Sorry, you need to enable JavaScript to visit this website.

മാതാപിതാക്കളെ യു.എ.ഇയില്‍ കൊണ്ടുവരാന്‍ നിര്‍ധന പ്രവാസികള്‍ക്ക് അവസരം

അബുദാബി- നാടും പ്രവാസനാടും തമ്മിലുള്ള അകലം ഏറെ കുറഞ്ഞെങ്കിലും പ്രിയപ്പെട്ടവരെ ഒപ്പം കൂട്ടി ജോലി ചെയ്യുന്ന നാട്ടില്‍ അല്‍പകാലമെങ്കിലും താമസിക്കുകയെന്ന മോഹം നിറവേറ്റാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ നിര്‍ധന പ്രവാസികളെ സംബന്ധിച്ച് ഇക്കാര്യം ആലോചിക്കാന്‍പോലും ഇന്നുമാകില്ല. ഇത്തരക്കാര്‍ക്ക് ആശ്വാസമേകുന്ന മാതൃകാപരമായ ഒരു പരിപാടിയുമായി രംഗത്തുവന്നിരിക്കുന്നത് അബുദാബി മലയാളി സമാജമാണ്.
സ്‌നേഹസ്പര്‍ശം എന്ന് പേരിട്ട പദ്ധതിയിലൂടെ 10 പേരുടെ മാതാപിതാക്കള്‍ക്ക് (മൊത്തം 20 പേര്‍) ഒരാഴ്ച മക്കളോടൊപ്പം തങ്ങി രാജ്യം കാണാനുള്ള സൗകര്യമാണ് മലയാളി സമാജം ഒരുക്കുന്നത്. ഇതുവരെ യു.എ.ഇയിലേക്കു മാതാപിതാക്കളെ കൊണ്ടുവരാനാകാത്ത കുറഞ്ഞ വരുമാനക്കാരായ പ്രവാസി മലയാളികള്‍ക്ക് അപേക്ഷിക്കാം. വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യു.എ.ഇ ടൂര്‍, ചികിത്സ എന്നിവക്കുള്ള ചെലവ് മലയാളി സമാജം വഹിക്കുമെന്ന് പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.
യു.എ.ഇയിലെ ഏഴ് എമിറേറ്റില്‍നിന്നുള്ള പ്രവാസികളില്‍നിന്നും അപേക്ഷ സ്വീകരിക്കും. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സമാജം സഹിഷ്ണുതാ സെക്രട്ടറി അബ്ദുല്‍ അസീസ് മൊയ്തീനും വെല്‍ഫെയര്‍ സെക്രട്ടറി നസീര്‍ പെരുമ്പാവൂരും പറഞ്ഞു. ഒരാഴ്ച യു.എ.ഇയില്‍ തങ്ങുന്നതിനുള്ള ചെലവാണ് സമാജം വഹിക്കുക.
മാതാപിതാക്കളെ അതില്‍ കൂടുതല്‍ സമയം സ്വന്തം ചെലവില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക അനുമതി നല്‍കുന്ന കാര്യവും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ മാതാപിതാക്കളുടെ പേരും മേല്‍വിലാസത്തിനൊപ്പം യു.എ.ഇ വിസയുള്ള സ്വന്തം പാസ്‌പോര്‍ട്ട് കോപ്പി, എമിറേറ്റ്‌സ് ഐഡി, സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മലയാളി സമാജത്തില്‍ എത്തിക്കണം. 02–5537600, 055 6179238 എന്നീ നമ്പരുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

 

Latest News