Monday , February   17, 2020
Monday , February   17, 2020

ആടുജീവിതത്തിനായി  മെലിഞ്ഞ് പൃഥ്വിരാജ്

ബെന്യാമിന്റെ ബെസ്റ്റ് സെല്ലർ നോവൽ ആടുജീവിതം സിനിമയാക്കുമ്പോൾ നായക കഥാപാത്രമായ നജീബ് ആയി മാറാനുള്ള കഠിന പരിശ്രമത്തിലാണ് പൃഥ്വിരാജ്. മരുഭൂമിയിൽ ആട്ടിടയന്റെ ദുരിത ജീവിതം നയിക്കേണ്ടിവന്ന  നജീബിന്റെ മെലിഞ്ഞൊട്ടിയ രൂപം പ്രാപിക്കുന്നതിനാണ് പൃഥ്വിയുടെ ഇപ്പോഴത്തെ ശ്രമം. മൂന്നു മാസത്തേക്ക് സിനിമയിൽനിന്നും ബ്രെയ്ക്ക് എടുത്താണ് പൃഥ്വി, നജീബിന്റെ രൂപത്തിലേക്ക് മാറിയത്. കഴിഞ്ഞ ദിവസം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പ്രിവ്യൂവിന് എത്തിയ പൃഥ്വിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മെലിഞ്ഞുണങ്ങി, താടിയും മുടിയും വളർന്ന രൂപം. തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഇടവേളയെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു വേണ്ടിയാണ് മെലിഞ്ഞ രൂപം ആവശ്യമുള്ളത്. 


ബെന്യാമിന്റെ ആടു ജീവിതം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുമായി ഗൾഫിലെത്തുകയും മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ യാതനകളുടെ നേർക്കാഴ്ചയാണ് ആടുജീവിതം. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിൻ ഈ നോവലൊരുക്കിയത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെ.ജി.എ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

 

Latest News