Sorry, you need to enable JavaScript to visit this website.

അഗ്വിരൊ അടങ്ങാത്ത ഗോൾദാഹം

കളിക്കളത്തിൽ ഗോളടി വീരനായ അഗ്വിരൊ കളത്തിനു പുറത്ത് ഏകാകിയാണ്. മറഡോണയുടെ മകൾ ജിയാനീനിയായിരുന്നു അഗ്വിരോയുടെ ഭാര്യ. ഇരുവരും വേർപിരിഞ്ഞു. മത്സരങ്ങൾ കഴിഞ്ഞാൽ അഗ്വിരൊ ഒറ്റക്കാണ്. വീഡിയൊ ഗെയിമുകളാണ് ആശ്വാസം...

നോർത് വെസ്റ്റ് ഇംഗ്ലണ്ടിലെ തന്റെ ആഡംബര വസതിയിൽ ടെലിവിഷൻ സെറ്റിന് മുകളിലായി ഒരു ഷെൽഫ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയാണ് ഹാട്രിക്കുകൾ വഴി കിട്ടുന്ന പന്തുകൾ സെർജിയൊ അഗ്വിരൊ സൂക്ഷിക്കുന്നത്. എല്ലാ പന്തുകളിലും മാഞ്ചസ്റ്റർ സിറ്റിയിലെ എല്ലാ സഹതാരങ്ങളും ഒപ്പ് ചാർത്തിയിട്ടുണ്ട്. അടുത്തു തന്നെ മറ്റൊരു ഷെൽഫ് പണിയേണ്ടി വരും. കാരണം സിറ്റി ജഴ്‌സിയിൽ അർജന്റീനക്കാരന് പതിനാറ് ഹാട്രിക്കുകളായി. 2011 ലെ ഓഫ്‌സീസണിൽ ഇംഗ്ലിഷ് ഫുട്‌ബോളിൽ അരങ്ങേറിയ അഗ്വിരൊ മറ്റധികം പേർക്കൊന്നും സാധിക്കാത്ത വിധം പ്രീമിയർ ലീഗിൽ തന്റെ പാദസ്പർശമേൽപിച്ചിട്ടുണ്ട്. 
പ്രീമിയർ ലീഗിന്റെ 28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഗോളിന്റെ ഉടമ അഗ്വിരോയാണ്. മത്സരം 93 മിനിറ്റും 20 സെക്കന്റും കഴിഞ്ഞപ്പോൾ നേടിയ ആ ഗോളാണ് 2012 ൽ സിറ്റിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്കു നയിച്ചത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളടിച്ച വിദേശ കളിക്കാരനാണ് ഇപ്പോൾ അഗ്വിരൊ. ആസ്റ്റൺവില്ലക്കെതിരായ 6-1 വിജയത്തിലെ ഹാട്രിക്കിലൂടെ ഫ്രഞ്ചുകാരൻ തിയറി ഓൺറിയുടെ റെക്കോർഡ് അഗ്വിരൊ മറികടന്നു. അഗ്വിരോയുടെ പേരിൽ ഇപ്പോൾ 177 പ്രീമിയർ ലീഗ് ഗോളുണ്ട്. 
മുപ്പത്തൊന്നാം വയസ്സിലെത്തി അഗ്വിരൊ. തലമുടി ബ്ലീച്ച് ചെയ്തും താടി നീട്ടി വളർത്തിയും യുവ സ്‌ട്രൈക്കറിൽ നിന്ന് ഒരുപാട് മാറി. പക്ഷെ ഇന്നും അഗ്വിരോയുടെ ഫിനിഷിംഗ് പാടവം എതിരാളികൾക്ക് പേടിസ്വപ്‌നമാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ അഗ്വിരോയുടെ സ്ഥാനം ഭദ്രമാണെന്ന് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാഡിയോള പറയുന്നു. 
സിറ്റിയിൽ ഒരു പതിറ്റാണ്ടിനോടടുക്കുകയാണ് അഗ്വിരൊ. ഒരു രാജ്യത്തെ ക്ലബ്ബിൽ വിദേശത്തെ ഒരു കളിക്കാരൻ ഇത്ര ദീർഘകാലം കളിക്കുന്നത് ആധുനിക ഫുട്‌ബോളിൽ അപൂർവമാണ്. സ്‌പെയിനിലെ അത്‌ലറ്റിക്കൊ മഡ്രീഡിൽ നിന്നാണ് അഗ്വിരൊ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. അതിന് ഒരു വർഷം മുമ്പ് ചെൽസിയിലേക്കുള്ള നീക്കത്തിനായി ചർച്ചകൾ ഏറെ പുരോഗമിച്ചിരുന്നു. അത് നടന്നിരുന്നുവെങ്കിൽ ചരിത്രം വഴി മാറിയേനേ. 
ചെൽസിയുടെ ആസ്ഥാനമായ ലണ്ടൻ വെള്ളിവെളിച്ചത്തിന്റെ ലോകമാണ്. എന്നാൽ മാഞ്ചസ്റ്ററിൽ കളിക്കളത്തിനു പുറത്തുള്ള ലോകം അത്ര ഗ്ലാമറിന്റേതല്ല. സിറ്റിയുടെ ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ നിന്ന് നടന്നുപോകാവുന്ന ദൂരത്തിലുള്ള ചെഷയറിലെ ഹെയ്ൽ പ്രദേശത്ത് ഒതുങ്ങിയ ജീവിതം ആസ്വദിക്കുകയാണ് അഗ്വിരൊ. 2018 ൽ സിറ്റി പുറത്തിറക്കിയ ഡോകുമെന്ററി 'ഓൾ ഓർ നത്തിംഗ്' അഗ്വിരോയുടെ ലളിതമായ, ഏകാന്തമായ ജീവിതത്തെക്കുറിച്ച സൂചന നൽകുന്നുണ്ട്. വീഡിയൊ ഗെയിം കളിച്ചും ആക്്ഷൻ, മാഫിയ സിനിമകൾ ആസ്വദിച്ചുമാണ് അഗ്വിരൊ ഒഴിവു സമയം തള്ളിനീക്കുന്നത്. 
ഏതാനും അടുത്ത സുഹൃത്തുക്കളേയുള്ളൂ അഗ്വിരോക്ക്. സിറ്റിയുടെ അർജന്റീനക്കാരനായ ഡിഫന്റർ നിക്കൊളാസ് ഓടാമെണ്ടി, അത്‌ലറ്റിക്കോയിൽ കൂടെയുണ്ടായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ തുടങ്ങി ഏതാനും പേർ. ഇവർക്കൊപ്പം പുറത്തുപോവുന്നതൊഴിച്ചാൽ അഗ്വിരോയുടെ ഇഷ്ട സമയം അർജന്റീനയിലെ ഒരാഴ്ച നീളുന്ന അവധിക്കാലമാണ്. ഈ സമയത്താണ് മകൻ ബെഞ്ചമിനെ കാണാൻ കിട്ടുക. അർജന്റീന ഇതിഹാസം ഡിയേഗൊ മറഡോണയുടെ പുത്രി ജിയാനിനി മറഡോണയിൽ അഗ്വിരോക്കുണ്ടായ പുത്രനാണ് ബെഞ്ചമിൻ. മാതാവിനൊപ്പം അർജന്റീനയിലാണ് ബെഞ്ചമിന്റെ താമസം. 2013 ൽ അഗ്വിരോയും ജിയാനിനിയും വേർപിരിഞ്ഞു.  
അഗ്വിരോയുടെ വസതിയിൽ ജഴ്‌സികൾക്കായി ഒരു മുറിയുണ്ട്. താൻ ഗോളടിച്ച മത്സരങ്ങളിലെ ജഴ്‌സികളെല്ലാം ഇവിടെയാണ് അഗ്വിരൊ സൂക്ഷിക്കുന്നത്. ലിവിംഗ് റൂമിലെ പന്തുകളുടെ ഷെൽഫ് പോലെ ജഴ്‌സി റൂമും വൈകാതെ വലുതാക്കേണ്ടി വരും. 177 ഗോളുമായി ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഫ്രാങ്ക് ലംപാഡുമായി നാലാം സ്ഥാനം പങ്കിടുകയാണ് അഗ്വിരൊ. ആൻഡി കോൾ, വെയ്ൻ റൂണി, അലൻ ഷിയറർ എന്നിവരാണ് മുന്നിൽ. ഷിയററുടെ പേരിൽ 260 ഗോളുണ്ട്. 
സിറ്റിക്കു വേണ്ടി അഗ്വിരൊ 16 ഹാട്രിക് സ്വന്തമാക്കിയിട്ടുണ്ട്. അതിൽ പന്ത്രണ്ടും പ്രീമിയർ ലീഗിലാണ്. പ്രീമിയർ ലീഗ് റെക്കോർഡാണ് ഇത്. ഗോളുകളിൽ ഇരുപത്താറെണ്ണം പെനാൽട്ടിയിൽ നിന്നാണ്. 156 ഗോളുകൾ പെനാൽട്ടി ഏരിയക്കുള്ളിൽ നിന്നാണ് നേടിയത്. ഇടിമിന്നൽ പോലെ ബോക്‌സിലേക്ക് കുതിക്കാനുള്ള അഗ്വിരോയുടെ കഴിവാണ് ഇത് തെളിയിക്കുന്നത്. 
പരിശീലനത്തിനായി അധികം സമയം ചെലവിടുന്ന കളിക്കാരനല്ല അഗ്വിരൊ. സിറ്റി ഓരോ ആഴ്ചയും ട്വിറ്ററിലൂടെ പുറത്തുവിടുന്ന വിഡിയോയിൽ അഗ്വിരോ എപ്പോഴും നർമം പങ്കിടുന്ന കാഴ്ചയാണ് കാണാറ്. കഴിഞ്ഞയാഴ്ചത്തെ വീഡിയോയിൽ സുഹൃത്തുക്കളുമായി അഗ്വിരൊ ഡാൻസ് ചെയ്യുകയാണ്. 
എന്നാൽ 2016 ൽ പെപ് ഗാഡിയോള എത്തിയതോടെ അഗ്വിരോക്ക് കൂടുതൽ ഗൗരവക്കാരനാവേണ്ടി വന്നു. കൂടുതൽ ഓൾറൗണ്ട് കളിക്കാരനാവണമെന്ന് ഗാഡിയോള നിർദേശിച്ചു. ഗാഡിയോള ഏറെ ഇഷ്ടപ്പെടുന്ന ബ്രസീലുകാരൻ ഗബ്രിയേൽ ജെസൂസിന്റെ വരവും കഠിനാധ്വാനം ചെയ്യാൻ അഗ്വിരോയെ പ്രേരിപ്പിച്ചു. അത് വെല്ലുവിളിയായി അഗ്വിരൊ ഏറ്റെടുത്തു. മറ്റു കളിക്കാരുമായി താളം കണ്ട് ആക്രമണത്തിന് കരുത്തുപകരുന്ന കളിക്കാരനായി മാറാൻ സാധിച്ചു. 
2017 ലും 2018 ലും അഗ്വിരോയും ഗാഡിയോളയും തമ്മിലുള്ള ബന്ധം ഏതാണ്ട് വഷളായിരുന്നു. അപ്പോഴും സിറ്റിയുടെ ഗോൾവേട്ടക്കാരൻ അഗ്വിരൊ തന്നെയായിരുന്നു. ഓരോ 106 മിനിറ്റിലും ആ ബൂട്ട് ലക്ഷ്യം കണ്ടു. പ്രീമിയർ ലീഗ് ചരിത്രത്തിലെ മികച്ച ശരാശരിയാണ് ഇത്. എതിരാളികൾ ആരെന്നതത് അഗ്വിരോക്ക് പ്രശ്‌നമല്ല. ചെൽസിക്കും ആഴ്‌സനലിനുമെതിരെയായിരുന്നു കഴിഞ്ഞ സീസണിലെ ഹാട്രിക്കുകളിൽ ചിലത്. അതും ഒരാഴ്ചക്കിടയിൽ. ഗാഡിയോള നേരത്തെ പരിശീലിപ്പിച്ച ബയേൺ മ്യൂണിക്കിനെതിരെ 2014 ൽ ഹാട്രിക് സ്വന്തമാക്കി. 
പകരക്കാരനായി വന്ന് ഇരട്ട ഗോളടിച്ചാണ് സിറ്റിയിൽ അഗ്വിരൊ അരങ്ങേറിയത്. സിറ്റിയിൽ കരാർ പൂർത്തിയാക്കാൻ അഗ്വിരോക്ക് ഒരു വർഷം കൂടിയുണ്ട്. അതു കഴിഞ്ഞാൽ അർജന്റീനയിൽ തിരിച്ചെത്തി കരിയർ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. അപ്പോഴേക്കും മിക്കവാറും പ്രീമിയർ ലീഗിലെ ഐതിഹാസിക താരങ്ങളിലൊരാളായി ഈ അർജന്റീനക്കാരൻ മാറിയിട്ടുണ്ടാവും. സിറ്റിയെ മറ്റൊരു തലത്തിലേക്കുയർത്തിയ കളിക്കാരനായാണ് അഗ്വിരൊ അറിയപ്പെടുകയെന്ന് മുൻ നായകൻ വിൻസന്റ് കോമ്പനി കരുതുന്നു.
 

Latest News