കുവൈത്ത് സിറ്റി - ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടര്‍ ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ട് ഇറാന്‍ നേതാക്കള്‍ തെറ്റായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതില്‍ കുവൈത്തിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഇറാനിയെ കുവൈത്ത് വിദേശ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഖാസിം സുലൈമാനി വധത്തിന് ഉപയോഗിച്ച ഡ്രോണ്‍ കുവൈത്തില്‍ നിന്നാണ് പറന്നുയര്‍ന്നതെന്ന് ഇറാന്‍ നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കുന്നതിനാണ് ഇറാന്‍ അംബാസഡറെ കുവൈത്ത് വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്.
കുവൈത്ത് ഡെപ്യൂട്ടി വിദേശ മന്ത്രി ഖാലിദ് അല്‍ജാറല്ല ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യത്തിലുള്ള കുവൈത്തിന്റെ നിലപാടുകള്‍ അറിയിച്ചു. ബഗ്ദാദ് എയര്‍പോര്‍ട്ടിനു സമീപം വെച്ച് ഖാസിം സുലൈമാനിയെ വധിക്കുന്നതിന് നടത്തിയ ആക്രമണത്തില്‍ മറ്റു സൈനിക താവളങ്ങള്‍ക്കൊപ്പം കുവൈത്തിലെ അലി അല്‍സാലിം വ്യോമതാവളവും പങ്കാളിത്തം വഹിച്ചെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ വ്യോമസേനാ കമാണ്ടര്‍ അമീര്‍ അലി ഹാജി സാദ പലതവണ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതില്‍ കുവൈത്തിന്റെ പ്രതിഷേധം ഡെപ്യൂട്ടി വിദേശ മന്ത്രി ഇറാന്‍ അംബാസഡറെ അറിയിച്ചു.