റിയാദ് - വാഹനങ്ങൾ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിൽ അക്കൗണ്ട് നിർബന്ധമാക്കുന്ന വ്യവസ്ഥ വൈകാതെ നടപ്പാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
സൗദികൾക്കും വിദേശികൾക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും. ഇത് നിലവിൽ വരുന്നതോടെ അബ്ശിർ അക്കൗണ്ടില്ലാത്തവർക്ക് കാറുകൾ വാങ്ങുന്നതിനോ വാടകക്കെടുക്കുന്നതിനോ സാധിക്കില്ല.
വാഹനങ്ങൾ വാങ്ങുകയും വാടകക്കെടുക്കുകയും ചെയ്യുന്നവർ ആൾമാറാട്ടം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് വാഹനങ്ങൾ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ഉപയോക്താക്കളുടെ അബ്ശിർ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് വെരിഫിക്കേഷൻ കോഡ് എസ്.എം.എസ് ആയി ലഭിക്കും. ഈ കോഡ് നൽകിയാൽ മാത്രമേ വാഹനങ്ങൾ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് സാധിക്കുകയുള്ളൂ.
വ്യാജ രേഖകൾ സമർപ്പിച്ച് മറ്റുള്ളവർ അറിയാതെ അവരുടെ പേരിൽ വാഹനങ്ങൾ വാങ്ങുകയോ വാടകക്കെടുക്കുകയോ ചെയ്ത് നടത്തുന്ന കൃത്രിമങ്ങൾ തടയാൻ പുതിയ വ്യവസ്ഥ നടപ്പാക്കുന്നതിലൂടെ കഴിയുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
എല്ലാവരും അബ്ശിറിൽ എത്രയും വേഗം രജിസ്റ്റർ ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.