മുംബൈ- കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയെ തുടര്‍ന്ന് മുംബൈയില്‍ 15 വയസുകാരി മരിച്ചു. ബാത്ത്റൂമിലെ ഗീസറിൽനിന്ന് അമിതമായി കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുവന്നതുമൂലം ബാത്ത്റൂമിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.
ജനുവരി 5 ന് രാവിലെ ബോറിവാലി വെസ്റ്റ് ഫ്ലാറ്റിൽ കുളിക്കുന്നതിനിടെ അബോധാവസ്ഥയില്‍ കണ്ട കുട്ടിയെ ഗോറായിലെ മംഗൽമൂർത്തി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി.
"ബാത്ത്റൂം ഗീസറിൽ നിന്ന് പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചത് കാരണം കുട്ടി അബോധാവസ്ഥയിലായി. ഓക്സിജൻ ലഭിക്കാതിരുന്നത് അവളുടെ തലച്ചോറിനെ ബാധിക്കുകയും ഹൃദയാഘാതമുണ്ടാക്കുകയും ചെയ്തു. അബോധാവസ്ഥയില്‍ കുട്ടിയുടെ ദേഹത്ത് ഏറെനേരം ഗീസറില്‍നിന്നുള്ള ചൂടുവെള്ളം വീണതിനാല്‍ ശരീരത്തിന്റെ വലതുഭാഗം പൊള്ളലേറ്റിരുന്നു" കുട്ടിയെ ചികിത്സിച്ച ഡോ. വിവേക് ചൗരസ്യ പറഞ്ഞു






