Sorry, you need to enable JavaScript to visit this website.

പോലീസ് എന്ന ദുരന്തം

പൗരത്വ സമരങ്ങളിൽ പോലീസ് പൂർണമായും ഒരു പക്ഷത്താണ്. സമാധാനപരമായ പ്രക്ഷോഭങ്ങളെ പോലും അക്രമാസക്തമായാണ് പോലീസ് നേരിടുന്നത്. ജെ.എൻ.യുവിലെ വിദ്യാർഥികൾക്ക് നേരെ നടന്ന അക്രമം പൂർണമായും പോലീസിന്റെ അറിവോടെയെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു. മുസഫർ നഗറും മീററ്റും ജാമിഅ മില്ലിയയും വിളിച്ചുപറയുന്നത് ഭരണകൂട ഉപകരണമായ പോലീസിനെക്കുറിച്ചാണ്. അപകടകരമായ പ്രവണതയാണിത്.

പല കാര്യങ്ങളിലും ഇന്ത്യക്ക് മാതൃകയായ ഇസ്രായിലിനെ പോലീസിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എന്തുകൊണ്ട് മാതൃകയാക്കുന്നില്ലെന്ന് ചോദിക്കുന്നത് മുൻ കാബിനറ്റ് സെക്രട്ടറി  ഒറ്റപ്പാലത്തുകാരനായ  വാപ്പാല ബാലചന്ദ്രനാണ്. അസംബന്ധ ജടിലമായ ആഭ്യന്തര രാഷ്ട്രീയത്തിനിടയിലും ഇസ്രായിലിന് കർക്കശമായ സ്വതന്ത്ര സ്വഭാവമുള്ള പോലീസാണുള്ളതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അധികാരത്തിലിരിക്കുമ്പോൾ പോലും ഉന്നതരെ അഴിമതി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ അവിടത്തെ പോലീസിന് കഴിഞ്ഞു. പ്രസിഡന്റ് ഐസർ വീസ്മാൻ, പ്രധാനമന്ത്രിമാരായ ബെഞ്ചമിൻ നെതന്യാഹു, യഹൂദ് ബരാക്, ഏരിയൽ ഷാരോൺ, യഹൂദ് ഒൾമർട്ട് എന്നിവരെല്ലാം അധികാരക്കസേരയിലിരിക്കുമ്പോൾ തന്നെ പോലീസിന്റെ അന്വേഷണം നേരിട്ടവരാണ്. 
കഴിഞ്ഞ കൊല്ലം നവംബറിൽ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന് ഒരു കേസിൽ കുറ്റപത്രം നൽകാൻ അനുമതി നൽകിയതിന്റെ പേരിൽ അറ്റോർണി ജനറൽ എവിചായ് മാൻഡെൽബ്ലിറ്റിനും പോലീസിനുമെതിരെ നെതന്യാഹുവും കൂട്ടരും ചാടിവീണിരുന്നു. തനിക്കെതിരെ അട്ടിമറിക്ക് പോലീസ് ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഇതേത്തുടർന്ന് റിട്ടയർ ചെയ്ത 80 മുതിർന്ന പോലീസ് ഓഫീസർമാർ, പോലീസിന്റെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും നെതന്യാഹു തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊതുസുരക്ഷാ മന്ത്രിക്ക് കത്തെഴുതി. ആക്ടിംഗ് പോലീസ് കമ്മീഷണറായിരുന്ന മോട്ടി കോഹൻ പോലീസ് ആസ്ഥാനത്തെത്തുകയും ജോലിയിൽ കാണിച്ച പ്രൊഫഷണലിസത്തിന് പോലീസുകാർക്ക് ബിഗ് സല്യൂട്ട് നൽകുകയും ചെയ്തു. പ്രധാനമന്ത്രിക്ക് കുറ്റപത്രം നൽകാൻ നടപടി സ്വീകരിച്ച പോലീസിനെ പോലീസ് മേധാവി അഭിനന്ദിക്കുന്ന ചിത്രം ഇന്ത്യയിൽ കാണാനാവുമോ? പോട്ടെ, അങ്ങനെ സങ്കൽപിക്കാനെങ്കിലുമാകുമോ? പൗരത്വ നിയമ ഭേദഗതിക്കെതിരെ  രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളെ പോലീസ് നേരിടുന്ന രീതിയാണ്, ഇന്ത്യയിലെ പോലീസ് സംവിധാനത്തിലെ പോരായ്മകളും പാളിച്ചകളും ഒരിക്കൽ കൂടി പുറത്തു കൊണ്ടുവരുന്നത്. പൂർണമായും ഭരണകക്ഷിക്ക് അടിപ്പെട്ട നിലയിലാണ് പോലീസ് പെരുമാറുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഭരണകൂടത്തിന്റെ ഉപകരണമാണ് എപ്പോഴും പോലീസ് എന്നത് യാഥാർഥ്യമാണെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയെന്നത് ഒരു സേനാവിഭാഗത്തെ സംബന്ധിച്ച് അചിന്ത്യമാകേണ്ട കാര്യമാണ്. എന്നാൽ അതാണ് കഴിഞ്ഞ രണ്ടു മാസമായി രാജ്യത്തുടനീളം ദൃശ്യമാകുന്നത്.
ഉത്തർപ്രദേശിലും ജാമിഅ മില്ലിയയിലും പോലീസ് നടത്തിയ അതിക്രമം തുല്യതയില്ലാത്തതാണ്. ജെ.എൻ.യു വിദ്യാർഥികളെ പുറത്തുനിന്നുള്ള സംഘം കാമ്പസിൽ കയറി ക്രൂരമായി ആക്രമിച്ചതും കൊലപ്പെടുത്താൻ ശ്രമിച്ചതുമായ സംഭവത്തിൽ ദൽഹി പോലീസ് സ്വീകരിച്ച നിലപാട് ഞെട്ടിക്കുന്നതായിരുന്നു. അക്രമികളെ സ്‌പോൺസർ ചെയ്തത് തന്നെ പോലീസാണോ എന്ന സംശയമുളവാക്കുന്ന തരത്തിലാണ് അവർ പെരുമാറിയത്. 
ഉത്തർപ്രദേശിൽ പലപ്പോഴും ആർ.എസ്.എസിന്റെ അവാന്തര വിഭാഗമാണോ പോലീസ് എന്നു തോന്നിപ്പോകും അവരുടെ നടപടികൾ കണ്ടാൽ. മുസഫർ നഗറിൽ അവർ കാണിച്ച ക്രൂരതകൾ ഇപ്പോൾ ലോകത്തിനറിയാം. 
കൊള്ളക്കാരെപ്പോലെയാണ് അവിടെ പോലീസ് പെരുമാറിയതെന്ന് സാക്ഷ്യപ്പെടുത്തുന്നത് ദേശീയ മാധ്യമങ്ങളാണ്. കടകൾ ആക്രമിച്ച പോലീസ് വില കൂടിയ സാധനങ്ങൾ കടത്തിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്നു. വർഗീയ കലാപങ്ങളിൽ എപ്പോഴും ഒരു ഭാഗം പിടിക്കുകയാണ് പോലീസ്. അക്രമികളോടൊപ്പം പ്രത്യേക മതവിഭാഗത്തിൽപെട്ടവരെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നു, കൊള്ളയടിക്കുന്നു. മീററ്റിലും ഈയിടെ സമാന സംഭവങ്ങൾ അരങ്ങേറി. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പൂർണമായും ഒരു പക്ഷത്താണ് പോലീസ്. 
ജെ.എൻ.യു അക്രമത്തെ തുടർന്ന് രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭങ്ങൾ വിലയിരുത്തവേ വിദേശ മാധ്യമങ്ങൾ കുറ്റപ്പെടുത്തിയത് ആഭ്യന്തര മന്ത്രി അമിത് ഷായെ ആണ്. വിദ്യാർഥി പ്രക്ഷോഭകരുമായി അനുരഞ്ജനമുണ്ടാക്കാൻ താൽപര്യമെടുക്കാത്ത മന്ത്രിയെ അവർ വിമർശിച്ചു. ദൽഹി പോലീസിന്റെ ചുമതലയുള്ള ലെഫ്. ഗവർണർ സ്ഥിതിഗതികൾ മാധ്യമങ്ങളോട് വിശദീകരിക്കാൻ പോലും വിസമ്മതിച്ചു. ജെ.എൻ.യുവിൽ നടന്ന അഭൂതപൂർവമായ അക്രമ സംഭവങ്ങളിൽ രാജ്യം തരിച്ചുനിൽക്കുമ്പോൾ, മാധ്യമ പ്രവർത്തകരെ ഒഴിവാക്കുകയായിരുന്നു അദ്ദേഹം. ഇത് ഭരണകക്ഷിയുടെ താൽപര്യപ്രകാരമാണെന്ന് വ്യക്തമായിരുന്നു. ജെ.എൻ.യു അക്രമം ഒരു സർക്കാർ സ്‌പോൺസേഡ് അക്രമമായിരുന്നുവെന്ന് ദിവസങ്ങൾ കഴിയുന്തോറും വ്യക്തമാകുന്നുണ്ട്. പ്രതികളെ പിടികൂടാൻ ശ്രമിക്കാതിരന്ന പോലീസ്, ഇപ്പോൾ ആക്രമണത്തിനിരയായവരെ പ്രതി ചേർക്കുകയും ചോദ്യം ചെയ്യുകയുമാണ്. 
ക്രമസമാധാന പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങളുമുണ്ടാകുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ ജൂനിയർ ഓഫീസർമാർക്ക് പോലും സ്വാതന്ത്ര്യം നൽകുന്നവരാണ് പല വിദേശ രാജ്യങ്ങളും. അവരുടെ പരിധിയിലുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാവൂ എന്ന നിബന്ധന മാത്രമാണുള്ളത്. ഭീകരാക്രമണങ്ങൾ, വെള്ളപ്പൊക്കം, ഭൂകമ്പം, കാട്ടുതീ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ മുതിർന്ന തലത്തിൽനിന്നുള്ള അനുമതി കിട്ടാതെ തന്നെ പോലീസ് അപ്പപ്പോൾ വിവരങ്ങൾ പങ്കുവെക്കാറുണ്ട്. അവ ചിലപ്പോൾ അപൂർണമായിരിക്കാം. എങ്കിലും സ്ഥിതിഗതികളെക്കുറിച്ച് ജനങ്ങൾക്ക് ഏകദേശ ധാരണ കിട്ടാൻ അതുപകരിക്കും. പൂർണമായ വസ്തുതകൾ പുറത്തു വരും വരെ കാത്തുനിൽക്കാൻ അവർ മിനക്കെടാറില്ല. എന്നാൽ ഇന്ത്യയിൽ മുതിർന്ന ഓഫീസർമാർക്കു പോലും ഈ സ്വാതന്ത്ര്യമില്ല എന്നതാണ് വാസ്തവം. സർക്കാരിന്റെ ഭാഷ്യം അവതരിപ്പിക്കുക മാത്രമാണ് മിക്കപ്പോഴും അവരുടെ കർത്തവ്യം. ഒരു ജനാധിപത്യ സർക്കാർ അവിടത്തെ പൗരന്മാരോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലീസിനെക്കൊണ്ട് പറയിപ്പിക്കുക എന്ന അഭ്യാസമാണ് പലപ്പോഴും അരങ്ങേറുന്നത്. 
സുതാര്യമായ പ്രവർത്തന രീതികളല്ല നമ്മുടെ പോലീസിന് ഭരണകൂടം കൽപിച്ചു നൽകിയിരിക്കുന്നത്. മാധ്യമങ്ങളുമായി ഇടപെടാൻ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. ഇത് സർക്കാർ എന്തോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് വാസ്തവത്തിൽ ജനങ്ങളിൽ ഉളവാക്കുക. മറ്റു വകുപ്പുകളെ സംബന്ധിച്ച് വിവരാവകാശ നിയമം പോലെയുള്ള കാര്യങ്ങളുപയോഗിച്ച് സാവധാനത്തിലെങ്കിലും താൽപര്യമുള്ളവർക്ക് വിവരങ്ങൾ ശേഖരിക്കാൻ കഴിയും. എന്നാൽ പോലീസിൽ അതും വളരെ കുറവാണ്. പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷകളുടെ എണ്ണം തുലോം കുറവാണെന്നത് ഈ സുതാര്യതയില്ലായ്മയുടെ തെളിവാണ്. ജനങ്ങളിലുണ്ടാകുന്ന സംശയങ്ങളാണ് അഭ്യൂഹങ്ങൾക്ക് വഴിവെക്കുന്നത്. അതിനൊപ്പം പുതിയ രീതികളായ ഇന്റർനെറ്റ് തടയൽ, സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തൽ, മൊബൈൽ ഫോൺ ജാം ചെയ്യൽ ഒക്കെ ക്കൂടിയാകുമ്പോൾ ശരിയായ വിവരം ജനങ്ങളിലേക്ക് ഒരിക്കലും എത്തിപ്പെടുന്നില്ല.
കൊളോണിയൽ മൂശയിൽ വാർത്തെടുത്ത നമ്മുടെ പോലീസിൽ മാറ്റങ്ങൾ വളരെ ബുദ്ധിമുട്ടുള്ള ഏർപ്പാടാണെന്ന് പരിഷ്‌കരണങ്ങൾക്കായി ശ്രമിച്ച് പരാജയപ്പെട്ട പല പോലീസ് ഉദ്യോഗസ്ഥരും പറയാറുണ്ട്. പോലീസിൽ ക്രിമിനലുകൾ കടന്നുകൂടുന്നത് തടയാൻ പോലും നമുക്കാവുന്നില്ല. അധികാരമുള്ള ക്രിമിനലുകളായാണ് പലപ്പോഴും പോലീസ് സമൂഹത്തോട് ഇടപെടുന്നത്. ജനാധിപത്യ ബോധമോ, സാമൂഹിക ബോധമോ അവരിൽ പലർക്കുമില്ല. ബലപ്രയോഗത്തിലൂടെയുള്ള അധികാര വിനിയോഗം ഹരമായി കാണുന്നവരാണ് അവരിൽ പലരും. കാലം കഴിയുന്തോറും ഈ അധികാര പ്രമത്തത കൂടിവരികയും ജനങ്ങളിൽനിന്ന് ഏറെ അകലുകയും ചെയ്യുന്നു പോലീസുകാർ. 
സർക്കാരുകളിൽനിന്ന് സ്വാതന്ത്ര്യം ലഭിക്കുക എന്നതാണ് പോലീസിലെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ചെയ്യേണ്ടത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ആവശ്യം, കൂടുതൽ മെച്ചപ്പെട്ട പ്രവർത്തന സാഹചര്യമൊരുക്കാനും അധികാരികൾ ശ്രദ്ധിക്കണം. പോലീസ് റിസർച്ച് ബ്യൂറോയുടെ സ്ഥാപക ദിനത്തിൽ പങ്കെടുക്കവേ, ആഭ്യന്തര മന്ത്രി പറയുകയുണ്ടായി, പ്രധാനമന്ത്രി സ്വപ്‌നം കാണുന്ന അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥ നേടിയെടുക്കാൻ ക്രമസമാധാന പാലനത്തിന് വലിയ പങ്കുണ്ടെന്ന്. എന്നാലിന്ന് അങ്ങേയറ്റം തകർന്ന ഒരു സമ്പദ്‌രംഗത്തിന്റെ മധ്യത്തിലിരുന്ന് പൂർണമായും തകർന്ന ഒരു ക്രമസമാധാന പശ്ചാത്തലത്തിനാണ് നാം സാക്ഷികളാകുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാധാനപരമായി നടക്കുന്ന സമരങ്ങളെ പോലീസ് തന്നെ ആക്രമിക്കുകയും വലിയ ക്രമസമാധാന പ്രശ്‌നമാക്കി മാറ്റുകയും ചെയ്യുന്ന വൈരുധ്യാത്മക കാഴ്ചയാണത്. ഉത്തർപ്രദേശിലും ദൽഹിയിലും കർണാടകയിലും കഴിഞ്ഞയാഴ്ചകളിൽ അത്തരം സംഭവങ്ങളുണ്ടായി. 
ഭരണകൂടത്തിന്റെ പോലീസല്ല, ജനങ്ങളുടെ പോലീസാണ് നാടിനാവശ്യം. അതിനായുള്ള ശ്രമങ്ങൾ ഇനിയും തുടങ്ങുന്നില്ലെങ്കിൽ വലിയ ദുരന്തത്തിലേക്കായിരിക്കും അത് നയിക്കുക.
 

Latest News