ജിസാൻ - ബോട്ടിലെ ഇന്ധനം തീർന്ന് നടുക്കടലിൽ കുടുങ്ങിയ മൂന്നു സൗദി പൗരന്മാരെ ജിസാൻ സെക്ടർ അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ധനം തീർന്നതിനാൽ നടുക്കടലിൽ കുടുങ്ങിയതായി ബോട്ട് ഉടമ അതിർത്തി സുരക്ഷാ സേനക്കു കീഴിലെ കമാണ്ട് ആന്റ് കൺട്രോൾ സെന്ററിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നെന്ന് ജിസാൻ പ്രവിശ്യ അതിർത്തി സുരക്ഷാ സേനാ ആക്ടിംഗ് വക്താവ് കേണൽ ഹസൻ അൽഖുസൈബി പറഞ്ഞു.
ഈ സമയത്ത് ബോട്ട് ബേശ് സെക്ടർ പരിധിയിലായിരുന്നു. ഉടൻ തന്നെ നാവിക പട്രോളിംഗ് യൂനിറ്റിനെ സ്ഥലത്തേക്ക് അയക്കുകയും പ്രവർത്തനരഹിതമായ ബോട്ട് കണ്ടെത്തി യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. ആവശ്യമായ ഇന്ധനം നൽകി ബോട്ട് പിന്നീട് റാസ് അൽത്വർഫ ജെട്ടിയിലെത്തിച്ചതായും കേണൽ ഹസൻ അൽഖുസൈബി പറഞ്ഞു.