Sorry, you need to enable JavaScript to visit this website.

റബർ വില ഉയരുന്നു, കർഷകർക്ക് ആശ്വാസം

പത്തനംതിട്ട- കർഷകർക്ക് ആശ്വാസമായി റബർ വില ഉയരുന്നു. ആർഎസ്എസ് ഫോർ ഷീറ്റിന് ശനിയാഴ്ച 137.5 രൂപയായിരുന്നു ശനിയാഴ്ചത്തെ കോട്ടയം മാർക്കറ്റ് വില. 133.5 രൂപക്കാണ് വ്യാപാരികൾ കർഷകരിൽനിന്നു ഷീറ്റ് വാങ്ങിയത്.
എന്നാൽ ഗ്രേഡ് ഷീറ്റിന്റെ വില വർധനയനുസരിച്ചുള്ള വർധന തരംതിരിക്കാത്ത ഷീറ്റിനോ ഒട്ടുപാലിനോ ഉണ്ടായിട്ടില്ല. ഇന്നലെ ഷീറ്റിന് 118 രൂപയും ഒട്ടുപാലിന് 77 രൂപയുമാണ് വ്യാപാരികൾ കർഷകർക്ക് നൽകിയത്. ഗ്രേഡ് ഷീറ്റ് വാങ്ങാൻ കമ്പനികൾ വിപണിയിൽ എത്തുന്നുണ്ടെങ്കിലും ലോട്ട് ഷീറ്റിനും ഒട്ടുപാലിനും ആവശ്യക്കാർ കുറവാണ്. ഇതാണ് വിലയിലെ ഈ വലിയ അന്തരത്തിന് കാരണം.


ഉൽപാദനം കുറഞ്ഞതിനാൽ വിദേശ വിപണിയിലും വില ആനുപാതികമായി ഉയർന്നതാണ് വില വർധനവിന് കാരണം. വില ഇനിയും ഉയരും എന്ന എന്ന പ്രതീക്ഷയിൽ തന്നെയാണ് കർഷകരും വ്യാപാരികളും. എന്നാൽ ടാപ്പിങ് സീസൺ ജനുവരിയോടെ അവസാനിക്കുന്നതിനാൽ കാര്യമായ പ്രയോജനം കർഷകർക്ക് ലഭിക്കില്ല. മരങ്ങൾ ഇല പൊഴിച്ച് തളിരിടുന്നതോടെ പാലിന്റെ ഉൽപാദനവും കുറയും.


ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ടാപ്പിങ് നിർത്തി വെക്കുകയാണ് പതിവ്. ഏപ്രിൽ മാസത്തിൽ നല്ല മഴ ലഭിച്ചതിന് ശേഷമേ വീണ്ടും ടാപ്പിങ് ആരംഭിക്കുകയുള്ളൂ.
കമ്പനികളുടെ ഒത്തുകളിയാണ് ഷീറ്റ് വിലവർധനയെ പിന്നോട്ടടിക്കുന്നത്. വില വർധിക്കുമ്പോൾ വിദേശത്തുനിന്ന് കൂടുതൽ വിലയ്ക്ക് തന്നെ റബർ ഇറക്കുമതി ചെയ്ത് പ്രാദേശിക വില കുറക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. ഇതോടെ ആവശ്യക്കാർ ഇല്ലാത്തതിനാൽ വില കുറയും.

 

Latest News