Sorry, you need to enable JavaScript to visit this website.

ബൈബിള്‍ പകര്‍ത്തിയെഴുതി ലോകറെക്കോഡ് നേടി മലയാളി കുടുംബം

ദുബായ്- ബൈബിള്‍ പകര്‍ത്തിയെഴുതി ലോകറെക്കോഡിലേക്ക് മലയാളി കുടുംബം. തിരുവല്ല സ്വദേശി മനോജ് എസ്. വര്‍ഗീസ്, ഭാര്യ സൂസന്‍, മക്കളായ കരുണ്‍, കൃപ എന്നിവര്‍ ചേര്‍ന്ന് അഞ്ചരമാസംകൊണ്ട് എഴുതിത്തയാറാക്കിയ ബൈബിളാണ് യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ ലോക റെക്കോഡിന് അര്‍ഹമായത്. ബൈബിളിന് 85.5 സെന്റീമിറ്റര്‍ നീളവും 60.7 സെന്റീമീറ്റര്‍ വീതിയും 46.3 സെന്റീമീറ്റര്‍ ഉയരവും 1500 പേജുകളും 151 കിലോഗ്രാം തൂക്കവുമുണ്ട്.
മനോജും ഭാര്യയും ചേര്‍ന്നുനല്‍കിയ രേഖകള്‍ യു.ആര്‍.എഫ്. അധികൃതര്‍ പരിശോധിക്കുകയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ജൂറി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള ഔദ്യോഗിക അറിയിപ്പുനല്‍കുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റും അംഗീകാര മുദ്രയും ഫലകവും യു.ആര്‍.എഫ്. ജൂറി ചെയര്‍മാന്‍ ഡോ. സുനില്‍ ജോസഫ് മനോജിനും കുടുംബത്തിനും സമ്മാനിക്കും.
എഴുത്തുതുടങ്ങിയത് സൂസന്‍ ആയിരുന്നു. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ കരുണും അല്‍ വര്‍ഖ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ കൃപയും പഠനത്തിരക്കുകള്‍ക്കിടയിലും ബൈബിള്‍ പകര്‍ത്തിയെഴുതുന്നതില്‍ അതിയായ താത്പര്യം കാണിച്ചു. സ്‌കൂള്‍വിട്ട് വീട്ടിലെത്തിയാല്‍ ഗൃഹപാഠങ്ങള്‍ വേഗത്തില്‍ ചെയ്തുതീര്‍ക്കും. ബാക്കിസമയം, ബൈബിള്‍ എഴുത്തില്‍ മുഴുകും. അതിനിടയില്‍ വീടിന്റെ അന്തരീക്ഷമാകെ ബൈബിള്‍ എഴുത്തിനായി മാറിയിരുന്നു. 60 പേനകള്‍ ഇതിനായി ഉപയോഗിച്ചു.  ചില ദിവസങ്ങളിലെ എഴുത്ത് 12 മണിക്കൂര്‍വരെ നീണ്ടു.
ഒട്ടേറെ പ്രമുഖര്‍ ജെബല്‍ അലിയിലെ മാര്‍ത്തോമ പള്ളിയില്‍ പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബൈബിള്‍ കാണാനെത്തി. പത്തനംതിട്ട തിരുവല്ല വേങ്ങല്‍ കുഴിക്കാട്ട് വര്‍ഗീസ് കെ. മാത്യുവിന്റെയും സാറാമ്മ വര്‍ഗീസിന്റെയും മകനായ മനോജ് രണ്ടുപതിറ്റാണ്ടായി പ്രവാസിയാണ്. 15 വര്‍ഷത്തോളം നഴ്‌സായിരുന്ന ഭാര്യ സൂസന്‍ ഇപ്പോള്‍ മനോജിന്റെ ബിസിനസില്‍ ഒപ്പമുണ്ട്.

 

Latest News