Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഡാൻ പൗരനെ 'കാപ്പിരി'യാക്കുന്ന തലതിരിഞ്ഞ സാമൂഹ്യ ബോധം 

  • യു.ഡി.എഫ് ഉപ്പ് ചാക്ക് ചാരിയ ചുമര് പോലെയാകുമെന്ന് മന്ത്രി എ.കെ. ബാലൻ

തിരുവനന്തപുരം- സുഡാൻകാരനെ നമ്മളെന്ത് പേരിട്ട് വിളിക്കും?. പരീക്ഷയിലെ ചോദ്യം കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷന്റേത്. ബ്രാക്കറ്റിൽ കാപ്പിരിയെന്നും  നീഗ്രോയെന്നുമെഴുതിയിട്ടുണ്ട്. ഉദ്യോഗാർഥി ഇവയിൽ ശരിയായത്  തെരഞ്ഞെടുത്താൽ മതി. ക്ലാർക്കുദ്യോഗത്തിനൊക്കെ പൊതു വിജ്ഞാനിയായ ആൾ പരമയോഗ്യനാകും കേട്ടോ. 
  രണ്ടു പേരുകളും പക്ഷേ വർണവെറി നിറഞ്ഞതാണെന്ന സാമൂഹ്യബോധം പബ്ലിക്ക് സർവ്വീസ് കമ്മീഷനെ പോലൊരു ഭരണഘടനാ സ്ഥാപനത്തെ  ഇനി ആര് പഠിപ്പിക്കും എന്ന് നിയമസഭയിൽ ആശങ്കപ്പെട്ടത് കോൺഗ്രസിലെ വി.ടി ബലാറാമാണ്. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട ബിൽ ചർച്ചയിലായിരുന്നു ബലറാമിന്റെ ലോകാതിർത്തികളും താണ്ടുന്ന ആശങ്ക.  സുഡാൻകാരനെ സുഡാൻ പൗരൻ എന്നല്ലാതെ ഈ മട്ടിലൊക്കെ വിളിച്ചാൽ അത് കേസ് വേറെയാണ്. 
ലോക കോടതി വരാന്തകളിൽ ഇന്ത്യ നിന്ന് വിറക്കേണ്ടിവരുമെന്ന്  ഇവർക്കൊക്കെ അറിയാമോ ആവോ? അല്ലെങ്കിൽ തന്നെ ലോകബാങ്ക് വൈസ് പ്രസിഡന്റിനെ നീഗ്രോ എന്ന് വിളിച്ചതിന്റെ പേരിൽ ഒരു മന്ത്രി പുലിവാല് പിടിച്ചതല്ലേ ഉള്ളൂ.... മന്ത്രി  ജി. സുധാകരൻ  അടുത്ത ദിവസം ചെന്ന് ചാടിയ പ്രതിസന്ധി ചൂണ്ടിക്കാട്ടി ബൽറാമിന്റെ കടുത്ത വിമർശനം തുടർന്നു. അത് അന്താരാഷ്ട്ര തലത്തിൽ തന്നെ കേരളത്തിന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന നിലപാടായിത്തീർന്നിരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്കാണ്  ഇതൊക്കെ നാണക്കേട് വരുത്തിവെക്കുന്നത്. സുഡാനിയും മലയാളിയുമൊക്കെ മുഖാമുഖം പണിയെടുക്കുന്ന ലോക തൊഴിലിടങ്ങളായിരിക്കാം ഇതൊക്കെ പറയുമ്പോൾ അംഗത്തിന്റെ മനസ്സിൽ.  
നല്ല സ്വഭാവ ഗുണങ്ങളുള്ള ഒന്നാന്തരമൊരു ചെറുപ്പക്കാരൻ ചെയർമാനായിരിക്കുന്ന സ്ഥപനത്തിലാണല്ലോ ഇതൊക്കെയെന്നായിരുന്നു വിഷയത്തിൽ ഇടപെട്ട പി.സി ജോർജിന്റെ  ദുഃഖം. പി.എസ്.സി ചെയർമാനെക്കുറിച്ച് മറ്റൊരഭിപ്രായമായിരുന്നില്ല ബൽറാമിനും മറ്റംഗങ്ങൾക്കും. പക്ഷേ  പി.എസ്.സി ആകെ അഴിച്ചു പണിയുക തന്നെ വേണം. ബിൽ ചർച്ചയിൽ പങ്കെടുത്ത സി.പി.എം സ്വതന്ത്രൻ കാരാട്ട് റസാഖ് യു.ഡി.എഫ് ഭരണകാലമാകെ അഴിമതി നിറഞ്ഞതായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാനുള്ള നീണ്ട  രാഷ്ട്രീയ പ്രസംഗത്തിന്റെ  എഴുതി തയ്യാറാക്കിയ കോപ്പിയുമായാണ് സഭയിലെത്തിയത്. 
അഴിമതിക്കും അരുതായ്മകൾക്കുമെതിരെയുള്ള കഠിന പദങ്ങൾ നിറഞ്ഞ പ്രസംഗത്തിന്റെ പദാനുപദ വായന തുടർന്നപ്പോൾ പി.സി ജോർജിന്റെ ഇടപെടൽ ''അല്ല റസാഖ് ..ഇനിയെത്ര പേജ് ബാക്കിയുണ്ട്? .. എന്താ നിർത്തണോ എന്ന് റസാഖിന്റെ പ്രതിരോധം. ഏതായാലും കുറച്ച് നേരം കഴിഞ്ഞപ്പോൾ പേജങ്ങ് തീർന്നു.. ആശ്വാസം.
മുഖ്യമന്ത്രി പിണറായി വിജയൻ ബിൽ ചർച്ചക്ക് മറുപടി പറഞ്ഞു. 2017 ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ അങ്ങനെ സബ്ജക്ട് കമ്മറ്റിക്ക്. 
2017 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലും,  കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്ലും അവതരിപ്പിക്കേണ്ടിയിരുന്നത് വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീലായിരുന്നു. പക്ഷേ ബില്ലുകളുമായി സഭയിലെത്തിയത്  മന്ത്രി എ.കെ.ബാലൻ. മദ്യഷാപ്പുമായി ബന്ധപ്പെട്ട ബില്ലായതിനാൽ മന്ത്രിയുടെ എതിർപ്പ് കാരണമാണോ മാറി നിന്നതെന്നായിരുന്നു പ്രതിപക്ഷ ആശങ്ക. അതവർ  ശബ്ദഘോഷങ്ങളോടെ ഉന്നയിച്ചു. മന്ത്രിയെവിടെ..? മന്ത്രിയെവിടെ? അവർ ഒരേ ശബ്ദത്തിൽ ചോദിച്ചുകൊണ്ടിരുന്നു.  അദ്ദേഹം സ്ഥലത്തില്ല. ലീവപേക്ഷ തന്നിട്ടുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണൻ ആവർത്തിച്ചുകൊണ്ടിരുന്നു.  മദ്യ വ്യാപനത്തിനനുകൂലമായ ബില്ലവതരിപ്പിക്കുന്നതിൽ മന്ത്രിക്ക് മനഃസാക്ഷിക്കുത്തുള്ളതുകൊണ്ടാണോ? ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.  ഇതൊന്നുമല്ല കാര്യം . അദ്ദേഹം അന്തമാനിൽ പോയിരിക്കയാണ്. എന്തിനാണെന്നല്ലേ.. മകൾക്ക് അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ അവിടെ അലോട്ട്‌മെന്റ് കിട്ടി.  ആ അഡ്മിഷനുമായി ബന്ധപ്പെട്ട് പോയതാണ് -മന്ത്രി ബാലന്റെ വിശദീകരണം.
ബിൽ ചർച്ച സ്വാഭാവികമായും മദ്യ വ്യാപനത്തിന്റെ ആപത്തിലേക്ക് കടന്നു.  ബില്ലിന്റെ നിരാകരണ പ്രമേയത്തിൽ  സംസാരിച്ച കോൺഗ്രസിലെ സണ്ണി ജോസഫും  മുസ്‌ലിം ലീഗിലെ പാറക്കൽ അബ്ദുല്ലയുമെല്ലാം സ്വാഭാവികമായും മദ്യ വിരുദ്ധ പക്ഷത്ത്. ബിൽ ചർച്ചയിലണിനിരന്ന പി.സി ജോർജ് യു.ഡി.എഫിന്റെ മദ്യ നയത്തിന്റെ കടുത്ത വിമർശകനായി. നമുക്ക് ഒന്നിച്ചു മുന്നേറാമെന്നാണ് സർക്കാർ പരസ്യത്തിൽ യുവാക്കളോട് പറയുന്നത്. എന്തിന് മദ്യവിപത്ത് വ്യാപിപ്പിക്കാനോ -കോൺഗ്രസിലെ വി.പി. സചീന്ദ്രന്റെ ചോദ്യം.  ക്ലിഫ് ഹൗസിൽ നിന്ന് യു.ഡി.എഫിനെ  കന്റോൺമെന്റ് ഹൗസിലെത്തിച്ചത് യു.ഡി.എഫ് കൈക്കൊണ്ട മദ്യനയമായിരുന്നില്ലേ എന്ന കെ.മുരളീധരന്റെ വാക്കുകൾ  എടുത്തു കാട്ടി സി.പി.ഐയിലെ ചിറ്റയം ഗോപകുമാറിന്റെ ഇടപെടൽ. 
മദ്യ വിഷയത്തിലെ തെറ്റായ സമീപനത്തിന് നിങ്ങൾ ജനങ്ങൾക്ക് മുമ്പിൽ കണക്ക് പറയേണ്ടി വരുമെന്ന് മുസ്‌ലിം ലീഗിലെ ടി.എ. അഹമദ് കബീറിന്റെ മുന്നറിയിപ്പ് മന്ത്രി ബാലൻ ഒട്ടും കാര്യമാക്കുന്നില്ല. ഒരുതരം പാഠം പഠിക്കലുമില്ല. ഞങ്ങൾ കേരളത്തിലെ ജനങ്ങളോട് പറഞ്ഞ കാര്യമാണ് നടപ്പാക്കുന്നത്, കണ്ടില്ലേ ജനങ്ങൾ ഞങ്ങളെ വീണ്ടും വീണ്ടും ജയിപ്പിക്കുന്നത്. നോക്കിക്കോ വരുന്ന പാർല്ലമെന്റ് തെരഞ്ഞെടുപ്പിലും ഞങ്ങൾ ജയിക്കാൻ പോവുകയാണ്. അഹമ്മദ് കബീറൊക്കെ കണ്ടോളൂ.. ഉപ്പ് ചാക്ക് ചാരിയ ചുമരുപോലെയാകാനാണ് യു.ഡി.എഫിന്റെ  യോഗം.  ബാലൻ  രാഷ്ട്രീയ ആത്മവിശ്വാസത്തിന്റ ഉയരങ്ങളിലേക്ക് കയറിപ്പോയി. ചർച്ചയിൽ ഇടപെട്ട കേരള കോൺഗ്രസിലെ പ്രൊഫ.എൻ.ജയരാജ് തന്റെ പിതാവ് പ്രൊഫ.കെ.നാരായണക്കുറുപ്പ്  തെങ്ങിൻ കള്ളിനെപ്പറ്റി പറഞ്ഞ കാര്യമൊക്കെ ഓർത്തെടുക്കുന്നതിനിടക്ക് ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞു . ''ഞാൻ കുടിക്കുന്നയാളല്ല കേട്ടോ...''
ബിൽ യഥാവിധി സബ്ജക്ട് കമ്മിറ്റിക്ക്.
എ.കെ.ജി മണ്ണോട് മണ്ണ് ചേർന്നുപോയിട്ടു തന്നെയിപ്പോൾ കൊല്ലം നാൽപതായി.  മരിക്കുന്നതിന് 22 വർഷം മുമ്പ് അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ച ആവശ്യമായിരുന്നു പാലക്കാട് റെയിൽവെ കോച്ച് ഫക്ടറി. പറഞ്ഞിട്ടെന്ത്, പദ്ധതി ഇപ്പോഴും എവിടേയും എത്തിയിട്ടില്ല.  സി.പി.എമ്മിലെ കെ.വി.വിജയദാസിന്റെ ശ്രദ്ധ ക്ഷണിക്കലിനിടക്കാണ് വികസന കാര്യത്തിൽ കേരളം ചെന്ന് പതിച്ചുപോയ പ്രതിസന്ധിയുടെ ആഴം ഒരിക്കൽ കൂടി ബോധ്യപ്പെട്ടത്.
നിത്യോപയോഗ സാധന വിലക്കയറ്റമായിരുന്നു അടിയന്തര പ്രമേയ നോട്ടീസിനും ഇറങ്ങിപ്പോക്കിനും കാരണമായ വിഷയം.
അന്യസംസ്ഥാനത്തു നിന്ന് ഭക്ഷണ സാധനങ്ങളുമായി വരുന്ന വാഹനമെങ്ങാൻ മുടങ്ങിപ്പോയാൽ   ഓണവും ബലിപെരുന്നാളുമൊക്കെ ഒന്നിച്ചു വരുന്ന നാളുകളിൽ കേരളത്തിന്റെ സ്ഥിതി എന്താകും? പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളിൽ കേരളം നേരിടാൻ പോകുന്ന ഭക്ഷ്യ പ്രതിസന്ധി  നിറഞ്ഞു നിന്നു. വിലക്കയറ്റത്തെപ്പറ്റി പറയുമ്പോൾ എന്തിനാണ് ഭരണ കക്ഷി ഈ വിധം ബഹളമുണ്ടാക്കുന്നത്. വിലക്കയറ്റമെന്താ അൺപാർലമെന്ററി പദമാണോ? ലീഗിലെ വി.കെ ഇബ്രാഹിം കുഞ്ഞിന്റ ചോദ്യം.  ഏത്തക്കായയുടെ വില 65 രൂപയായ കാര്യം പറഞ്ഞപ്പോൾ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ആത്മഗതം..പഴം നുറുക്ക്..പഴം നുറുക്ക്..
കോവളം കൊട്ടാരം കൈമാറ്റത്തിനെതിരെ പി.സി ജോർജിന്റെ ഏകാംഗ പോരാട്ടം. 14,000 കോടിയുടെ കൊട്ടാരം വിറ്റു തുലച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി..അങ്ങയുടെ മക്കൾക്ക് ഈ മുതലാളിയിൽ നിന്ന് എന്തൊക്കെയോ ആനുകൂല്യം കിട്ടിയെന്ന് വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു. അങ്ങയുടെ മക്കൾ ഇതിലൊന്നുമില്ല. വേറെ ചിലയാളുകളുടെ മക്കളുണ്ട്... സദാ തോക്ക് ധാരിയായ പി.സിയുടെ  വാക് വെടിയുടെ ഉന്നം സി.പി.എമ്മിലെ മറ്റൊരു പ്രമുഖനായിരുന്നു. ഇതിനൊന്നും പക്ഷേ ഇരുപക്ഷത്തു നിന്നും പിന്തുണയൊന്നും കിട്ടിയില്ല. കോവളം കൊട്ടാരം വിഷയത്തിലെ സബ്മിഷൻ കഴിഞ്ഞപ്പോൾ ലീഗിലെ കെ.എം. ഷാജി ജോർജിനെ ഹസ്തദാനം ചെയ്യാൻ  എത്തുന്നത്  കണ്ടു.  

Latest News