കൊറോണ മരണങ്ങള്‍ ഉയരുന്നു; ഡബ്യുഎച്ച് ഓ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും


ബീജിങ്- കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ അടിയന്തിര സമിതി ഇന്ന് ചേരാനിരിക്കുന്ന യോഗത്തിലാണ് നടപടി പ്രതീക്ഷിക്കുന്നത്. ആദ്യം ചൈനയിലും തുടര്‍ന്ന് യുഎസ്,തായ്‌ലാന്റ്,ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു.

മരണസംഖ്യയും ഉയരുകയാണ്. ചൈനയില്‍ നിലവില്‍ 17 മരണങ്ങളാണ് കൊറോണ കാരണം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കുമെന്ന വിലയിരുത്താലണ് വരുന്നത്. ഈ സാഹചര്യത്തില്‍ അഞ്ചുതവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. എബോള പടര്‍ന്ന സമയത്ത് രണ്ട് തവണയും പോളിയോ,സികാ വൈറസുകള്‍ പടര്‍ന്ന സാഹചര്യത്തില്‍ ഓരോ തവണയുമാണ് ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.കൊറോണ വൈറസ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്ന വിലയിരുത്തലിലാണ് ഇന്ന് വീണ്ടും ഡബ്യു എച്ച് ഓ യോഗം ചേര്‍ന്നത്.
 

Latest News