വുഹാന്‍- ചൈനയില്‍ 26 പേരുടെ ജീവനെടുത്ത പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കി. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത 13 നഗരങ്ങള്‍ അധികൃതര്‍ അടച്ചു. നാല് കോടിയിലേറെ ജനങ്ങളെയാണ് നിയന്ത്രണങ്ങള്‍ ബാധിച്ചിരിക്കുന്നത്. ഭീതിയിലായ ജനങ്ങള്‍ പനി പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്താന്‍ പരക്കംപായുന്നു. ബീജിംഗിലെ ഫോര്‍ബിഡന്‍ സിറ്റിയും ഷാങ്ഹായിയിലെ ഡിസ്നി ലാന്‍ഡും വന്മതിലിന്റെ ഒരു ഭാഗവും താല്‍ക്കാലികമായി അടച്ച അധികൃതര്‍ വന്‍ ജനസാന്നിധ്യമുണ്ടാകാറുള്ള പുതുവത്സരാഘോഷം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 2002-2003 ല്‍ ചൈനയിലും ഹോങ്കോംഗിലുമായി നൂറുകണക്കിനു മരണങ്ങള്‍ക്കു കാരണമായ സാര്‍സ് വൈറസിന് സമാനമായതിനാല്‍ ജനങ്ങള്‍ തീര്‍ത്തും ഭീതിയിലാണ്. ഡിസംബര്‍ അവസാനത്തോടെ വ്യവസായ നഗരമായ വുഹാനില്‍ സ്ഥിരീകരിച്ച പുതിയ വൈറസ് അമേരിക്കയടക്കം നിരവധി രാജ്യങ്ങളിലെത്തിയിരിക്കയാണ്.
രോഗം ബാധിച്ചവരുടെ എണ്ണം 800 കവിഞ്ഞുവെന്നും 117 പേരുടെ നില ഗുരുതരമാണെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു. 1072 പേര്‍ക്ക് രോഗബാധ സംശയിക്കുന്നുമുണ്ട്. വുഹാനിലായിരുന്നു ഇതുവരെ മരണങ്ങളെങ്കില്‍ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയിലോങ്ജിയാങ്ങില് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. സാര്‍സ് ബാധക്കു വിരുദ്ധമായി ഉടന്‍ തന്നെ വിവരങ്ങള്‍ പുറത്തുവിട്ട ചൈനയുടെ നടപടി സ്വാഗതം ചെയ്യപ്പെട്ടു. സാര്‍സ് ബാധിച്ചപ്പോള്‍ ലോകാരോഗ്യ സംഘടനാ വിദഗ്ധരെ വിളിക്കാത്തതിനു പുറമെ, മാസങ്ങളോളം വൈറസ് ബാധ പുറത്തുവിട്ടിരുന്നില്ല.






