Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം ലഭിക്കാന്‍ മതപീഡനം നേരിട്ടുവെന്ന് തെളിയിക്കേണ്ടതില്ലെന്ന് ബിജെപി രാഷ്ട്രീയ തന്ത്രജ്ഞന്‍

ഗുവാഹതി- പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നവർ തങ്ങള്‍ മതപരമായ പീഡനം നേരിട്ടിരുന്നുവെന്ന് തെളിയിക്കേണ്ടതില്ലെന്ന് അസം മന്ത്രിയും ബിജെപിയുടെ മുഖ്യ തന്ത്രജ്ഞനുമായ ഹിമന്ത ബിശ്വ ശർമ്മ.

"മതപരമായ പീഡനം നടന്നു എന്നതിന് തെളിവ് ഉണ്ടാവണമെന്നില്ല. പക്ഷേ, 2014 ന് മുമ്പാണ് വന്നതെന്ന് അവർക്ക് തെളിയിക്കേണ്ടതുണ്ട്. മതപരമായ പീഡനത്തിന് എങ്ങനെ തെളിവ് ലഭിക്കും? ബംഗ്ലാദേശിലെ ഏതെങ്കിലും പോലീസ് സ്റ്റേഷൻ അവർക്ക് മതപരമായ പീഡനത്തെ നേരിട്ടതായി ഒരു രേഖ നൽകുമോ?" അദ്ദേഹം പറഞ്ഞു.
അതേസമയം, അവർ വരുന്ന സ്ഥലത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഇന്ത്യൻ സർക്കാരിന് ചില ആഭ്യന്തര നടപടിക്രമങ്ങള്‍ ഉണ്ടെന്ന് ശർമ്മ കൂട്ടിച്ചേർത്തു.

വിവാദമായ പൗരത്വ ഭേദഗതി നിയമപ്രകാരം 2014 ഡിസംബർ 31 ന് മുമ്പ് പാകിസ്ഥാൻ, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്ത അഭയാർഥികൾക്ക് മാത്രമേ രാജ്യത്ത് പൗരത്വം ലഭിക്കുകയുള്ളൂ. മതത്തെ ആദ്യമായി ഇന്ത്യൻ പൗരത്വത്തിന്റെ ഘടകമാക്കി മാറ്റുന്ന നിയമം ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മുസ്‌ലിംകളെ വേട്ടയാടാന്‍ ഈ നിയമം കാരണമാകുമെന്നും വ്യാപക ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭമാണ് പൗരത്വനിയമത്തിന് എതിരെ അരങ്ങേറുന്നത്.കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ നിയമം അവിടെ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയിലും നിയമം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

Latest News