- ഈ സാമ്പത്തിക വർഷം പ്രതീക്ഷിച്ച വരുമാനം 13.5 ലക്ഷം കോടി, പിരിഞ്ഞുകിട്ടാൻ സാധ്യത 11.5 ലക്ഷം
മുംബൈ- രണ്ട് പതിറ്റാണ്ടിലാദ്യമായി കോർപറേറ്റ് നികുതി, ആദായ നികുതി തുടങ്ങി നേരിട്ടുള്ള നികുതി വരുമാനത്തിൽ രാജ്യം കുറവ് നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. സാമ്പത്തിക മുരടിപ്പും, കോർപറേറ്റ് നികുതി നിരക്കിലെ ഇളവുമാണ് വരുമാനം കുറയാൻ കാരണമാവുന്ന ഘടകങ്ങളെന്ന് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തിൽ പ്രത്യക്ഷ നികുതിയായി 13.5 ലക്ഷം കോടി രൂപ വരുമാനമാണ് മോഡി സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്, മുൻ വർഷത്തേക്കാൾ 17 ശതമാനം കൂടുതൽ. എന്നാൽ ഈ മാസം 23 വരെ കേന്ദ്ര നികുതി വകുപ്പിന് പിരിക്കാൻ കഴിഞ്ഞത് 7.3 ലക്ഷം കോടി മാത്രം. മുൻ വർഷം ഇതേ കാലയളവിലേതിനേക്കാൾ 5.5 ശതമാനം കുറവാണിതെന്ന് നികുതി വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളും പിന്നിടുമ്പോഴും പ്രതീക്ഷിച്ച നികുതി വരുമാനത്തിന്റെ പകുതിയിൽ കൂടുതൽ മാത്രമേ പിരിക്കാൻ കഴിഞ്ഞുള്ളൂവെന്നത് അപായ സൂചനയായാണ് വിദഗ്ധർ കാണുന്നത്.
സാധാരണ ഗതിയിൽ ഒരു സാമ്പത്തിക വർഷത്തെ മൊത്തം പ്രത്യക്ഷ നികുതി വരുമാനത്തിന്റെ 30-35 ശതമാനമാണ് അവസാന മൂന്ന് മാസങ്ങളിൽ പിരിഞ്ഞുകിട്ടുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരമാണ് ഈ നിഗമനം. ഇത്തവണയും ഇതാണ് സ്ഥിയിയെങ്കിൽ ഈ സാമ്പത്തിക വർഷത്തെ മൊത്തം പ്രത്യക്ഷ നികുതി വരുമാനം 11.5 ലക്ഷം കോടി മാത്രമായിരിക്കുമെന്നാണ് റോയിട്ടേഴ്‌സ് അഭിമുഖം നടത്തിയ എട്ട് നികുതി വകുപ്പ് ഉന്നതോദ്യോഗസ്ഥർ പറഞ്ഞത്. അതായത് കഴിഞ്ഞ സാമ്പത്തി വർഷത്തേക്കാൾ ഏതാണ്ട് പത്ത് ശതമാനം കുറവ്. ഇതാദ്യമായിട്ടായിരിക്കും നേരിട്ടുള്ള നികുതി വരുമാനത്തിൽ നമുക്ക് ഇടിവ് നേരിടുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കേന്ദ്ര സർക്കാർ വരുമാനത്തിന്റെ 80 ശതമാനവും നേരിട്ടുള്ള നികുതിയിനത്തിൽ കിട്ടുന്നതായിരിക്കെ ഇതിലുണ്ടാവുന്ന ഇടിവ് വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. സർക്കാർ ചെലവിനും ബജറ്റ് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും കൂടുതൽ കടമെടുക്കേണ്ടിവരും. അല്ലെങ്കിൽ റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്ന് ഇനിയും കയ്യിട്ടു വാരേണ്ടിവരും. ഏതായാലും കമ്മി കൂടാനും, പണപ്പെരുപ്പം വർധിക്കാനുമിടയാക്കും.
സാമ്പത്തിക മുരടിപ്പാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയുന്നത്. വിവിധ മേഖലകളിൽ ഡിമാന്റ് കുറഞ്ഞത് കമ്പനികളുടെ ബിസിനസിനെ ബാധിച്ചു. നിക്ഷേപം കുറഞ്ഞു, ഒപ്പം തൊഴിലുകളും. ഇതിനുപുറമെ നിക്ഷേപകരെ ആകർഷിക്കുന്നതിനായി കോർപറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയും വരുമാനം കുറയാനിടയാക്കി.