Sorry, you need to enable JavaScript to visit this website.

അബു ആമിർ തൊട്ടറിഞ്ഞു, ഏറനാടൻ ഹൃദയമിടിപ്പ്

അബു ആമിർ
അബു ആമിർ (മധ്യത്തിൽ) കൊണ്ടോട്ടിയിലെ ഡയാലിസിസ് സെന്റർ സന്ദർശിക്കാനെത്തിയപ്പോൾ.

ജിദ്ദയിലെ നഹ്ദി ഫാർമസികളുടെ ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ അബു ആമിറിന്റെ വറ്റാത്ത സൗമനസ്യത്തിന്റെ പ്രതീകമാണ് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് റിസർച്ച് ആന്റ് റിഹാബിലിറ്റേഷൻ സെന്റർ. പൂർണമായും സൗജന്യ ചികിൽസ നൽകി വരുന്ന സാന്ത്വന കേന്ദ്രം. പുതിയ സജ്ജീകരണങ്ങളോടെ അടുത്തയാഴ്ച (ജനുവരി 30 വ്യാഴാഴ്ച) ഈ കേന്ദ്രം നാട്ടുകാർക്ക് സമർപ്പിക്കുന്നു.


മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പാവപ്പെട്ട ഒരു വൃക്ക രോഗിയുടെ ചികിൽസയുമായി ബന്ധപ്പെട്ട സഹായം തേടിയാണ് ജിദ്ദയിലെ പ്രവാസികൾ അബു ആമിർ എന്ന് സ്‌നേഹപൂർവം വിളിക്കുന്ന അബ്ദുല്ല ആമിർ അൽ നഹ്ദിയെ സമീപിച്ചത്. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 1250 ഫാർമസികൾ (നഹ്ദി ഫാർമസി) നടത്തുന്ന അബു ആമിറിന് കേരളം പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കീഴിലും അല്ലാതെയുമായി ജോലി ചെയ്യുന്ന മലയാളികളെയും അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നു. നഹ്ദി ഫാർമസിയുടെ ആരംഭം തൊട്ടേ, ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുമ്പ്, അവിടത്തെ സാധാരണ ജോലിക്കാരനായി തുടങ്ങി, ഇപ്പോൾ കമ്പനിയുടെ സീനിയർ ബയറായി സേവനമനുഷ്ഠിക്കുന്ന, കൊണ്ടോട്ടി കൊട്ടപ്പുറത്തെ പി.വി. ഹസൻ സിദ്ദീഖ് എന്ന ബാബുവാണ് നാട്ടിലെ വൃക്ക രോഗിക്ക് ഡയാലിസിസ് സഹായമന്വേഷിച്ച് അബു ആമിറിനെ സമീപിച്ചത്. ഉദാരമതിയായ അദ്ദേഹം അന്ന് ഒരു ഡയാലിസിസ് മെഷീൻ സംഭാവന ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും നാട്ടുകാരും സഹകരിച്ച് നാട്ടിൽ ഇതൊരു ജീവകാരുണ്യ സ്ഥാപനമായി മാറ്റിയെടുക്കുന്നതിനുള്ള നിമിത്തമായി കാണുകയായിരുന്നു. 


ജീവിതശൈലീ രോഗങ്ങളോടൊപ്പം കഴിഞ്ഞ കുറച്ച് വർഷമായി മലപ്പുറം ജില്ലയിൽ വൃക്ക രോഗവും പെരുകി വരുന്നതായാണ് റിപ്പോർട്ടുകൾ. ആരോഗ്യ വകുപ്പും സർക്കാർ ഏജൻസികളും ജാഗ്രതാപൂർവം സേവന രംഗത്തുണ്ടെങ്കിലും അനൗദ്യോഗിക സംഘടനകളുടേയും സാമൂഹിക പ്രവർത്തകരുടേയും ഈ രംഗത്തെ പ്രവർത്തനങ്ങളാണ് പലപ്പോഴും രോഗനിവാരണത്തിനും ചികിൽസക്കും പുതിയ മാതൃകകൾ നൽകുന്നത്. അബു ആമിർ കരുണാപൂർവം സംഭാവന ചെയ്ത ഡയാലിസിസ് മെഷീനും മറ്റു ചെറിയ സംവിധാനങ്ങളുമായി അഞ്ചു വർഷം മുമ്പാണ് കൊണ്ടോട്ടി കോടങ്ങാട്ട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ്, റിസർച്ച് ആന്റ് റീ ഹാബിലിറ്റേഷൻ സൊസൈറ്റിയുടെ തുടക്കം. 
സേവന വീഥിയിൽ കേരളത്തിന് സ്‌നേഹത്തിന്റെ തെളിനീര് പകർന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ആരംഭിച്ച ഈ സേവനക്കൂട്ടായ്മ ആശ്വാസത്തിന്റെ തണൽ പരത്തുന്ന വലിയൊരു പ്രസ്ഥാനമായി വളർന്നിരിക്കുന്നു.
അബു ആമിറിന്റെ സഹായം വീണ്ടും ലഭിച്ചു. കൊണ്ടോട്ടി ഡയാലിസിസ് കേന്ദ്രത്തിലെ ഓരോ രോഗിയുടെയും പരിചരണത്തിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായി. അഞ്ചു വർഷം കൊണ്ട് പതിനഞ്ച് ഡയാലിസിസ് മെഷീനുകളും സ്വന്തമായി നാലു നിലക്കെട്ടിടവും ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിക്ക് സ്വന്തമാക്കാനായത് അബു ആമിറിന്റെ കൂടി നിർലോഭമായ പിന്തുണ കൊണ്ടാണ്. സൗമനസ്യത്തിന്റെ സൗദി മാതൃക. നാട്ടുകാരുടെയും മറ്റ് ഉദാരമതികളുടെയും സഹായം കൂടിയായതോടെ സൗജന്യമായി ഡയാലിസിസ് ആവശ്യമായി വരുന്ന തികച്ചും അർഹരായ രോഗികളെ, അവർ തീർത്തും നിർധനരാണെന്ന മാനദണ്ഡത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രവേശിപ്പിക്കാനും ചികിൽസക്ക് വിധേയരാക്കാനും സാധിക്കുന്നു. ഇപ്പോഴും നൂറുകണക്കിന് രോഗികൾക്ക് ഇവിടം സൗജന്യ ഡയാലിസിസിന് വേണ്ടി ആശ്രയിക്കാമെന്നതാണ് ഓരോ വൃക്ക രോഗിയുടെയും അവരുടെ ആശ്രിതരുടെയും വലിയ ആശ്വാസം. തീർച്ചയായും അവരത്രയും ജിദ്ദയിലെ ഫാർമസി സാമ്രാജ്യത്തിന്റെ ഈ അധിപനെ മനസാ സ്മരിക്കുന്നു, ആദരിക്കുന്നു.
ഡയാലിസിസ് കേന്ദ്രത്തിന്റെ വിപുലീകരണമെന്ന ആശയം പ്രാവർത്തികമാക്കാനുള്ള യത്‌നം നാട്ടിലും പ്രവാസ ലോകത്തും സജീവമായി. അത്യാധുനിക സജ്ജീകരണങ്ങളോടെ 30 ന് വ്യാഴാഴ്ച സ്വന്തം കെട്ടിടത്തിലേക്ക് മാറുകയാണ് ഈ സേവന കേന്ദ്രം. പ്രതിദിനം 125 രോഗികൾക്കെങ്കിലും ആവശ്യമായ ഡയാലിസിസും അനുബന്ധ ചികിൽസയും ലഭ്യമാവുന്നതിനും മറ്റു മാരകരോഗങ്ങൾക്ക് വിധേയരാകുന്ന പാവങ്ങൾക്ക് സൗജന്യ ശുശ്രൂഷയൊരുക്കുന്നതിനും ഓട്ടിസം പോലുള്ള മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്ക് സഹായകമായ സംവിധാനം സജ്ജീകരിച്ച കേന്ദ്രമായി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് സെന്റർ ഉയർന്നു വന്നിരിക്കുകയാണ്. 


ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഡയാലിസിസ് യൂനിറ്റ്, നൂതന സാങ്കേതിക വിദ്യകളോട് കൂടിയ 25 ഡയാലിസിസ് മെഷീനുകൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഡോർമെറ്ററി സൗകര്യം, രോഗികൾക്ക് സൗജന്യ മരുന്ന് വിതരണത്തിനുള്ള ഫാർമസി, നൂതന സൗകര്യത്തോടെയുള്ള മെഡിക്കൽ / മൊബൈൽ ലബോറട്ടറി, വിശാലമായ വെയിറ്റിംഗ് ലൗഞ്ച്, വിദഗ്ധരായ നെഫ്രോളജിസ്റ്റുകളുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും സേവനം, സൗജന്യ ആംബുലൻസ് സംവിധാനം, രോഗികളുടെ കുടുംബത്തിന് പുനരധിവാസ പദ്ധതികൾ, രോഗ പ്രതിരോധ-നിർമാർജന പരിശീലന കേന്ദ്രങ്ങൾ എന്നിവയാണ് പുതിയ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 
ഓട്ടിസം-ഡൗൺ സിൻഡ്രോം ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രത്യേക പരിചരണ വിഭാഗത്തോടൊപ്പം തീരെ കിടപ്പിലായ രോഗികൾക്കായുള്ള ചികിൽസാ-പരിചരണ കേന്ദ്രവും സെന്ററിന്റെ ഭാഗമായി ഉയർന്നു വരുന്നു. 
ചികിൽസ വാണിജ്യവൽക്കരിക്കപ്പെട്ട, ഏറ്റവും വിലയേറിയതും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്തതുമായ ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു സൗജന്യ ചികിൽസാ-പരിചരണ- സാന്ത്വന കേന്ദ്രം ഏറനാടിന്റെ ആതുരസേവന ചരിത്രത്തിൽ കരുണയുടെ പുതിയ പാഠങ്ങളാണ് പകരുന്നത്.  നന്മയുടെയും ആർദ്രതയുടെയും കാവൽ. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ കാലിടറി വീണ സഹോദരങ്ങൾക്ക് പ്രത്യാശയുടെ പൊൻവെളിച്ചം. 

 

ചികിൽസാ വീഥിയിൽ അഞ്ചു വർഷം

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ടി.വി ഇബ്രാഹിം എം.എൽ.എ, പി.വി ഹസൻ സിദ്ദീഖ്, റഷീദലി പുളിക്കൽ എന്നിവർ മുഖ്യ ഉപദേഷ്ടാക്കളും പി.എ. ജബ്ബാർ ഹാജി (ചെയർമാൻ), പി.വി. മൂസ (ജനറൽ സെക്രട്ടറി), അബൂബക്കർ ഹാജി (ട്രഷറർ), പി.വി. മുഹമ്മദലി, കെ.പി. മുഹമ്മദ് ബാപ്പു (വൈസ് ചെയർമാന്മാർ), സി.ടി. മുഹമ്മദ്, പി.വി. അബ്ദുൽ ലത്തീഫ് (സെക്രട്ടറിമാർ) എന്നിവരുമടങ്ങുന്ന കമ്മിറ്റിയാണ് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ആന്റ് ഡയാലിസിസ് കേന്ദ്രത്തിന്റെ സാരഥ്യത്തിലുള്ളത്. ജനുവരി 30 ന് വ്യാഴാഴ്ച പുതിയ ഡയാലിസിസ് കേന്ദ്രത്തിന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഔപചാരികമായ ഉദ്ഘാടനം നടക്കുന്നു. 
സൗദി അറേബ്യയിലെ ജീവകാരുണ്യ രംഗത്ത് പുതിയ അധ്യായം രചിച്ച അബ്ദുല്ല അഹ്മർ ബിൻ മുനീഫ് നഹ്ദി എന്ന അബു ആമിർ തുടക്കം കുറിച്ച  ഈ കേന്ദ്രം മലപ്പുറം ജില്ലയുടെ സേവന പഥത്തിലെ പുതിയ വഴിവിളക്കായി പരിശോഭിക്കുമെന്നുറപ്പ്. ഇതിന് നിമിത്തമായ ജിദ്ദയിലെ കെ.എം.സി.സി, ഇസ്‌ലാഹി പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവും സന്നദ്ധ സേവന രംഗത്തെ കർമനിരതനുമായ പി.വി. ഹസൻ സിദ്ദീഖ് എന്ന ബാബുവിന്റെ നാമവും എടുത്തു പറയേണ്ടതുണ്ട്. 

 


 

Latest News