുംവരെ നിരവധി  ഇന്ത്യക്കാർ അമേരിക്കയിലേക്ക് കുടിയേറി. മെക്‌സിക്കോയും ചൈനയും കഴിഞ്ഞാൽ ഇന്ന് ഏറ്റവും അധികം കുടിയേറ്റക്കാർ യു.എസിൽ  ഇന്ത്യൻ സമൂഹമാണ്. മുപ്പതു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർ ഇവിടുത്തെ വിവിധ സ്‌റ്റേറ്റുകളിൽ പലയിടത്തായി പരന്നു കിടക്കുന്നു. കാലിഫോർണിയ, ന്യൂജെഴ്‌സി, ടെക്‌സാസ്, ന്യൂയോർക്ക്, ഷിക്കാഗോ, സാൻ ജോസ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ അധിവസിക്കുന്നത്. 
കുടിയേറ്റ നിയമങ്ങൾ പഴയതുപോലെ വിശാലമല്ലെങ്കിലും  ഇപ്പോഴും അമേരിക്കയുടെ വാതായനങ്ങൾ പൂർണമായും കൊട്ടിയടക്കപെട്ടിട്ടില്ല. തീവ്രവാദ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അവരുടെ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കി എന്നതൊഴിച്ചാൽ  ഇവിടങ്ങളിലേക്കുള്ള ഒഴുക്ക് ഒരിക്കലും അവസാനിക്കുന്നില്ല. ഇനിയും ഒരു മൂന്നാം തലമുറ ഇവിടെ വരുമെന്ന കാര്യത്തിൽ അമേരിക്കൻ സമൂഹം പോലും സംശയിക്കുന്നില്ല. പണ്ടുമുതലേ എന്റെ ഒരു സംശയമാണ്.  
എന്തുകൊണ്ട് എല്ലാ രാജ്യക്കാരും അമേരിക്കയിലേക്ക് കുടിയേറാനും അവിടെ സ്ഥിരംതാമസമാക്കാനും വെമ്പൽകൊള്ളുന്നു? ജനിച്ചുവളർന്ന സ്വന്തം നാടും വീടുംവിട്ടു കണ്ണെത്താദൂരത്ത് കൂട്ടുകുടുംബ ബന്ധങ്ങളെപോലും  ഇട്ടെറിഞ്ഞു എന്തിനുവേണ്ടി  അമേരിക്കയിൽ വരുന്നു? ഈ ചോദ്യങ്ങൾക്കുള്ള മറുപടി തേടികൊണ്ടിരിക്കെ അവിചാരിതമായി 'വെങ്കിട്ട് അൻകാം' എന്ന ഒരു ഉത്തരേന്ത്യക്കാരൻ നടത്തിയ പഠന റിപ്പോർട്ട് കാണാൻ ഇടയായത്. 95% ഇന്ത്യക്കാരും അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നവരാണെന്ന അത്ഭുത സത്യമാണ് പഠനത്തിൽ കാണുന്നത്. ശേഷിക്കുന്ന 5% ശതമാനം മാത്രമാണ് ജനിച്ച നാട്ടിലേക്കോ അല്ലെങ്കിൽ ജന്മം കൊണ്ട് അമേരിക്കക്കാരനായി പോയെങ്കിലും സ്വന്തം അച്ഛനമ്മാരുടെ ജന്മനാട്ടിൽ മടങ്ങിപ്പോവാൻ ഇഷ്ടപ്പെടുന്നത്. ഈ പഠനം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. 
എന്തുകൊണ്ട് അമേരിക്കയിൽ കഴിയുന്ന 95% ഇന്ത്യക്കാരും  ഇന്ത്യയെ വെറുക്കുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സത്യസന്ധമായാണ് 95 ശതമാനക്കാരും മറുപടി പറഞ്ഞതെങ്കിൽ  ഇന്ത്യയിലെവിടെയോ കാതലായ പ്രശ്‌നങ്ങൾ ഉണ്ടെന്നുള്ള കാര്യത്തിൽ തർക്കമില്ല. വളരെ ദീർഘവീക്ഷണത്തോടെയാവണം വെങ്കിട്ട് ആ പഠനം നടത്തിയത്. സ്വന്തം പൗരത്വം തെളിയിക്കാൻ ഇന്ത്യക്കാർ തെരുവിലിറങ്ങുന്ന കൗതുകകരമായ കാഴ്ച  ലോകരാജ്യങ്ങൾ അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. ഫാസിസ്റ്റ് ഭരണകൂടത്തിനുള്ളിൽ സ്വന്തം പൗരന്മാർ ഭയത്തോടെ ജീവിക്കുന്ന  അവസ്ഥ എത്ര വേദനാജനകമാണ്. ഒന്നര മാസമായി ഇന്ത്യയിൽ നടന്നു വരുന്ന പൗരത്വ ഭേദഗതി നിയമത്തിന്നെതിരെയുള്ള സമരങ്ങൾ കാരണം ജനങ്ങളിൽ പകുതിയിലേറെപേരും മാനസികമായി തകർന്നിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠ അവരെ വല്ലാതെ തളർത്തിയിരിക്കുന്നു. അസമിൽ  നടപ്പാക്കിയപോലെ രേഖകൾ ഹാജരാക്കാൻ പറ്റിയില്ലെങ്കിൽ സർക്കാർ ഒരുക്കുന്ന തടവറകളിൽ കഴിയേണ്ടി വരുമോയെന്ന പേടിസ്വപ്‌നം അവരെ വേട്ടയാടുന്നു. 
എന്തുകൊണ്ട് ഇന്ത്യക്കാർ അമേരിക്കയിലേക്ക് കുടിയേറുന്നു എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമാണ് അവർക്ക് നൽകാനുള്ളത്: 'അധിക വരുമാനം, കൂടുതൽ സമ്പാദ്യം അതിലുപരി പിരിമുറുക്കമില്ലാത്ത സുഖജീവിതം. ഇന്ത്യയിൽ സാധാരണക്കാർ നേരിടുന്ന യാതൊരുവിധ അലോസരങ്ങളും ഇവിടെ ഒരാൾക്കും നേരിടേണ്ടി വരില്ല എന്ന സ്വസ്ഥമായ മാനസികാവസ്ഥ. അഭയം തേടിയെത്തിയവർക്ക് വിട്ടുപോവാൻ മനസ്സില്ലാത്ത വിധം ഈ രാജ്യം നിങ്ങളെ സ്‌നേഹിക്കുന്നു.  
വളർത്തി വലുതാക്കുന്നു.  യാതൊരു വിവേചനവും കാണിക്കാതെ സ്വന്തം കുഞ്ഞായി ശുശ്രൂഷിക്കുന്നു. ഇക്കാരണങ്ങളാലാണ് 95 ശതമാനവും അമേരിക്ക വിട്ടുപോവാത്തത്. ലീഗൽ സ്റ്റാറ്റസ് ഉള്ള ഏതൊരു മനുഷ്യനും വിവേചനമില്ലാതെ അമേരിക്കയിൽ ജീവിക്കാം. തൊലിയുടെ നിറമോ, പണത്തിന്റെ  ഏറ്റക്കുറച്ചിലോ ഇവിടെ ആരെയും വേർതിരിക്കുന്നില്ല. ഇഷ്ടം പോലെ ജീവിക്കാം, ആരും ആരെയും ശ്രദ്ധിക്കുന്നില്ല. 
വീടുകൾ മതിൽ കെട്ടി വേർതിരിക്കാത്ത പോലെ അവരുടെ മനസ്സുകളിലും മതിലുകൾ കെട്ടുന്നില്ല. മതത്തിൻെറയോ ജാതിയുടെയോ പേരിൽ ആരും തന്നെ അകറ്റി നിർത്തുന്നില്ല. വർണവിവേചനമോ ജോലിയുടെ ഉയർച്ച താഴ്ച്ചയോ ആരും ചോദിക്കുന്നില്ല.
സാഹോദര്യ മനോഭാവത്തോടെ പരസ്പര വിശ്വാസത്തോടെ ജീവിക്കുന്ന ഒരവസ്ഥ. ആശുപത്രികൾ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നു. മേത്തരം ചികിത്സ  ലഭ്യമാവും വിധം അവർ പൗരന്മാരെ ശുശ്രൂഷിക്കുന്നു. കുട്ടികളുടെ പഠനകാര്യത്തിലും സ്‌റ്റേറ്റ് ആവോളം സഹായിക്കുന്നു. പഠനത്തിന്റെ മികവ്  അനുസരിച്ച് ഏതു സർവകലാശാലയിലും  പഠിക്കാനുള്ള സൗകര്യം സർക്കാർ തന്നെ ഒരുക്കുന്നു. 


 

Latest News