കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വീണ്ടും

ദാവോസ്-കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച  ശേഷം ഇത് നാലാം തവണയാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ ആവര്‍ത്തിക്കുന്നത്.

സ്വിസ് റിസോര്‍ട്ട് നഗരമായ ദാവോസില്‍ ലോകസാമ്പത്തിക ഫോറം സമ്മേളനത്തിനു മുന്നോടിയായി ട്രംപും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും മാധ്യമങ്ങളെ കണ്ടപ്പോഴാണ് മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് ആവര്‍ത്തിച്ചത്.

കൂടിക്കാഴ്ചയില്‍ തങ്ങള്‍ കശ്മീരിനെക്കുറിച്ചും ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തെ സംബന്ധിച്ചും സംസാരിച്ചതായി ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ സഹായിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും സഹായിക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാനുള്ള ട്രംപിന്റെ നീക്കം ഇന്ത്യ തുടക്കം മുതല്‍തന്നെ നിരാകരിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് അഭ്യന്തര പ്രശ്നമാണെന്നും അത് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.  

അഫ്ഗാനിസ്ഥാന്‍ പോലുള്ള വിഷയങ്ങളില്‍ ജാഗ്രത ആവശ്യമാണെന്നു വ്യക്തമാക്കിയ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സമാനമായ സാഹചര്യമാണ് ഇന്ത്യയിലുമെന്ന് സൂചിപ്പിച്ചു. അമേരിക്കയ്ക്ക് മാത്രമേ കശ്മീര്‍ വിഷയത്തില്‍ ഇടപെടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest News