ലഖ്നൗ- രാജ്യത്ത് കുതിച്ചുയരുന്ന ജനസംഖ്യ നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുന്നതിന് രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) കേന്ദ്ര സർക്കാരിൽ സമ്മർദം ആരംഭിച്ചു. രാജ്യത്തെ പൗരന്മാർക്ക് രണ്ടു മക്കൾ മാത്രമെന്ന നിയമം കൊണ്ടുവരണമെന്നാണ് ആർ.എസ്.എസ് ആവശ്യപ്പെടുന്നത്.
രണ്ട് കുട്ടികൾ മാത്രമെന്ന് നിബന്ധന കൊണ്ടുവരുന്ന ഏത് നിയമത്തെയും പിന്തുണക്കുമെന്ന് മൊറാദാബാദ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി) നടന്ന സമ്മേളനത്തിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ഈ നയം എല്ലാവർക്കും ബാധകമാകുമെന്നും ഏതെങ്കിലും പ്രത്യേക മതവുമായി ബന്ധപ്പെട്ടായിരിക്കില്ലെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു, എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ഈ നിയമത്തിന് ഏതെങ്കിലും പ്രത്യേക മതവുമായി യാതൊരു ബന്ധവുമില്ല. എല്ലാവർക്കും ഇത് ബാധകമാകും- ആർ.എസ്.എസിന്റെ 40 മുതിർന്ന പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ മോഹൻ ഭാഗവത് പറഞ്ഞു.
ഇന്ത്യ ഒരു വികസ്വര രാജ്യമാണെന്നും ജനസംഖ്യാ വളർച്ച അനിയന്ത്രിതമാകുന്നത് രാജ്യത്തിന്റെ വികസനത്തിന് ആരോഗ്യകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഥുര, കാശി എന്നിവിടങ്ങളിൽ ക്ഷേത്ര നിർമാണം ആർ.എസ്.എസ് അജണ്ടയിലില്ലെന്നും അയോധ്യ വിഷയത്തിൽ രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതുവരെ മാത്രമായിരിക്കും തങ്ങളുടെ പങ്കെന്നും അദ്ദേഹം വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ചുകഴിഞ്ഞാൽ ആർ.എസ്.എസ് ക്ഷേത്രനിർമ്മാണത്തിൽനിന്ന് പിന്മാറുമെന്ന് മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.