റിയാദ് ഇന്ത്യൻ സ്‌കൂളിൽ ഓൺലൈനിൽ ഫീസടച്ചാൽ  അധിക ചാർജ് ഈടാക്കുന്നതായി പരാതി

റിയാദ് - റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥികളുടെ ഫീസ് ബാങ്ക് വഴി അടച്ചാൽ അധിക ചാർജ് ഈടാക്കുന്നതായി പരാതി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, ഓൺലൈൻ ഇടപാടുകൾക്ക് 7.35 റിയാൽ അധിക ചാർജായി അടക്കേണ്ടി വരുന്നു. സ്‌കൂളിലെത്തി ബാങ്ക് കാർഡ് വഴി പണമടച്ചാൽ മൊത്തം ഫീസിന്റെ രണ്ടു ശതമാനം അധികവുമടക്കണം. 
ഇത് അന്യായമാണെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്. ബാങ്കാണ് ഇത് ഈടാക്കുന്നത് എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നതെങ്കിലും ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർ യാതൊരു ചാർജും ഈടാക്കുന്നില്ലെന്നാണ് അറിയിച്ചത്.  


റിയാദിലെ മറ്റു സ്‌കൂളുകളെല്ലാം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി ഫീസ് സ്വീകരിക്കാറുണ്ടെങ്കിലും അധിക ചാർജ് ഈടാക്കുന്നില്ല.
നേരത്തെ സ്‌കൂളിൽ ഫീസുകൾ സ്വീകരിക്കാൻ പ്രത്യേക കാഷ് കൗണ്ടർ ഉണ്ടായിരുന്നു. അതൊഴിവാക്കി ഇപ്പോൾ ബാങ്ക് വഴി പണമടക്കുന്ന സംവിധാനമൊരുക്കി. സ്‌കൂളിലെത്തി ബാങ്ക് കാർഡ് വഴി പണമടച്ചാൽ മൊത്തം ഫീസിന്റെ രണ്ടു ശതമാനം അധികമടക്കണം. ഓൺലൈൻ വഴിയാണെങ്കിൽ 7.35 റിയാൽ അധികം നൽകണം. 


ബാങ്കാണ് ഇത് ഈടാക്കുന്നതെന്നാണ് സ്‌കൂളുമായി ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇത് സംബന്ധിച്ച് സൗദി ബ്രിട്ടീഷ് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ മദാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ വഴി പണമയക്കുന്നതിന് പ്രത്യേക ചാർജ് ഈടാക്കില്ലെന്നും അങ്ങനെ ഈടാക്കുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണെന്നും ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് വാണിജ്യ മന്ത്രാലയത്തിന് പരാതി നൽകാമെന്നുമാണ് ബാങ്ക് ഒരു രക്ഷിതാവിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. 
ഇത്തരം ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കരുതെന്ന് സാമയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ചേരുന്ന ജനറൽ ബോഡി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.

 

Latest News