Sorry, you need to enable JavaScript to visit this website.

മുസ്‌ലിംകളുടെ 'സംരക്ഷകർ'

മുസ്‌ലിം പൊതുസമൂഹത്തിൽ ഒരു സ്വാധീനവുമില്ലാത്തവരാണ് ഇക്കൂട്ടരെങ്കിലും സ്വയം സമുദായ രക്ഷക വേഷം കെട്ടി ഇറങ്ങുന്ന ഇവരുടെ പ്രവൃത്തി മതേതര വാദികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. അതാണ് മോഡിക്കും അമിത് ഷാക്കും വേണ്ടതും. ഈ 'സമുദായ സംരക്ഷകർ' മോഡി - ഷാ കൂട്ടുകെട്ടിന്റെ ചാരന്മാരാണോ എന്ന സംശയമുണ്ടാകുന്നതും അതുകൊണ്ടാണ്.

ഇന്ത്യയിൽ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി വേഷം കെട്ടിയിറങ്ങിയിട്ടുള്ള ചിലരെങ്കിലും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഏജൻസിപ്പണി ഏറ്റെടുത്തിട്ടുള്ളവരാണോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. അതിതീവ്രമായ അവരുടെ നിലപാടുകൾ കാണമ്പോഴും, വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറയുന്നത് കേൾക്കുമ്പോഴും ഈ സംശയം ബലപ്പെടുന്നു. മുസ്‌ലിംകളുടെ ലേബലിലാണ് പലപ്പോഴും ഇത്തരം ആക്രോശങ്ങൾ. മതകാര്യങ്ങളിൽ മിതവാദികളും മതേതര ചിന്താഗതിക്കാരുമായ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന വിവിധ മതവിഭാഗക്കാരിൽ ഇത്തരം ആക്രോശങ്ങൾ സ്വാഭാവികമായും ആശങ്കയും അസ്വസ്ഥതയും സൃഷ്ടിക്കും. എന്തിന്, മുസ്‌ലിംകളിലെ ബഹുഭൂരിപക്ഷം വരുന്ന സമാധാന ചിന്താഗതിക്കാർക്കും ഇത് അരോചകമായിട്ടുണ്ട്. പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?
പൗരത്വ  നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ദൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാലയിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ ശശി തരൂർ എം.പിക്ക് ചിലർ ഗോ ബാക്ക് വിളിച്ചത് കണ്ടപ്പോഴാണ് ഇത് പറയണമെന്ന് തോന്നിയത്. തരൂർ ഇസ്‌ലാം വിരുദ്ധനാണെന്ന് മുദ്ര കുത്തിയായിരുന്നത്രേ അവരുടെ പ്രതിഷേധം. തരൂർ വന്ന കാറിന് കരിങ്കൊടി കാട്ടുകയും ചെയ്തു അവർ. പ്രതിഷേധക്കാർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. എങ്കിലും അവർ ചെയ്ത പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കുന്നതായി. പാൽപായസത്തിൽ മാലിന്യം വീണതു പോലെ. അങ്ങേയറ്റം മാനുഷിക വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഒരു നിയമത്തിനെതിരെ രാജ്യത്തെങ്ങുമുള്ള സർവകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധങ്ങളിൽ വീണ കറുത്ത പാട്. പൗരത്വ ഭേദഗതി നിയമം ഞങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന ഭയം മുസ്‌ലിംകളിൽ സൃഷ്ടിക്കണമെന്ന് ആർക്കൊക്കെയോ അത്യാവശ്യവമുള്ളതു പോലെ. അതിനാണവർ ഹിന്ദുമത വിശ്വാസിയായിരിക്കേ തന്നെ കറകളഞ്ഞ മതേതര വാദിയെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചിട്ടുള്ള ശശി തരൂരിനെ ഇസ്‌ലാം വിരുദ്ധനാക്കുന്നത്.
പക്ഷേ ഇത്തരം ആക്രോശങ്ങളും വെല്ലുവിളികളും ഗൂഢമായി സന്തോഷിപ്പിക്കുന്ന ഒരു കൂട്ടരുണ്ട്. അത് ഇന്ന് രാജ്യത്ത് ഭരണം നയിക്കുന്ന ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിനാണ്. തങ്ങളുടെ ജോലി കൂടുതൽ എളുപ്പമാവുമ്പോൾ അവർ സന്തോഷിക്കാതിരിക്കുന്നതെങ്ങനെ? പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് വരുത്തിത്തീർക്കേണ്ടത് പ്രധാനമായും അവരുടെ ആവശ്യമാണ്. അങ്ങനെയാവുമ്പോൾ, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ഇക്കാര്യത്തിൽ നിസ്സംഗത പാലിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. അതോടെ പ്രതിഷേധങ്ങൾ മുസ്‌ലിംകളുടേത് മാത്രമായി ചുരുങ്ങും. അത് കൈകാര്യം ചെയ്യുക പ്രധാനന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും എളുപ്പമാണ്. ജാമിഅയിലെ പ്രതിഷേധത്തിന്റെ തുടക്ക സമയത്ത് പ്രതിഷേധക്കാരുടെ വസ്ത്രം നോക്കാൻ മോഡി ആവശ്യപ്പെട്ടതിന്റെ ലക്ഷ്യം മറ്റൊന്നുമല്ല. ഉത്തർ പ്രദേശിൽ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ പോലീസിനെ കയറൂരിവിട്ട് അടിച്ചമർത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒട്ടും ദയ കാണിച്ചില്ലെന്ന് മാത്രമല്ല, തന്റെ പ്രവൃത്തിയിൽ ഊറ്റം കൊള്ളുകയും ചെയ്തു. പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തവരുടെ വസ്തുവകകൾ കണ്ടുകെട്ടി, പൊതുമുതൽ നശീകരണത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നത് അഭിമാനകരമായ നേട്ടമായാണ് യോഗി ഉയർത്തിക്കാട്ടുന്നത്. ഇനിയാരെങ്കിലും ബി.ജെ.പി സർക്കാറിനെതിരെ തിരിഞ്ഞാൽ അവരെ രാജ്യദ്രോഹി മുദ്ര കുത്തി തുറുങ്കിലടക്കുക മാത്രമല്ല, സ്വത്തുവകകൾ കണ്ടുകെട്ടി ഭാര്യയെയും മക്കളെയും തെരുവിലിറക്കിവിടുകയും ചെയ്യുമെന്ന താക്കീത്. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത കാര്യം.
രാജ്യത്തിന്റെ വികസനത്തിനോ പുരോഗതിക്കോ, കാര്യമായ സംഭാവനകളൊന്നും നൽകാതെ, നോട്ട് നിരോധനം പോലുള്ള തിരുമണ്ടൻ തീരുമാനങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ തച്ചുതകർക്കുകയും തൊഴിലില്ലായ്മ പെരുപ്പിക്കുകയും ചെയ്ത മോഡി സർക്കാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് മുസ്‌ലിം വിരുദ്ധ അജണ്ട വളരെ ആസൂത്രിതമായും ഫലപ്രദമായും ഹിന്ദുഭൂരിപക്ഷ മനസ്സിലേക്ക് കടത്തിവിട്ടുകൊണ്ടാണ്. മെല്ലെമെല്ലെ രാജ്യത്തെ മുഴുവൻ മതേതര ചിന്താഗതിക്കാരെയും മസ്തിഷ്‌ക പ്രക്ഷാളനം നടത്തി തങ്ങളുടെ പിന്നിൽ അണിനിരത്തുകയാണ് അവരുടെ ലക്ഷ്യം. ഹിന്ദു മനസ്സിൽ മുസ്‌ലിംകളോടുള്ള ഭയവും ആശങ്കയും വർധിച്ചുവരണം. അതിനു പറ്റിയ വിഷയങ്ങൾ ഒന്നിനു പിറകെ ഒന്നായി അവർ അവതരിപ്പിച്ചുകൊണ്ടേയിരിക്കും. പാക്കിസ്ഥാൻ, കശ്മീർ, ഭീകരാക്രമണങ്ങൾ, ലൗ ജിഹാദ്... അങ്ങനെയങ്ങനെ. അതിന്റെ ഏറ്റവുമൊടുവിലത്തെ അവതരണമാണ് പൗരത്വ ഭേദഗതി നിയമവും അതിനെതിരായ പ്രതിഷേധങ്ങളും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വൈരത്തിന്റെ അടിസ്ഥാനം കശ്മീരാണെന്ന് ചരിത്ര ബോധമുള്ളവർക്കെല്ലാമറിയാം. കശ്മീരിന്റെ പേരിലും അല്ലാതെയും സ്വാതന്ത്ര്യാനന്തരം ഇരുരാജ്യങ്ങളും തമ്മിൽ നാല് യുദ്ധങ്ങൾ നടന്നിട്ടുണ്ട്. നാലിലും ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ മുട്ടു കുത്തിച്ചിട്ടുമുണ്ട്. അന്നും ഇന്ത്യയിൽ ദേശസ്‌നേഹം വാനോളമുയർന്നിരുന്നെങ്കിലും, അതൊരിക്കലും മുസ്‌ലിം വിദ്വേഷമായി മാറിയിരുന്നില്ല. 'യഹ്യാ ഖാനേ, ഭൂട്ടാനേ... പാറ്റൺ ടാങ്കും സാബർ ജെറ്റും ഇന്ത്യൻ സേനക്ക് പുല്ലാണേ...' എന്ന് 1971 ലെ യുദ്ധകാലത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ എന്റെ ഗ്രാമത്തിലെ സ്‌കൂൾ കുട്ടികൾ മുദ്രാവാക്യം മുഴക്കി ജാഥ പോയിട്ടുണ്ട്. (പാക് മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭുട്ടോയാണ് മുദ്രാവാക്യത്തിലെ ഭൂട്ടാൻ). അതായിരുന്നു അന്ന് രാജ്യത്ത് മുഴുവൻ നിലനിന്ന വികാരം.
ഇനി ഭീകരവാദത്തിലേക്ക് വരാം. ഇന്ത്യയുടെ രണ്ട് പ്രധാനമന്ത്രിമാർ ഭീകരാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധം ഭീകരാക്രമണമാണെന്ന അഭിപ്രായമാണ് പ്രശസ്ത നടനും തമിഴ് രാഷ്ട്രീയ നേതാവുമായ കമലഹാസനെ പോലുള്ളവർക്ക്. പക്ഷേ ഈ സംഭവങ്ങളൊന്നും ഏതെങ്കിലുമൊരു മതവിഭാഗത്തിന് മേൽ ഭീകരതയുടെ പാപഭാരം കെട്ടിവെക്കാൻ കാരണമായിട്ടില്ല. എന്നാൽ മുസ്‌ലിംകളുടെ കാര്യത്തിൽ അതല്ല സ്ഥിതി. അൽഖാഇദയും ദായിശും തൊട്ട് പല പേരുകളിൽ അറിയപ്പെടുന്ന ചെറുതും വലുതുമായ സംഘടനകളുടെ പ്രവൃത്തികൾ ഇസ്‌ലാമിന് ദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്ന് തിരിച്ചറിവുള്ളവരാണ് മുസ്‌ലിംകളിൽ 99 ശതമാനത്തിലേറെയും. അത്തരക്കാരുടെ ചെയ്തികളിൽനിന്ന് മഹാഭൂരിപക്ഷം മുസ്‌ലിംകളും വിട്ടുനിൽക്കുകയും അക്കൂട്ടരെ തള്ളിപ്പറയുകയും ചെയ്യുന്നു. എന്നിട്ടും അവരിൽനിന്ന് പാപക്കറ മായുന്നില്ല. അതിന് ഒരു കൂട്ടർ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. അവർക്കു വേണ്ടത് മുസ്‌ലിംകൾ ശത്രുക്കൾ എന്ന ബോധം ഹിന്ദു മനസ്സുകളിൽ ഊട്ടിയുറപ്പിക്കുകയാണ്. 
ഈ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി നിയമവും അതിനെതിരായ പ്രതിഷേധങ്ങളും വീണ്ടും ചിന്താവിഷയമാവുന്നത്. മൂന്ന് അയൽ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകളൊഴികെ മറ്റു ആറ് മതവിഭാഗങ്ങളിൽപെട്ട അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാമെന്നതാണ് ഭേദഗതിയുടെ കാതൽ. ഒറ്റ നോട്ടത്തിൽ ഇത് മുസ്‌ലിംകൾക്കെതിരായ വിവേചനമെന്ന് തോന്നാമെങ്കിലും വാസ്തവത്തിൽ അതല്ല, സ്വതന്ത്ര ഇന്ത്യ ഇക്കാലമത്രയും തുടർന്നുവന്ന ഉന്നത മൂല്യങ്ങളുടെയും ഭരണഘടനാ തത്വങ്ങളുടെയും, പൗരത്വ വിഷയത്തിൽ രാജ്യം ഒപ്പിട്ടിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനമാണെന്നതാണ് വസ്തുത. ഇക്കാര്യം പാർലമെന്റിനുള്ളിലും പുറത്തും പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന നേതാവാണ് ശശി തരൂർ. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിൽ അമിത് ഷായുടെയും ബി.ജെ.പിയുടെയും വാദങ്ങളെ കാര്യകാരണ സഹിതം ഖണ്ഡിക്കുകയാണ് തരൂർ. പൗരത്വ ഭേദഗതി നിയമം ഭാരത സംസ്‌കാരത്തിനു തന്നെ കടകവിരുദ്ധമാണെന്നും അദ്ദേഹം സമർഥിച്ചു. രാജ്യത്തെ മതേതര വാദികൾക്ക് ഇക്കാര്യത്തിൽ വ്യക്തമായൊരു നിലപാട് സ്വീകരിക്കാൻ തരൂരിന്റെ ഇടപെടൽ ഏറെ സഹായകമായിട്ടുമുണ്ട്. ബി.ജെ.പി നേതൃത്വത്തിന് ഒട്ടും ദഹിക്കുന്ന കാര്യമല്ല അത്. അപ്പോഴാണ് 'രോഗി ഇഛിച്ചതും, വൈദ്യൻ കൽപിച്ചതും പാൽ' എന്ന പഴഞ്ചൊല്ല് പോലെ തരൂരിനെ ഇസ്‌ലാം വിരുദ്ധനാക്കിക്കൊണ്ട് മുസ്‌ലിംകളുടെ പേരിൽ തന്നെ ചിലർ രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്‌ലിം പൊതുസമൂഹത്തിൽ ഒരു സ്വാധീനവുമില്ലാത്തവരാണ് ഇക്കൂട്ടരെങ്കിലും സ്വയം സമുദായ രക്ഷക വേഷം കെട്ടി ഇറങ്ങുന്ന ഇവരുടെ പ്രവൃത്തി മതേതര വാദികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. അതാണ് മോഡിക്കും അമിത് ഷാക്കും വേണ്ടതും. ഈ 'സമുദായ സംരക്ഷകർ' മോഡി - ഷാ കൂട്ടുകെട്ടിന്റെ ചാരന്മാരാണോ എന്ന സംശയമുണ്ടാകുന്നതും അതുകൊണ്ടാണ്.

Latest News