Sorry, you need to enable JavaScript to visit this website.

ഉപയോഗിച്ച എണ്ണ വില്‍ക്കാം, അത് ബയോഡീസലാക്കി ട്രക്കുകള്‍ക്ക് നല്‍കും

അബുദാബി- അടുക്കളയില്‍ ഉപയോഗിച്ച എണ്ണ ഇനി എവിടെയും ഒഴുക്കിക്കളയണ്ട. വിറ്റ് കാശാക്കാം. ഇത് ബയോഡീസലാക്കി മാറ്റി വാഹനങ്ങള്‍ക്ക് നല്‍കും. ഈ വര്‍ഷം അവസാനത്തോടെ ഈ പരിപാടി അബുദാബിയില്‍ നടപ്പില്‍വരുമെന്ന് അബുദാബിയിലെ സെന്റര്‍ ഓഫ് വേസ്റ്റ് മാനേജ്‌മെന്റിന്റെ (തദ്വീര്‍)  ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉപയോഗിച്ച പാചക എണ്ണയെ ബയോഡീസലാക്കി മാറ്റുന്നതിനുള്ള പ്ലാന്റ് ഈ വര്‍ഷാവസാനത്തോടെ തുറക്കുമെന്ന് തദ്വീര്‍ ജനറല്‍ മാനേജര്‍ ഡോ. സലിം ഖല്‍ഫാന്‍ അല്‍ കാബി പറഞ്ഞു.
റെസ്‌റ്റോറന്റുകള്‍, കഫറ്റീരിയകള്‍, ഹോട്ടലുകള്‍, താമസക്കാര്‍ എന്നിവര്‍ക്ക് ഉപയോഗിച്ച എണ്ണ വില്‍ക്കാന്‍ കഴിയും. ഇതിന് പണം നല്‍കും. വിപണി വിലയനുസരിച്ച് അവര്‍ക്ക് പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ താമസക്കാരും വാണിജ്യ സ്ഥാപനങ്ങളും ഉപയോഗിച്ച പാചക എണ്ണ അഴുക്കുചാലിലേക്ക് ഒഴുകുന്നതാണ്, ഇത് പലപ്പോഴും തടസ്സത്തിന് കാരണമാകുമെന്ന് ഡോ. അല്‍ കാബി പറഞ്ഞു.
എമിറേറ്റിലെ ഈ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ സര്‍ക്കാര്‍ വലിയ തുക ചിലവഴിക്കുന്നു.
ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഉടന്‍ തന്നെ പ്രചരണം ആരംഭിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ തരത്തിലുള്ള മാധ്യമങ്ങള്‍, സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ എന്നിവരിലൂടെ ആളുകളെ ഇതിനെക്കുറിച്ച് ബോധവത്കരിക്കും.
ബയോഡീസല്‍ തയ്യാറായിക്കഴിഞ്ഞാല്‍, അത് പ്രാദേശിക വിപണിയില്‍ വില്‍ക്കും, അഡ്‌നോക്ക് പോലും അത് സ്വീകരിക്കും. ഇത് പച്ച ഡീസലാണ്, അത് ട്രക്കുകളില്‍ ഉപയോഗിക്കാന്‍ കഴിയും - അദ്ദേഹം പറഞ്ഞു.
2030 ഓടെ 85 ശതമാനം മാലിന്യങ്ങളും റീസൈക്ലിംഗ് പ്ലാന്റുകളിലേക്ക് തിരിച്ചുവിടാനും തദ്വീര്‍ ലക്ഷ്യമിടുന്നു. വീട്ടില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 

Latest News