ബഹ്‌റൈനില്‍ റിപ്പബ്ലിക് ദിന ഒരുക്കങ്ങളുമായി മലയാളികള്‍

മനാമ- ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിന സംഗമത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 71 ാം റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് വൈകീട്ട് ഏഴിന് അദ്‌ലിയ ബാന്‍ സാങ് തായ് ഓഡിറ്റോറിയത്തിലാണ് സംഗമം.
സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി, 'വരയും വരിയും' എന്ന പേരിലുളള ചിത്രാവിഷ്‌കാരം തുടങ്ങിയവ പരിപാടിയുടെ മാറ്റു കൂട്ടും. ബഹ്‌റൈനിലെ വിവിവിധ സ്‌കൂളുകളിലെ 71 കുട്ടികളൊന്നിച്ച് ദേശീയഗാനവും ആലപിക്കും.
ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഒ.ഐ.സി.സി, കെ.എം.സി.സി, കെ.സി.എ, പ്രതിഭ, സമസ്ത, ഐ.സി.എഫ്, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ,പ്രേരണ, ഭൂമിക, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, കെ.എന്‍.എം ബഹ്‌റൈന്‍ ചാപ്റ്റര്‍, ഇന്ത്യന്‍ സലഫി സെന്റര്‍ (റിഫ), മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള, വെളിച്ചം വെളിയംകോട് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. വിവിധ സംഘടനകള്‍ ചേര്‍ന്നുളള നാനാത്വത്തില്‍ ഏകത്വം കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

Latest News