Sorry, you need to enable JavaScript to visit this website.
Monday , September   28, 2020
Monday , September   28, 2020

മുല്ലപ്പൂമണം

സഞ്ജന
സഞ്ജന ഗീതു മോഹൻദാസിനൊപ്പം  
സഞ്ജന
മൂത്തോനിൽ ആൺകുട്ടിയുടെ വേഷത്തിൽ. 
സഞ്ജന
നിവിൻ പോളിക്കൊപ്പം.

ഗീതു മോഹൻദാസിന്റെ മൂത്തോൻ കണ്ടവരാരും മുല്ലയെ മറക്കില്ല. ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന മുല്ല യഥാർത്ഥത്തിൽ ആൺകുട്ടിയല്ല. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സഹോദരൻ ദീപുവിന്റെ മകളായ സഞ്ജനയാണ് മുല്ലയായി വേഷമിട്ടത്. വേഷത്തിലും ഭാവത്തിലുമെല്ലാം ശരിക്കും ആൺകുട്ടിയായി മാറിയ മുല്ലയുടെ വേഷം ആരേയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ആദ്യചിത്രം പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിലാണ് സഞ്ജന.

 

മുത്തോനിലേയ്ക്കുള്ള വഴി?
എറണാകുളം ഗ്ലോബൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയായിരിക്കേ അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു സിനിമയ്ക്കു പോയപ്പോൾ കിട്ടിയ ഓഫറാണ് മൂത്തോനിലെ മുല്ല. അച്ഛന്റെ സുഹൃത്തിന്റെ കസിനാണ് ഗീതു ആന്റി. തിയേറ്ററിനു പുറത്തുെവച്ച് ഗീതുവുമായി സംസാരിക്കുമ്പോൾ അവർ എന്നെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. എന്തിനായിരിക്കും ഗീതു നിന്നെ ഇങ്ങനെ നോക്കിയതെന്ന് അച്ഛൻ ചോദിച്ചു. അടുത്ത ചിത്രത്തിലേയ്ക്ക് സെലക്ട് ചെയ്യാനായിരിക്കുമെന്ന് തമാശയായി ഞാൻ പറഞ്ഞു. അത് സത്യമായിരുന്നു. മൂത്തോനിലെ മുല്ലയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ആന്റി. അടുത്ത ദിവസം രാവിലെ അച്ഛനെ വിളിച്ചാണ് ഒഡീഷനെത്താൻ പറഞ്ഞത്. ഗീതുവിന്റെ അടുത്ത ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് അച്ഛൻ ചോദിച്ചപ്പോൾ ഞാൻ റെഡിയായിക്കഴിഞ്ഞിരുന്നു. കുട്ടിക്കാലംതൊട്ടേ സിനിമയിൽ അഭിനയിക്കണമെന്ന അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു. ഒഡീഷൻ കഴിഞ്ഞപ്പോൾ സെലക്ഷനും ലഭിച്ചു. കഥാപാത്രത്തിനുവേണ്ടി മുടി വെട്ടണമെന്നു പറഞ്ഞപ്പോൾ ആദ്യം മടിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

 

മൂത്തോനെക്കുറിച്ച്?
അപൂർവ്വമായ ഒരു വിഷയമാണ് മൂത്തോന്റെ പ്രമേയം. ക്രോസ് ഡ്രസിംഗും ഗേ റൊമാൻസുമെല്ലാം ചിത്രത്തിലുണ്ട്. അധികമാരും അവതരിപ്പിക്കാൻ ധൈര്യപ്പെടാത്ത ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കാനും അംഗീകാരം നേടാനും മൂത്തോന് കഴിഞ്ഞിരിക്കുന്നു. വിഷയത്തിൽ മാത്രമല്ല, ചിത്രീകരിച്ച ലൊക്കേഷനുകൾക്കുമുണ്ടായിരുന്നു പുതുമ. കാമാത്തിപ്പുരയും ലക്ഷദ്വീപുമെല്ലാമായിരുന്നു പ്രധാന ലൊക്കേഷനുകൾ. നഗരത്തിന്റെ എല്ലാ സ്വഭാവങ്ങളും സമ്മേളിക്കുന്ന കാമാത്തിപ്പുരയിൽ അടുത്ത കാലത്തൊന്നും സിനിമാ ചിത്രീകരണം നടന്നിട്ടില്ല. അതുപോലെ നാഗരികത തൊട്ടുതീണ്ടാത്ത നിഷ്‌കളങ്കരായ ആളുകൾ കഴിയുന്ന ദ്വീപും കഥയെ കൂടുതൽ മിഴിവാർന്നതാക്കി.
കുട്ടിക്കാലത്ത് നാടുവിട്ടുപോയ സഹോദരനെ തേടിയുള്ള മുല്ലയുടെ യാത്രയാണ് മൂത്തോന്റെ ഇതിവൃത്തം. ഓർമ്മയില്ലാത്ത കാലത്ത് തന്നെ വിട്ടുപോയ സഹോദരനെക്കുറിച്ചു കേട്ട കഥകൾ മാത്രമായിരുന്നു കൂട്ട്. ദ്വീപിൽനിന്നും ഒരു ബോട്ട് മോഷ്ടിച്ചായിരുന്നു അവന്റെ യാത്ര. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണെങ്കിലും ഒടുവിൽ മുല്ല മുംബൈയിലെത്തി. മുംബൈ നഗരം ഏറെ സങ്കീർണ്ണമായിരുന്നു. ദ്വീപ് പോലുള്ള ചെറിയ നാട്ടിൽനിന്നും വിശാലമായ നഗരത്തിലെത്തിയപ്പോൾ മാനസികമായും ശാരീരികമായും ഒട്ടേറെ വെല്ലുവിളികൾ അവന് നേരിടേണ്ടിവരുന്നുണ്ട്. അവയെല്ലാം അതിജീവിക്കുന്നത് ഒടുവിൽ തന്റെ സഹോദരനിലെത്തിച്ചേരും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല.

 

മുല്ലയെന്ന ആൺകുട്ടി?
ആൺകുട്ടിയായാണ് അഭിനയിക്കേണ്ടതെന്ന് പറഞ്ഞപ്പോൾ വെല്ലുവിളിയായാണ് തോന്നിയത്. ഒരു പെൺകുട്ടിയുടെ രീതികളെല്ലാം മാറ്റിയെടുക്കാൻ ശരിക്കും പരിശ്രമിക്കേണ്ടതുണ്ടായിരുന്നു. ആൺകുട്ടികളുടെ മാനറിസം പഠിക്കാൻ ചിത്രത്തിൽ ലത്തീഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുജിത്തേട്ടന്റെ കൂടെ കൊച്ചിയിൽ ഗീതു ആന്റിയുടെ വീട്ടിൽപോയി നടക്കാനും ഇരിക്കാനും നിൽക്കാനും വരെ പഠിച്ചു. എന്റെ ചിരിപോലും മാറ്റിവയ്‌ക്കേണ്ടിവന്നു. സംസാര ശൈലിയിലും മാറ്റം വരുത്തി. കൂടാതെ അതുൽ മോംഗ്യാ സാറിനോടൊപ്പം മുംബൈയിൽ നടന്ന വർക്ക് ഷോപ്പിലും പങ്കെടുത്തു. സിനിമയിലെ ചില രംഗങ്ങളും അഭിനയിപ്പിച്ചു. സിനിമ കഴിയുന്നതുവരെ ചിരിക്കരുത് എന്ന് കർശനനിർദ്ദേശവും നൽകിയിരുന്നു. അഭിനയത്തിൽ യാതൊരു മുൻപരിചയമില്ലാത്ത എനിക്ക് ഈ പരിശീലനങ്ങളെല്ലാം വളരെ സഹായകരമായിരുന്നു. മേക്കപ്പിട്ടാൽ ഞാനറിയാതെ മുല്ലയായി മാറുകയായിരുന്നു. നടക്കുന്നതും ഇരിക്കുന്നതും കരയുന്നതുമെല്ലാം ശരിക്കും മുല്ലയെപ്പോലെയായി.

ഗീതു ആന്റിയുടെ പ്രതികരണം?
സിനിമാ രംഗത്ത് ഒരുപാടു കാലത്തെ അനുഭവപരിചയമുള്ളയാളാണ് ഗീതു ആന്റി. പ്രൊഫഷണൽ ആയതുകൊണ്ട് സെറ്റിലും ആ രീതിയിലായിരുന്നു പെരുമാറിയിരുന്നത്. എല്ലാവരെയും മനസ്സിലാക്കി പെരുമാറാനും അവർക്ക് കഴിഞ്ഞിരുന്നു. എന്നോട് നല്ല സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഗീതു ആന്റി പറഞ്ഞത് നീ അധികം പബ്ലിിസിറ്റിയൊന്നും പ്രതീക്ഷിക്കേണ്ട എന്നായിരുന്നു. കാരണം സിനിമയിൽ നിന്നെ ആരും അറിയില്ല. ആക്ഷൻ പറഞ്ഞാൽ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം. 
ഡയലോഗ് പോലും ഇങ്ങനെയേ പറയാവൂ എന്നൊന്നും ആന്റി പറഞ്ഞിരുന്നില്ല. എങ്കിലും വാശിയോടെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള സ്പിരിറ്റ് എന്നിലുണ്ടാക്കാൻ ആന്റിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാകണം മുല്ലയെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞത്. സിനിമ കാണാൻ പോയപ്പോൾപോലും ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ എന്നെ അറിയാവുന്നവർ തിയേറ്ററിനു പുറത്തെത്തിയപ്പോൾ നന്നായി ചെയ്തിട്ടുണ്ട്. സിനിമയിൽ സഞ്ജനയെ കാണാനേയില്ല. അടിപൊളിയായിട്ടുണ്ട് എന്നെല്ലാം പറഞ്ഞു.

 

കാമാത്തിപ്പുരയിലെ ഷൂട്ടിംഗ് അനുഭവങ്ങൾ?
ആദ്യം ശരിക്കും പേടിയുണ്ടായിരുന്നു. ഞങ്ങളുടെ സെറ്റിലേയ്ക്ക് കുറച്ചുപേർക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. അത്രയും ചെറിയ സ്ഥലത്തുവച്ച് നന്നായി ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. ആറോ ഏഴോ പേർ മാത്രമേ സെറ്റിലുണ്ടായിരുന്നുള്ളു. ആദ്യ ദിവസത്തെ ചി്രതീകരണത്തിനുശേഷം ഇങ്ങനെയുള്ള സ്ഥലത്തെ ചിത്രീകരണം എന്നാലോചിച്ചപ്പോൾ ബുദ്ധിമുട്ടു തോന്നി. എന്നാൽ സോഷ്യോളജി പഠിച്ചതിനാൽ കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു ദിവസത്തിനുശേഷം ഭയമെല്ലം മാറി. എല്ലാവരുമായും നല്ല സൗഹൃദത്തിലായി. സ്‌നേഹത്തോടെയാണ് അവരെല്ലാം പെരുമാറിയത്. അവിടെയെല്ലാം വളരെ ശാന്തമായിരന്നു.

സെറ്റിലെ അനുഭവങ്ങൾ?
സെറ്റിലെ ചെറിയ കുട്ടി എന്ന നിലയിൽ എല്ലാവരുടെയും സ്‌നേഹ വാത്സല്യങ്ങൾ അനുഭവിക്കാൻ കഴിഞ്ഞു. സിനിമയെക്കുറിച്ച് കൂടുതലറിയാനും പഠിക്കുവാനും കഴിഞ്ഞു. സെറ്റിൽ വളരെ ഗൗരവക്കാരായിരുന്നെങ്കിലും ചിത്രീകരണം കഴിഞ്ഞാൽ തമാശ പറഞ്ഞ് എല്ലാവരും നല്ല ഫ്രണ്ട്‌ലിയായിരുന്നു. വളരെ ഇമോഷണലായ ഒരു രംഗം അവതരിപ്പിക്കാൻ ഏറെ ശ്രമിക്കേണ്ടിവന്നു. മൂന്നോ നാലോ ടേക്കിനുശേഷമായിരുന്നു ആ സീൻ ഓക്കെ ആയത്. അതുകഴിഞ്ഞപ്പോൾ എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു.

 

നിവിൻ പോളിയെക്കുറിച്ച്?
അഭിനേതാവ് എന്ന നിലയിൽ നിവിൻ ചേട്ടന്റെ കരിയറിൽ വലിയൊരു ബ്രേയ്ക്കാണ് ഈ ചിത്രം. സെറ്റിൽ എപ്പോഴും ശാന്തപ്രകൃതിയാണ്. മുല്ലയുടെ മൂത്തോനായിട്ടാണ് നിവിൻ ചേട്ടനെത്തുന്നത്. നല്ല ഫ്രണ്ട്‌ലി ആയതുകൊണ്ട് അഭിനയിക്കുമ്പോഴും വളരെ ഫ്രീയായിരുന്നു. സെറ്റിനകത്തും പുറത്തും ഒരുപോലെയാണ് ചേട്ടൻ പെരുമാറിയിരുന്നത്. തമാശകൾ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുവാൻ ഒരു പ്രത്യേക കഴിവ് ചേട്ടനുണ്ടായിരുന്നു. എങ്കിലും അയൽപക്കത്തെ പയ്യനെപ്പോലെ എല്ലാവരും കണ്ടിരുന്നയാൾ പെട്ടെന്ന് അക്ബറിന്റെ മേക്ക് ഓവറിൽ എത്തിയപ്പോൾ ശരിക്കും ഞെട്ടി.

പഠനം, കുടുംബം?
ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ ഫിലോസഫി രണ്ടാംവർഷ വിദ്യാർത്ഥിയാണിപ്പോൾ. അച്ഛൻ ദീപു ശാന്ത് ബാംഗ്ലൂരിൽ ബിസിനസ് ചെയ്യുന്നു. അമ്മ കല്പന ഒരു സ്വകാര്യ കമ്പനിയിൽ ഓപ്പറേഷനൽ ഹെഡാണ്. അനുജൻ ശ്രീദീപ് ഏഴാം ക്ലാസിൽ പഠിക്കുന്നു. കുട്ടിക്കാലംതൊട്ടേയുള്ള സ്വപ്‌നമായിരുന്നു സിനിമ. ഓരോ അവസരങ്ങൾ വരുമ്പോഴും നല്ല കഥാപാത്രങ്ങൾ വരട്ടെ എന്നുപറഞ്ഞ് അച്ഛൻ മാറ്റിവയ്ക്കുകയായിരുന്നു.

സിനിമാ സ്വപ്‌നങ്ങൾ?
പഠനത്തെ വളരെ സീരിയസായാണ് കാണുന്നത്. ഇപ്പോൾ രണ്ടാം വർഷമായിട്ടേയുള്ളു. ഡിഗ്രി പഠനം പൂർത്തിയായിട്ട് സിനിമയിൽ സജീവമാകണമെന്നാണ് ആഗ്രഹം. എങ്കിലും മുല്ലപോലുള്ള മികച്ച കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഇനിയും അഭിനയിക്കും.

 

Latest News