ശ്രീനഗര്‍- ജമ്മുകശ്മീരിന്റെ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടം മാറ്റുന്നു. അദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തുള്ള മറ്റൊരു സര്‍ക്കാര്‍ വക കെട്ടിടത്തിലേക്കാണ് മാറ്റിപാര്‍പ്പിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതിന് ശേഷം കരുതല്തടങ്കലിലാക്കിയ അദേഹം 163 ദിവസമായി വീട്ടുതടങ്കലിലാണ് തുടരുന്നത്.ഒമര്‍ ഹരി നിവാസിലാണ് അദേഹത്തെ തടവിലാക്കിയത്. ഇവിടെ നിന്നാണ് മാറ്റുന്നത്. എന്നാല്‍ വീട്ടുത്തടങ്കല് തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഒമര്‍ അബ്ദുല്ലയുടെ തടങ്കല്‍പാളയം മാറ്റുന്നതെന്നാണ് വിവരം. വരുംദിവസങ്ങളില്‍ കേന്ദ്രതലമന്ത്രിസംഘം കാശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ നീക്കം ആഭ്യന്തര കാര്യമാണെന്ന ഇന്ത്യയുടെ നിലപാടിനെ അംഗീകരിച്ച അമേരിക്ക അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ പരാഷ്ട്രീയ നേതാക്കളെ തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ചും ഇന്റര്‍നെറ്റ് റദ്ദാക്കിയതിനെ കുറിച്ചും ആശങ്ക രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയും ഇത് സംബന്ധിച്ച് യുഎസ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈപശ്ചാത്തലത്തിലാണ് ഇപ്പോഴുള്ള നീക്കങ്ങളെ നോക്കികാണാന്‍. പുതിയ സാഹചര്യത്തില്‍ മെഹ്ബൂബ മുഫ്തി അടക്കമുള്ള വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കളുമായി മധ്യസ്ഥതക്ക് ശ്രമിച്ചേക്കുമെന്നാണ് സൂചന. ഇവരെ ഉടന്‍ മോചിപ്പിച്ചേക്കാനുള്ള സാധ്യതകളും തെളിഞ്ഞുവരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.






