ഉറക്കത്തില്‍ വിഷവാതകം ശ്വസിച്ചു, ദുബായില്‍ രണ്ട് വീട്ടുജോലിക്കാര്‍ മരിച്ചു

ദുബായ്- ബര്‍ദുബായ് വില്ലയിലെ രണ്ട് ഏഷ്യന്‍ വീട്ടുജോലിക്കാര്‍  മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചു.
തണുപ്പകറ്റാന്‍ മുറിയില്‍ കരി തീ കത്തിച്ച ഉറങ്ങാന്‍ കിടന്നതാണ് ദുരന്തമായതെന്ന് അധികൃതര്‍ പറഞ്ഞു.
മുറിയുടെ ജനലുകളും വാതിലുകളും അടച്ചിരിക്കുന്നതിനാല്‍ മുറിയില്‍ വായുസഞ്ചാരം കുറവായിരുന്നു. ഉയര്‍ന്ന അളവിലുള്ള വാതകം വമിച്ചതിനാല്‍ മരണം പെട്ടെന്ന് സംഭവിച്ചെന്നാണ് കരുതുന്നത്.
രാവിലെ പതിവ് സമയത്ത് എഴുന്നേറ്റില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. പെട്ടെന്ന് ആംബുലന്‍സിനെ വിളിച്ചു,  പാരാമെഡിക് ജീവനക്കാര്‍ എത്തി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ഏറ്റവും അപകടകാരിയായ കൊലയാളിയാണെന്ന് കേണല്‍ അഹമ്മദ് അല്‍ മാരി വിശദീകരിച്ചു. ഇത് ശ്വാസകോശത്തില്‍ നിറയുമ്പോള്‍ വേദനയില്ലാതെ നിശബ്ദമായി കൊല്ലുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം ആറ് മരണങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഈ വര്‍ഷം ഇത് ആദ്യമാണ്.  
ശൈത്യകാലത്ത് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ കൂടുതല്‍ സംഭവിക്കാറുണ്ടെന്ന് അല്‍ മാരി പറഞ്ഞു. ഇതേക്കുറിച്ച് ബോധവത്കരണത്തിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest News