മസ്‌കത്ത്- യു.എ.ഇക്ക് പിന്നാലെ ഒമാനും പെരുമഴയുടെ പിടിയിലായി. സമീപ കാലത്തെ ഏറ്റവും വലിയ മഴയാണ് രാജ്യത്ത് ലഭിച്ചത്. മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
മഴയെ തുടര്‍ന്ന് മസ്‌കത്തിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ചില സ്‌കൂളുകള്‍ ക്ലാസ് ആരംഭിച്ചെങ്കിലും മഴ ശക്തമായതോടെ വിദ്യാര്‍ഥികളെ തിരിച്ചയക്കുകയായിരുന്നു. കുട്ടികളെ തിരികെ കൊണ്ടുപോകുന്നതിന് രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ച ശേഷം ക്ലാസുകള്‍ അവസാനിപ്പിക്കുകയായിരുന്നു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി രാജ്യത്ത് സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു.
പുലര്‍ച്ചെ ആറ് മുതല്‍ തന്നെ തലസ്ഥാനത്തുള്‍പ്പടെ ശക്തമായ മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകി. അന്തരീക്ഷം മേഘാവൃതമായി. പൊതുനിരത്തുകളിലെല്ലാം വെള്ളം നിറഞ്ഞതോടെ സുരക്ഷാ നിര്‍ദേശങ്ങളുമായി അധികൃതര്‍ രംഗത്തെത്തി. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് റാസ് അല്‍ ഹദ്ദ്, മസ്‌കത്ത്, സീബ് എന്നിവിടങ്ങളിലാണ്. മസ്‌കത്ത് നഗരത്തില്‍ 42.8 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 31.2 മില്ലിമീറ്ററായിരുന്നു സീബിലും പരിസരങ്ങളിലും മഴയുടെ അളവ്.






